
നെടുമങ്ങാട്: ഉടവാളും ത്രിശൂലവുമായി അമ്മദൈവങ്ങൾ ഒരിക്കൽക്കൂടി കോയിക്കൽ മഹാദേവന്റെ സന്നിധിയിലെത്തി.കൊഴുന്നു നിറച്ച പൂക്കൂടകളേന്തി കുത്തിയോട്ടക്കാരായ ബാലികാബാലന്മാർ ദേവിമാരെ വരവേറ്റു.വ്രതം നോറ്റ കുരുന്നുകളുമായി ദേവിമാർ പരസ്പരം ഉപചാരം ചൊല്ലിപ്പിരിഞ്ഞതോടെ 344വർഷം പഴക്കമുള്ള 'നെടുമങ്ങാട് ഓട്ടം" വാർഷിക മഹോത്സവത്തിന് പരിസമാപ്തിയായി.രാത്രി എട്ടരയോടെ മുത്തുമാരിയമ്മൻ,മേലാങ്കോട് ദേവിമാരാണ് ആദ്യം പുറത്തെഴുന്നള്ളിയത്.തന്ത്രി ആറ്റുവാശ്ശേരി നീലമഠത്തിൽ നാരായണൻ പോറ്റിയും മേൽശാന്തി ഉണ്ണികൃഷ്ണശർമ്മയും മുഖ്യ കാർമ്മികരായി.മുത്താരമ്മൻ ക്ഷേത്രത്തിലെ എഴുന്നള്ളത്ത് 9.30ഓടെ കോയിക്കലിലെത്തി.തന്ത്രി കൊല്ലൂർ അത്തിയറമഠം കൃഷ്ണപ്രശാന്ത്,മുഖ്യപൂജാരി എൻ.രാമൻപിള്ള,പൂജാരി എൻ.രാജമോഹൻ എന്നിവർ കാർമ്മികരായി. മുത്തുമാരിയമ്മൻ ദേവസ്ഥാനം തന്ത്രി പുതുമനയില്ലം എസ്.ദാമോദരൻ നമ്പൂതിരി,മേൽശാന്തി ജിഷ്ണു കെ.നമ്പൂതിരി,മേലാങ്കോട് ദേവീക്ഷേത്രത്തിലെ പാരമ്പര്യ പൂജാരി രാമചന്ദ്രൻ നായർ എന്നിവരും നേതൃത്വം നൽകി.താലപ്പൊലി, പൂമാല നേർച്ചക്കാരും വാദ്യമേള സംഘങ്ങളും കലാരൂപങ്ങളും ഘോഷയാത്രയ്ക്ക് മിഴിവേകി.പരമ്പരാഗത ആചാരാനുഷ്ഠാനങ്ങളോടെ നടന്ന പ്രദക്ഷിണത്തിലും കുത്തിയോട്ടത്തിലും പങ്കെടുക്കാൻ മുൻ വർഷങ്ങളിലെ പോലെ തമിഴ്‌നാട്ടിൽ നിന്നുൾപ്പെടെ വൻ ജനാവലിയാണ് ഇക്കുറിയും നെടുമങ്ങാടെത്തിയത്. മൂന്ന് ക്ഷേത്രങ്ങളിലും സാംസ്കാരിക സമ്മേളനം മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്തു.നഗരസഭ ചെയർമാൻ അഡ്വ.ആർ.ജയദേവൻ,കൗൺസിലർ ടി.അർജ്ജുനൻ,വിതുര ശശി,വേങ്കവിള സുരേഷ്,പ്രദീപ് നാരായണൻ,വിഭു പിരപ്പിൻകോട്,ഡോ.അനിത ഹരി തുടങ്ങിയവർ സംസാരിച്ചു.മന്ത്രി അനിൽ ഉത്സവനഗരിയിൽ നേരിട്ടെത്തി സുരക്ഷാക്രമീകരണങ്ങൾ വിലയിരുത്തി. നെടുമങ്ങാട് ആർ.ഡി.ഒ കെ.പി.ജയകുമാർ,ഡിവൈ.എസ്.പി ബൈജുകുമാർ എന്നിവർ നേതൃത്വം നൽകി.മേലാങ്കോട് വെളുപ്പിന് പൂപ്പട, മഞ്ഞനീരാട്ടോടെ കൊടിയിറങ്ങി.മുത്തുമാരിയമ്മൻ കോവിലിൽ ഇന്ന് രാവിലെ 10ന് വിൽപ്പാട്ട്,10.30ന് നെയ്യാണ്ടിമേളം,12ന് മഞ്ഞനീരാട്ട്.മുത്താരമ്മൻ ക്ഷേത്രത്തിൽ ഇന്ന് വൈകിട്ട് 5ന് അമ്മൻകഥ വിൽപ്പാട്ട്, 8ന് വീരനാട്യം, 10ന് കാക്കാരിശ്ശി നാടകം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |