
വക്കം: കടയ്ക്കാവൂർ,മണനാക്ക് ആറ്റിങ്ങൽ റോഡിൽ കൊല്ലമ്പുഴ പാലത്തിന്റെ കൈവരികൾക്ക്, മതിയായ ഉയരമില്ലാത്തതും സംരക്ഷണഭിത്തി കെട്ടി മറയ്ക്കാത്തതും അപകട ഭീഷണിയാകുന്നു. കീഴാറ്റിങ്ങലിൽ വാമനപുരം നദിക്ക് കുറുകെയുള്ള കൊല്ലമ്പുഴ പാലത്തിലാണ് മതിയായ വീതിയില്ലാത്തതുമൂലം കാൽനട,ഇരുചക്രവാഹന യാത്രക്കാർക്ക് ദുരിതമാകുന്നത്. പാലത്തിന്റെ കൈവരിക്ക് ഉയരമില്ലാത്തതിനാൽ വലിയ വാഹനങ്ങൾ വരുമ്പോൾ കാൽനടയാത്രക്കാർക്ക് വശങ്ങളിലേക്ക് ഒതുങ്ങിനിൽക്കാനും പ്രയാസമാണ്.
കൂടാതെ പാലത്തിന്റെ ഇരുവശങ്ങളിലും ജല അതോറട്ടിയുടെ വലിയ പൈപ്പുകളും കൈവരിയോടു ചേർത്ത് സ്ഥാപിച്ചിട്ടുണ്ട്. കൈവരിയുടെ പല ഭാഗത്തും സിമന്റ് അടർന്ന് കമ്പികൾ വെളിയിൽ വന്ന നിലയിലാണ്.കടയ്ക്കാവൂർ വർക്കല ഭാഗത്തുനിന്നുള്ള ബസുകൾ പലപ്പോഴും അമിത വേഗതയിലും ഓവർടേക്ക് ചെയ്തുമാണ് പാലത്തിലൂടെ പോകുന്നത്. ഇവിടെ അപകടങ്ങൾ തുടർക്കഥയായിട്ടും ബന്ധപ്പെട്ട അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്.
കണ്ണടച്ച് അധികൃതർ
കാൽനടയാത്ര സുഗമമാക്കാൻ നടപ്പാതയും പാലത്തിന്റെ കൈവരികളിൽ സംരക്ഷണവേലിയും നിർമ്മിക്കണമെന്ന ആവശ്യത്തിനു വർഷങ്ങളുടെ പഴക്കമുണ്ട്. ആറ്റിങ്ങൽ ഭാഗത്തു നിന്നും കടയ്ക്കാവൂർ അഞ്ചുതെങ്ങ് വർക്കല മേഖലകളിലേക്ക് നിരവധി സ്വകാര്യ ബസുകൾ ഉൾപ്പെടെ ആയിരക്കണക്കിന് വാഹനങ്ങളാണ് ദിവസേന ഇതുവഴി കടന്നുപോകുന്നത്. പൊതുമരാമത്ത് വകുപ്പിനാണ് റോഡിന്റെ സംരക്ഷണച്ചുമതല. പാലത്തിന്റെ സുരക്ഷാ സംവിധാനങ്ങൾ വർദ്ധിപ്പിക്കുന്നതിനും റോഡിലെ വളവ് നിവർത്തി അപകടങ്ങൾ ഒഴിവാക്കുന്നതിനുമായി നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ നിരവധിതവണ ബന്ധപ്പെട്ട അധികൃതർക്ക് അപേക്ഷകൾ നൽകിയെങ്കിലും ലക്ഷ്യം കണ്ടിട്ടില്ല.
മാലിന്യനിക്ഷേപ കേന്ദ്രം
വേലിയില്ലാത്തതിനാൽ നദിയിലും സമീപ പ്രദേശങ്ങളിലും രാത്രികാലങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നതും പതിവായിട്ടുണ്ട്. ഇവിടെ തെരുവ് നായ്ക്കളുടെ ശല്യവും രൂക്ഷമാണ്. ഇതും അപകടത്തിനിടയാക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |