കുടുങ്ങിയത് ഭാര്യയ്ക്കെതിരെ പരാതിയുമായി എത്തിയപ്പോൾ
കൊച്ചി: കൂട്ടുകാരിയുടെ അപ്പാർട്ട്മെന്റിൽ നിന്ന് വീട്ടിലേക്ക് മടങ്ങി വരാത്തതിന്റെ ദേഷ്യത്തിൽ 6 മാസം പ്രായമുള്ള കുഞ്ഞിനെയും ഭാര്യയെയും ഇവരുടെ കൂട്ടുകാരിയെയും പെട്രോൾ ഒഴിച്ച് അപായപ്പെടുത്താൻ ഭർത്താവിന്റെ ശ്രമം. ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷം ഓടിരക്ഷപ്പെട്ട പ്രതി ഒന്നുമറിയാത്തവിധം ഭാര്യയ്‌ക്കെതിരെ പരാതി നൽകാൻ പൊലീസ് സ്റ്റേഷനിലെത്തിയപ്പോൾ അറസ്റ്റിലായി. കൊല്ലം തലവൂർ സ്വദേശിയായ 30കാരനാണ് പിടിയിലായത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.45 ഓടെയായിരുന്നു സംഭവം. ലൈറ്റർ കത്തിക്കും മുമ്പ് വാതിലടച്ചതിനാലാണ് ദുരന്തം ഒഴിവായത്.
കൊല്ലം സ്വദേശിയായ 26കാരിയും കുഞ്ഞിനും ഇവരുടെ കൂട്ടുകാരിക്കും നേരെയാണ് ആക്രമണമുണ്ടായത്. കൊലപാതക ശ്രമം, വീട്ടിൽ അതിക്രമിച്ച് കയറൽ, കുട്ടിയെ ഉപദ്രവിച്ചതിന് ജെ.ജെ ആക്ട് 75 എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. ഭർത്താവിന്റെ ദേഹോപദ്രവംമൂലം ഏതാനും ദിവസം മുമ്പാണ് യുവതി കുഞ്ഞുമായി പാലാരിവട്ടത്തുള്ള കൂട്ടുകാരിയുടെ അപ്പാർട്ട്‌മെന്റിലേക്ക് മാറിയത്. തിരികെ വരണമെന്ന് ഭർത്താവ് ആവശ്യപ്പെട്ടിരുന്നെങ്കിലും ഭാര്യക്ക് താത്പര്യമുണ്ടായിരുന്നില്ല.
സംഭവദിവസം ഉച്ചയോടെ കൂട്ടുകാരിയുടെ അപ്പാർട്ട്‌മെന്റിലെത്തിയ പ്രതി ഭാര്യയെ പുറത്തേക്ക് വിളിച്ചു. കുട്ടിയെയുമെടുത്ത് ഭാര്യയും കൂട്ടുകാരിയും പുറത്തേക്ക് വന്നയുടൻ, ഇയാൾ കൈയിൽ കരുതിയിരുന്ന പെട്രോൾ ഒഴിക്കുകയായിരുന്നു. തുടർന്ന് സിഗരറ്റ് ലൈറ്റർ തെളിച്ച് കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തി. യുവതിയും കൂട്ടുകാരിയും പെട്ടെന്ന് വീട്ടിലേക്ക് കയറി വാതിലടച്ച് രക്ഷപ്പെടുകയായിരുന്നു. ആളുകളെ വിളിച്ചുകൂട്ടുമെന്ന് പേടിച്ച ഭർത്താവ്, ഇവിടെ നിന്ന് ഓടിരക്ഷപ്പെട്ടു. ഭാര്യയ്ക്ക് എതിരെ ആദ്യം ഒരു പരാതി നൽകിയാൽ പിടിക്കപ്പെടില്ലെന്ന് ഉറപ്പിച്ച ഇയാൾ നേരെ പാലാരിവട്ടം പൊലീസ് സ്റ്റേഷനിലെത്തി. എന്നാൽ ഭാര്യ ഹൈൽപ്പ് ലൈൻ നമ്പറിൽവിളിച്ച് വിവരം അറിയിച്ചിരുന്നതിനാൽ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കൊച്ചിയിലെ ഒരു ബൈക്ക് വർക്ക്‌ഷോപ്പിലെ മെക്കാനിക്കാണ് ഇയാൾ. ഇയാളുടേത് പ്രണയവിവാഹമായിരുന്നു എന്നാണ് ലഭിച്ച വിവരം. ഭാര്യയ്‌ക്കൊപ്പം ഒന്നിച്ചിരുന്ന് മദ്യം ഉപയോഗിച്ചിരുന്നുവെന്നും എന്നാൽ കുട്ടി ജനിച്ചിട്ടും ഭാര്യ ലഹരി ഉപയോഗം നിറുത്തിയില്ലെന്നും പറഞ്ഞ് പരാതിയുമായി ഇയാൾ സംഭവദിവസം രാവിലെ പൊലീസ് സ്റ്റേഷനിൽ എത്തിയിരുന്നു. ഇതിന്റെ നടപടികൾ പുരോഗമിക്കുന്നതിനിടെ മുങ്ങി. പിന്നീടാണ് ഭാര്യയ്ക്കും കുഞ്ഞിനും ആക്രമണം നടത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |