SignIn
Kerala Kaumudi Online
Wednesday, 18 February 2026 6.45 PM IST

നടപ്പാത കെെയേറി കച്ചവടവും പാർക്കിംഗും; നഗരത്തിൽ അപകടം തൊട്ടരികെ

Increase Font Size Decrease Font Size Print Page

1
കമ്മീഷണർ ഓഫീസിന് മുൻവശത്തെ തട്ടുകടയിൽ ഭക്ഷണം കഴിക്കുന്ന സ്കൂൾ കുട്ടികൾ

കോഴിക്കോട്: മാനാഞ്ചിറ എൽ.ഐ.സി റോഡിൽ പട്ടാള പള്ളിയുടെ സമീപത്ത് ഫുട്പ്പാത്തിലുണ്ടാക്കിയ അനധികൃത തട്ടുകട കുറച്ചൊന്നുമല്ല കാൽനട യാത്രക്കാരെ ബുദ്ധിമുട്ടിച്ചത്. തിരക്കേറിയ റോഡിലൂടെ നടക്കേണ്ട ഗതികേടിലായിരുന്നു യാത്രക്കാർ. ഈ തട്ടുകടകളെ അവിടെ നിന്നും ഒഴിപ്പിച്ചപ്പോൾ പ്രശ്നം പരിഹരിച്ചു എന്ന് വിചാരിച്ചതാണ്. എന്നാൽ വീണ്ടും കോർപ്പറേഷനെ സ്വാധീച്ച് തട്ടുകടകൾ തിരിച്ചെത്തുകയും പ്രതിഷേധം ശക്തമായതോടെ വീണ്ടും ഒഴിപ്പിക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ ഇതാ തൊട്ടടുത്ത് കമ്മിഷണർ ഓഫീസിന് മുൻവശത്തേക്ക് തട്ടുകട മാറ്റിയിരിക്കുകയാണ്. തിരക്കേറിയതും ഇടുങ്ങിയതുമായ ഈ ഭാഗത്ത് തട്ടുകട കൂടി വന്നതോടെ സ്കൂൾ കുട്ടികൾ ഉൾപ്പെടെയുള്ളവർ ഭാഗത്ത് തടിച്ചുകൂടുകയാണ്. റോഡിലേക്ക് മേൽഭാഗം ഇറക്കിയാണ് തട്ടുകട നിർമ്മിച്ചിരിക്കുന്നത്. ഇത് അപകടം വരുത്തിവെക്കുമെന്ന് യാത്രക്കാർ പറയുന്നു. സിറ്റി ബസുകൾ ഉൾപ്പെടെ അതിവേഗത്തിൽ പോകുന്ന ഇവിടെ അപകടം വിളിച്ചുവരുത്തുന്ന നീക്കമാണ് ഇപ്പോൾ നടക്കുന്നത്. ഭരണകക്ഷിയുടെ തൊഴിലാളി സംഘടനയുടെ ആളുകളാണ് ഇവിടെ അനധികൃത തട്ടുകട നടത്തുന്നതെന്നാണ് ആരോപണം.

ഫുട്പ്പാത്ത് കയ്യേറി പാർക്കിംഗ്

തിരക്കേറിയ റോഡുകളിൽ തട്ടുകടകളും കച്ചവടവും മാത്രമല്ല അനധികൃതമായ പാർക്കിംഗും നടക്കുകയാണ്. പൊലീസ് കമ്മിഷണർ ഓഫീസിന് മുന്നിൽ നിന്ന് മുതലക്കുളം വരെയുളള ഭാഗത്ത് ഫുട്പാത്തില്ലാത്ത സ്ഥിതിയാണ്. കാൽനടയാത്രക്കാർക്കുള്ള സ്ഥലത്ത് ഇരുചക്രവാഹനങ്ങൾ പാർക്ക് ചെയ്യാൻ തുടങ്ങിയതോടെ ജനങ്ങൾ റോഡിലേക്കിറങ്ങി നടക്കേണ്ട ഗതികേടിലാണ്. മാനാഞ്ചിറ ബി.എസ്.എൻ.എൽ ഓഫീസ് മുന്നിലെ നടപ്പാതയിൽ വാഹനങ്ങൾ നിർത്തിയിടുന്നതും പതിവ് കാഴ്ചയാണ്. മിഠായിത്തെരുവിലേക്ക് വരുന്ന ഭൂരിഭാഗം ആളുകളും റോഡിലിറങ്ങി നടക്കേണ്ട സ്ഥിതിയാണ്. കുട്ടികളും വയോധികരും ഉൾപ്പെടെ നൂറുകണക്കിന് പേരാണ് ഇതുവഴി നടന്നു പോകുന്നത്. സ്വകാര്യ ബസുകളും മറ്റ് വാഹനങ്ങളും അമിത വേഗത്തിൽ കടന്ന് പോകുന്ന റോഡിൽ ഇറങ്ങി നടക്കുന്നത് അപകട സാധ്യതയും വർദ്ധിപ്പിക്കുന്നു. പാളയം ഭാഗത്തെ സ്ഥിതിയും മറിച്ചല്ല. വ്യാപാര സ്ഥാപനങ്ങളിലെ സാധനങ്ങൾ നടപ്പാതയിലേക്ക് ഇറക്കി വെച്ചാണ് വില്പന നടത്തുന്നത്. ഇവിടെയും നടക്കണമെങ്കിൽ റോഡ് തന്നെ ശരണം. പാളയം സബ് വേയ്ക്കടുത്ത റോഡിലാണെങ്കിൽ ചെടികളും മറ്റും വച്ച് വിൽക്കുന്നവരേയും കാണാം. കോട്ടപ്പറമ്പ് ആശുപത്രിക്ക് സമീപം, മൊയ്തീൻ പള്ളി പരിസരത്തും നടപ്പാതയിൽ വാഹനങ്ങൾ നിർത്തുന്നത് പതിവാണ്. കേരള ബാങ്ക്, ഓയിറ്റി റോഡിന്റെ ഇരുവശങ്ങൾ ഇവിടെയെല്ലാം നടപ്പാത കെെയേറിയ മട്ടാണ്. നടപ്പാത വാഹനങ്ങളും കച്ചവടക്കാരും കൈയടക്കുമ്പോൾ, നാട്ടുകാർ തിരക്കുള്ള റോഡിൽ വാഹനങ്ങൾക്കിടയിലൂടെ നടക്കേണ്ട സ്ഥിതിയാണ്. നഗരത്തിലെ ഗതാഗതക്കുരുക്കിന്റെ പ്രധാന കാരണങ്ങളിലൊന്ന് ഈ അനധികൃത പാർക്കിംഗാണ്. നടപ്പാതകളിലും പാതയോരങ്ങളിലുമുള്ള അനധികൃത പാർക്കിംഗ് തടയാൻ അധികൃതർക്കും കഴിയുന്നില്ല.

TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY