കല്ലറ: ഇല പൊഴിയും കാലമായതോടെ റബർ മരങ്ങളുടെ ഉത്പാദനം പാതിയായികുറഞ്ഞ സ്ഥിതിയാണ്. കൂലി ചെലവിന് പോലും റബർ പാൽ ഉത്പാദനം തികയാതെ വന്നതോടെ ബഹുഭൂരിപക്ഷം കർഷകരും റബർ ടാപ്പിംഗ് നിറുത്തി. മുമ്പ് 20ഷീറ്റ് വരെ ലഭിച്ചിരുന്നത് ഇപ്പോൾ പത്തിൽ താഴെയായെന്നാണ് റബർ കർഷകർ പറയുന്നത്. രണ്ടാഴ്ചകൾക്കു ശേഷം പുതിയ തളിരുകളോടൊപ്പം പൂവിട്ടതും ഉത്പാദനക്കുറവിന് കാരണമാണ്. സാധാരണ ഇലകൊഴിയുമ്പോൾ കുറച്ച് ദിവസം പാൽ ഉത്പാദനം കുറയുമെങ്കിലും തളിര് ഉണ്ടാവുന്നതോടെ ഉത്പാദനം കൂടുകയാണ് പതിവ്. ഇടമഴ ലഭിക്കാത്തതും അന്തരീക്ഷ ചൂട് വർദ്ധിച്ചതും കർഷകർക്ക് തിരിച്ചടിയായിട്ടുണ്ട്.
ഇലപൊഴിയൽ തിരിച്ചടി
മേയ്, ജൂൺ മാസങ്ങളിലെ അമിത മഴയിൽ വർഷകാലത്ത് ഇലപൊഴിയൽ കൂടുതലായിരുന്നു. ഇതിനാൽ ബഹുഭൂരിപക്ഷം തോട്ടങ്ങളിലും ഉത്പാദനം 40 ശതമാനത്തോളം കുറഞ്ഞിരുന്നു. 10 മരങ്ങൾക്ക് 600 ഗ്രാം ഷീറ്റ് എന്നതാണ് സാധാരണ ഉത്പാദനരീതി. ഈ വർഷം 15 മരങ്ങൾക്ക് ഒരു ഷീറ്റ് എന്ന നിലയിലേക്ക് ചുരുങ്ങി. കൂലി, വളം, വില വർദ്ധനയ്ക്ക് പുറമെ ഉത്പാദനവും കുറഞ്ഞതോടെ ബഹുഭൂരിപക്ഷം കർഷകരും കൂലിക്ക് ടാപ്പിംഗ് നടത്തുന്നതിന് പകരം പകുതി പകുതി എന്ന നിലയിൽ പങ്കിനാണ് ഈ വർഷം ടാപ്പിംഗ് നടത്തിയത്.
താങ്ങുവിലയിൽ നിരാശ
സർക്കാർ താങ്ങുവില 200 രൂപയായി ഡിസംബറിൽ പ്രഖ്യാപിച്ചെങ്കിലും പൊതു വിപണിയിൽ ഇപ്പോഴും 188 രൂപയ്ക്ക് താഴെയാണ് നാലാം ഗ്രേഡ് റബർഷീറ്റ് വില. ബഹുഭൂരിപക്ഷം കർഷകർക്കും നല്ല രീതിയിൽ പുകച്ച് നാലാം ഗ്രേഡ് ഉത്പാദിപ്പിക്കാൻ കഴിയാത്തതിനാൽ ലോട്ട് ഇനത്തിൽപ്പെട്ട തരം തിരിക്കാത്തതും പുകയിടാത്തതുമായ ഷീറ്റാണ് വ്യാപാര സ്ഥാപനങ്ങളിൽ നൽകുന്നത്.
പുകപ്പുരയില്ലാത്ത ചെറുകിട കർഷകർക്ക് ഇത്തരം ഷീറ്റിന് മാർക്കറ്റ് വിലയെക്കാൾ പത്തുരൂപ കുറഞ്ഞ വിലയാണ് ലഭിക്കുക
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |