കോഴിക്കോട്: ആകാശം അതിരുകളില്ലാത്തതാണ്. കാറ്റിനോ കടലിനോ അതിരുകളില്ലാത്തതു പോലെ നമ്മളെല്ലാവരും ഒന്നാണ്- ബഹിരാകാശ രംഗത്ത് ചരിത്രം രചിച്ച ഇന്ത്യൻ വംശജയും ബഹിരാകാശ സഞ്ചാരിയുമായ സുനിത വില്യംസിന്റേതാണ് വാക്കുകൾ.
അലയടിക്കുന്ന കടലിനെ ചൂണ്ടിക്കൊണ്ട്, കോഴിക്കോട് കടപ്പുറത്തെത്തിയ ജനക്കൂട്ടത്തോട് പറഞ്ഞ വാക്കുകൾക്ക് നിറഞ്ഞ കരഘോഷം.
യു.എസ് ബഹിരാകാശ ഏജൻസിയായ നാസയിൽ നിന്ന് കഴിഞ്ഞ ദിവസം വിരമിച്ച ഇന്ത്യൻ വംശജയായ അവർ ഏറ്റവുമൊടുവിലത്തെ ബഹിരാകാശ വാസത്തിന് ശേഷം ആദ്യമായി ഇന്ത്യയിലെത്തുകയാണ്. 286 ദിവസം നീണ്ടതായിരുന്നു അവരുടെ ഏറ്റവുമൊടുവിലത്തെ ബഹിരാകാശ യാത്ര. കേരള ലിറ്ററേച്ചർ ഫെസ്റ്റിന്റെ ഉദ്ഘാടനത്തിൽ പങ്കെടുക്കാനാണ് കോഴിക്കോട്ടെത്തിയത്. മന്ത്രി മുഹമ്മദ് റിയാസുമൊത്ത് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. തുടർന്ന് നടന്ന പ്രസംഗത്തിലും സംവാദത്തിലുമാണ് തനിക്ക് എക്കാലവും പ്രിയപ്പെട്ട ബഹിരാകാശത്തെ പറ്റി സംസാരിച്ചത്.
' ബഹിരാകാശ രംഗത്ത് 27വർഷത്തെ തന്റെ അനുഭവപരിചയം അവിശ്വസനീയമാണ്. ബഹിരാകാശ യാത്രകളിൽ ആദ്യമുണ്ടായ ഭയവും ആശങ്കയും പിന്നീട് മാറി. മനസുവച്ചാൽ ലക്ഷ്യം നേടാം. ബഹിരാകാശ ദൗത്യത്തിലെ എൻജിനിയറിംഗ് ഉൾപ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച് യുവതലമുറയ്ക്ക് അറിവ് പകരാനാകുന്നതിൽ സന്തോഷമുണ്ട്-' അവർ പറഞ്ഞു.
ഇന്നലെ വെെകിട്ട് ആറു മണിയോടെ കോഴിക്കോട് ബീച്ചിലെ വേദിയിലെത്തിയതു മുതൽ അവിടെ തടിച്ചുകൂടിയ ജനങ്ങളുടെ ശ്രദ്ധാകേന്ദ്രമായിരുന്നു സുനിത വില്യംസ്. അവരെ നേരിൽ കാണാനാണ് ഭൂരിഭാഗമാളുകളുമെത്തിയത്. സദസിനെ അഭിവാദ്യം ചെയ്തപ്പോഴും കരഘോഷമുയർന്നു. മുൻപരിചയമുള്ളവരെ കാണുമ്പോലെയാണ് ചിരിച്ചും പ്രസരിപ്പോടെയും വേദിയിലുള്ളവരോട് അവർ സംസാരിച്ചു. മന്ത്രി മുഹമ്മദ് റിയാസിനോടും പലതും ചോദിച്ചറിയുകയും ഫോട്ടോകളെടുക്കുകയും ചെയ്തു. നടി ഭാവന, മുൻ എം.എൽ.എ എ.പ്രദീപ്കുമാർ, ദിവ്യ എസ്. അയ്യർ തുടങ്ങി തൊട്ടടുത്തിരുന്നവരോടും കുശലം പറഞ്ഞു. നടൻ പ്രകാശ് രാജ് ഉൾപ്പെടെയുള്ളവർ സുനിതയുടെ നേട്ടത്തെക്കുറിച്ച് പറഞ്ഞു. സുനിത വില്യംസ് ബഹിരാകാശത്ത് കുടുങ്ങിപ്പോയപ്പോൾ തങ്ങളെല്ലാവരും ഭൂമിയിൽ തിരിച്ചെത്താൻ പ്രാർത്ഥിച്ചു. എന്നാൽ കോഴിക്കോട് ലാൻഡ് ചെയ്യുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞപ്പോൾ സുനിത ഹൃദയം നിറഞ്ഞ് ചിരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |