
തിരുവനന്തപുരം: വയനാട് ദുരന്തബാധിതർക്കുള്ള കൽപ്പറ്റ ടൗൺഷിപ്പിലെ വീടുകൾ നറുക്കെടുപ്പിലൂടെ കൈമാറും. ആദ്യഘട്ടത്തിൽ 178 വീടുകളാണ് കൈമാറുന്നതെന്ന് മന്ത്രി ഒ.ആർ. കേളു അറിയിച്ചു. ഗുണഭോക്താവിന് തന്നെ നറുക്കെടുപ്പിലൂടെ സ്വന്തം വീട് തിരഞ്ഞെടുക്കാം. കൽപ്പറ്റയിൽ ചേർന്ന സർവകക്ഷി യോഗത്തിൽ നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ ചർച്ച ചെയ്തു. നാളെ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ഉദ്ഘാടന തീയതി അടക്കം തീരുമാനിക്കും എന്നും മന്ത്രി പറഞ്ഞു. മന്ത്രി ഒ.ആർ. കേളുവും ടി. സിദ്ധിഖ് എം.എൽ,എയും ഉൾപ്പെടുന്ന സംഘം ടൗൺഷിപ്പ് സന്ദർശിച്ചു.
അതേസമയം വയനാട് മുണ്ടക്കൈ - ചൂരൽമല ദുരന്തബാധിതർക്ക് നൽകി വരുന്ന ധനസഹായം തുടരുമെന്നും മന്ത്രി പറഞ്ഞു. സ്വന്തം വീടുകളിലേക്ക് മടങ്ങുംവരെ വയനാട് മുണ്ടക്കൈ ദുരന്തത്തിന് ഇരയായവർക്ക് ജീവനോപാധി നൽകിവരുന്നത് നീട്ടാൻ സർക്കാർ ഉത്തരവായി. കുടുംബത്തിലെ രണ്ട് പേർക്ക് ദിവസവും 300 രൂപ വീതം മാസം 9000 രൂപയാണ് നൽകുന്നത്. ധനസഹായം ജൂൺ വരെയോ വീട് നിർമ്മാണം പൂർത്തിയാക്കി താക്കോൽ കൈമാറുന്നത് വരെയോ തുടരുമെന്ന് ഉത്തരവിൽ പറയുന്നു.
ഡിസംബർ വരെ 656 കുടുംബത്തിലെ 1185 പേർക്ക് 9000 രൂപ വീതം ജീവനോപാധി നൽകിയിരുന്നു. കിടപ്പുരോഗികളുള്ള കുടുംബത്തിലാണെങ്കിൽ മൂന്നുപേർക്കാണ് സഹായം ലഭിക്കുക. ദുരന്തനിവാരണ നിയമപ്രകാരം മൂന്നുമാസത്തേക്കാണ് ജീവനോപാധി പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ദുരന്തബാധിതരുടെ ആവശ്യപ്രകാരം ഇത് ഡിസംബർ വരെ നീട്ടിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |