ആലപ്പുഴ: നിരന്തരം ബോധവത്ക്കരണം തുടരുമ്പോഴും വിദ്യാസമ്പന്നർ പോലും സൈബർ തട്ടിപ്പുകാരുടെ വലയിൽ കുരുങ്ങുന്നതിൽ കുറവില്ല. നിരന്തരം തട്ടിപ്പ് സംബന്ധിച്ച വാർത്തകൾ പുറത്തുവന്നിട്ടും ഇവയൊന്നും അറിയാതെ അധികലാഭം പ്രതീക്ഷിച്ച് തട്ടിപ്പ് വലയിൽ കുടുങ്ങുന്നവരാണ് ഏറെയും. അറിവും വിദ്യാഭ്യാസവും ഉള്ളവർ കെണികളിൽ ചെന്നുപെടുന്നതാണ് അതിശയമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.
പ്രമുഖ ജുവലറിയുടെ ടാക്സേഷൻ മാനേജർ അമിതാദായം പ്രതീക്ഷിച്ച് അജ്ഞാതന് അടുത്തിടെ അയച്ചുകൊടുത്ത് 97 ലക്ഷം രൂപയാണ്!. തുടക്കത്തിൽ ചെറിയ തുക വാങ്ങി വൻ ലാഭം നൽകുന്നതോടെയാണ് തട്ടിപ്പിന് കളമൊരുങ്ങുന്നത്. തുടർന്ന് അമിത ലാഭം മോഹിച്ച് വൻതുക നൽകും. ഓഹരി നിക്ഷേപത്തിന്റെ പേരിൽ ലിങ്കുകൾ അയച്ചു കൊടുത്ത് ലക്ഷങ്ങളും കോടികളുമാണ് ഇത്തരത്തിൽ സംഘങ്ങൾ തട്ടിയെടുക്കുന്നത്. ഓഹരിയിൽ നിക്ഷേപിച്ചാൽ ഇരട്ടിയിലധികം ലാഭം നേടാമെന്ന് വിശ്വസിപ്പിച്ചാണ് വമ്പൻ തട്ടിപ്പുകൾ നടക്കുന്നത്. തട്ടിയെടുക്കുന്ന പണം രാജ്യത്തിന് പുറത്തേക്ക് ക്രിപ്റ്റോ കറൻസിയായി ഒഴുക്കുകയാണ് പതിവ്. ഒന്നര വർഷത്തിനിടെ ഓൺലൈൻ തട്ടിപ്പിലൂടെ നഷ്ടപ്പെട്ടതിൽ 97 ലക്ഷം രൂപ സൈബർ ക്രൈം പൊലീസ് വീണ്ടെടുത്തു. വെച്വൽ അറസ്റ്റ് പറഞ്ഞുള്ള തട്ടിപ്പും വ്യാപകമാണ്. പൊലീസോ, സി.ബി.ഐയോ ഫോണിലൂടെ ബന്ധപ്പെട്ട് അറസ്റ്ര് ചെയ്യാറില്ലെന്ന് പലതവണ ബോധവത്കരിച്ചിട്ടും ഇത്തരം തട്ടിപ്പിൽപ്പെടുന്നവർ കുറവല്ല.
കഴിഞ്ഞ വർഷം നഷ്ടമായത് 40 കോടി
കഴിഞ്ഞ വർഷം മാത്രം ജില്ലയിൽ വിവിധയാളുകൾക്ക് സൈബർ തട്ടിപ്പിൽ നഷ്ടപ്പെട്ടത് 40 കോടിയിലേറെ രൂപയാണ്
മുമ്പ് ഡോക്ടർ ദമ്പതികൾക്ക് നഷ്ടപ്പെട്ട ഏഴ് കോടി രൂപയുടെ റെക്കാഡ് മറികടന്ന് പ്രവാസിയായ ആലപ്പുഴക്കാരൻ നഷ്ടപ്പെടുത്തിയത് ഏട്ട് കോടിയിലേറെ രൂപയാണ്
ആലപ്പുഴ ജില്ലയിൽ റിപ്പോർട്ട് ചെയ്ത ഏറ്റവും വലിയ സൈബർ തട്ടിപ്പാണിത്.
2025ൽ ആലപ്പുഴ സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസുകൾ: 43
ഗോൾഡൻ അവേഴ്സ്
ഓൺലൈൻ സാമ്പത്തിക തട്ടിപ്പിന് ഇരയായാൽ എത്രയും വേഗം പരാതി നൽകണം
'1930' എന്ന നമ്പറിൽ വിളിച്ച് പരാതി രജിസ്റ്റർചെയ്യണം
cybercrime.gov.in എന്ന വെബ് സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യാം
വിദ്യാസമ്പന്നർ സൈബർ കെണികളിൽ അകപ്പെടുന്നതാണ് അതിശയം. പത്രവായനയോ വാർത്തകൾ കാണുകയോ ചെയ്തിരുന്നെങ്കിൽ ഇത്തരം തട്ടിപ്പുകളെക്കുറിച്ച് സാമാന്യ ബോധമെങ്കിലും ഉണ്ടാകും. നിരന്തരം ബോധവത്ക്കരണം നൽകിയിട്ടും കെണിയിൽ വീഴുകയാണ് പലരും
- പൊലീസ് ഉദ്യോഗസ്ഥർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |