കോതമംഗലം: ഒറ്റ രാത്രി. ആനക്കൂട്ടം ചവിട്ടി മെതിച്ചത് പോളിന്റെ സ്വപ്നങ്ങൾ മാത്രമല്ല, സാമ്പത്തിക അടിത്തറകൂടിയാണ്. വേട്ടാമ്പാറ പടിപ്പാറയിൽ വെള്ളിയാഴ്ച രാത്രി ഇറങ്ങിയ ആനക്കൂട്ടം മൂത്താരിൽ പോളിന്റെ മുന്നൂറോളം കുലച്ച വാഴകളാണ് നശിപ്പിച്ചത്. പാട്ടത്തിനെടുത്ത സ്ഥലത്തായിരുന്നു കൃഷി. ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായത്. ഒരു മാസത്തിനകം വിളവെടുപ്പിന് പാകമാകുമായിരുന്നു ഈ കുലകൾ.
പ്രദേശത്ത് കാട്ടാന ശല്യമുണ്ടെങ്കിലും ഇങ്ങനെ വാഴകൾ കൂട്ടത്തോടെ നശിപ്പിക്കുന്നത് ആദ്യമായിട്ടാണ്. പലരും കൃഷി അവസാനിപ്പിച്ചപ്പോൾ പിടിച്ചുനിൽക്കാനുള്ള ശ്രമത്തിലായിരുന്നു പോൾ. ഇനി എന്തു ചെയ്യുമെന്ന ആശങ്കയിലാണ് പോളും മറ്റു കൃഷിക്കാരും.
വർഷങ്ങളായി സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്ന കർഷകനാണ് പോൾ. ഒട്ടേറെ തവണ ആന ശല്യം നേരിട്ടിട്ടുണ്ട്. വിള ഇൻഷ്വറൻസ് എടുക്കാറുണ്ടെങ്കിലും കൃഷി നാശം സംഭവിച്ചാൽ ഇൻഷ്വൻസ് തുക കിട്ടാറില്ലെന്ന് പോൾ പറയുന്നു. രണ്ട് ലക്ഷത്തോളം രൂപ കിട്ടാനുണ്ടെങ്കിലും മൂന്ന് വർഷത്തോളമായി ഒരു രൂപ പോലും ലഭിച്ചിട്ടില്ല.
പിണ്ടിമന പഞ്ചായത്തിലെ ഒന്നാം വാർഡായ വേട്ടാമ്പാറയിൽ വ്യാപകമായി കാട്ടാന ഭീഷണിയുണ്ട്. വാഴയും പൈനാപ്പിളും ഉൾപ്പെടെ മിക്ക വിളകളും ആനകൾ നശിപ്പിക്കും.
ഭീതി വിതച്ച് രണ്ട്
ആനക്കൂട്ടങ്ങൾ
വേട്ടാമ്പാറക്ക് ഭീഷണി ഉയർത്തുന്നത് രണ്ടിടങ്ങളിൽ നിന്നുള്ള ആനകളാണ്. സമീപത്തുതന്നെയുള്ള കോട്ടപ്പാറ പ്ലാന്റേഷനിലെ ആനകളാണ് ഒരു വിഭാഗം. രണ്ടാമത്തേത് ഭൂതത്താൻകെട്ട് വനത്തിലെ ആനകൾ. പോളിന്റെ കൃഷിയിടത്തിൽ വെള്ളിയാഴ്ച എത്തിയത് ഭൂതത്താൻകെട്ട് വനത്തിലെ ആനകളാണ്. പഴയ ഭൂതത്താൻകെട്ടിന് സമീപത്തുകൂടി പെരിയാർ നീന്തികടന്നാണ് ഇവ കൃഷിയിടങ്ങളിലെത്തുന്നത്. ഏക്കർകണക്കിന് കൃഷിയിടങ്ങൾ ഈ ഭാഗത്തുണ്ട്. ഇരുൾ വീഴുന്നതോടെ എത്തുന്ന ആനകൾ നേരംപുലരുംമുമ്പേ നാശംവിതച്ച് തിരികെ പോകും.
ഒന്നാം വാർഡിലെ കാട്ടാനശല്യം ഇല്ലാതാക്കാനുള്ള ശ്രമത്തിലാണ് പഞ്ചായത്തിലെ പുതിയ ഭരണസമിതി. ഭൂതത്താൻകെട്ട് വനത്തിൽ നിന്നുള്ള ആനകളുടെ ശല്യം തടയാൻ പുഴയോരത്ത് ഫെൻസിംഗ് സ്ഥാപിക്കും. പ്രദേശത്തെ കാട്ടാനശല്യത്തിന്റെ രൂക്ഷത സർക്കാരിന്റെ ശ്രദ്ധയിൽകൊണ്ടുവരും
പ്രിൻസ് ജോൺ,
വാർഡ് മെമ്പർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |