കിളിമാനൂർ: പാപ്പാല വാഹനാപകടത്തിൽ ദമ്പതികൾ മരിക്കാനിടയായ സംഭവത്തിൽ,ഒരാളെ മാത്രം പ്രതിയാക്കി തടിയൂരാൻ പൊലീസ് നീക്കമെന്ന് ആക്ഷേപം.അപകടം നടന്ന ജനുവരി 4 മുതൽ കഴിഞ്ഞ ദിവസം വാഹനത്തിന്റെ ഉടമയും,ഡ്രൈവറുമായ വിഷ്ണു അറസ്റ്റിലാകുന്നത് വരെ പൊലീസിന്റെ ഭാഗത്ത് നിന്നും നാടകീയ സംഭവങ്ങളാണ് അരങ്ങേറുന്നത്.
അപകടം നടന്ന അന്നുതന്നെ മദ്യലഹരിയിലായിരുന്ന വിഷ്ണുവിനെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറിയിരുന്നു.എന്നാൽ മദ്യപിച്ചിരുന്നോ എന്നറിയാനുള്ള വൈദ്യ പരിശോധന പോലും നടത്താതെ വിഷ്ണുവിനെ അന്നുതന്നെ വിട്ടയച്ചു.അപകടം നടന്നതിന്റെ പിറ്റേദിവസമാണ് എഫ്.ഐ ആർ രജിസ്റ്റർ ചെയ്യുന്നത്.അപകടത്തിന് കാരണമായ ജീപ്പ് കസ്റ്റഡിയിലെടുത്തെങ്കിലും ഫോറൻസിക് പരിശോധന പോലും നടത്തും മുൻപ് സ്റ്റേഷൻ ഗ്രൗണ്ടിൽ നിന്ന് മീറ്ററുകളോളം മാറ്റിയിടുകയും,അത് അജ്ഞാതർ കത്തിക്കാൻ ശ്രമിക്കുകയും ചെയ്തു.ആ പ്രതികളെയും ഇതുവരെ പിടികൂടിയിട്ടില്ല.
അപകടസമയത്ത് വാഹനത്തിൽ മൂന്നുപേർ ഉണ്ടായിരുന്നെന്ന് ദൃക്സാക്ഷികൾ പറയുന്നുണ്ട്.എന്നാൽ ഇതിൽ ഒരു സാക്ഷിയെ പോലും പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചില്ല.വാഹനത്തിനകത്ത് നിന്നും ഒരു ഫയർഫോഴ്സ് ഉദ്യോഗസ്ഥന്റെയും,മറ്റൊരു സർക്കാർ ഉദ്യോഗസ്ഥന്റെയും ഐ.ഡി കാർഡുകൾ ലഭിച്ചുവെന്ന് പറയുമ്പോഴും,അപകട സമയത്ത് ഈ പറഞ്ഞവർ മറ്റൊരു ടവർ ലൊക്കേഷനിലായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.
കേസ് എങ്ങുമെത്താത്തതിനെ തുടർന്ന് നടന്ന ജനകീയ പ്രക്ഷോഭത്തിനൊടുവിൽ അന്വേഷണ ഉദ്യോഗസ്ഥനും കിളിമാനൂർ സി.ഐ ബി.ജയൻ,എസ്.ഐ അരുൺ,ഗ്രേഡ് എസ്.ഐ സലിം എന്നിവരെ സസ്‌പെൻഡ് ചെയ്തു.ഇപ്പോൾ ആറ്റിങ്ങൽ ഡി.വൈ.എസ്.പി മഞ്ചുലാലിന്റെ നേതൃത്വത്തിലുള്ള പുതിയ അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.തമിഴ്നാട് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ അന്വേഷണം സംഘം പരിശോധന നടത്തുമ്പോഴാണ്,കഴിഞ്ഞ ദിവസം വിഷ്ണുവിനെ സ്വന്തം നാട്ടിൽ നിന്നുതന്നെ പിടികൂടാനായത്.
ആദ്യം മുതൽക്ക് തന്നെ ആരെയേ സംരക്ഷിക്കാനുള്ള ഒരു ശ്രമമാണ് പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്.വിഷ്ണുവിനെ പിടികൂടിയതോടെ ഇയാളെ മാത്രം പ്രതിയാക്കി മറ്റുള്ളവരെ രക്ഷിക്കാൻ ശ്രമം നടക്കുമോ എന്നാണ് ബന്ധുക്കളും നാട്ടുകാരും സംശയിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |