
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്.പ്രശാന്തിനെ എസ്.ഐ.ടി മൂന്നാമതും ചോദ്യംചെയ്തു. തിരുവനന്തപുരം പൊലീസ് ക്ലബിൽ നടന്ന ചോദ്യംചെയ്യലിൽ സാമ്പത്തിക ഇടപാടുകളുടെ രേഖകൾ, യാത്രാവിവരങ്ങൾ എന്നിവ ശേഖരിച്ചു. 2019ൽ തട്ടിപ്പ് നടത്തിയ ഉണ്ണികൃഷ്ണൻ പോറ്റിക്ക് 2025ലും ശില്പപാളികൾ സ്വർണം പൂശാൻ നൽകിയതാണ് പ്രശാന്തിന് കുരുക്കായത്. പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറുംമുൻപ് ശില്പപാളികൾ പോറ്റിക്കു നൽകാൻ പ്രശാന്ത് തിടുക്കം കൂട്ടിയോ എന്നതടക്കമാണ് പരിശോധിക്കുന്നത്.
ഹൈക്കോടതിയെ അറിയിക്കാതെയായിരുന്നു പാളികൾ കൈമാറിയത്. ഹൈക്കോടതിയെ അറിയിക്കേണ്ടത് ഉദ്യോഗസ്ഥരാണെന്നും മറ്റെല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കിയെന്നുമാണ് പ്രശാന്തിന്റെ മൊഴി. പാളികളിലെ സ്വർണം മങ്ങിയെന്ന് ചൂണ്ടിക്കാട്ടിയപ്പോൾ തന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് സ്വർണംപൂശാൻ നൽകിയതെന്നും പോറ്റിയുടെ കൈയിൽ കൊടുത്തുവിട്ടിട്ടില്ലെന്നും പ്രശാന്ത് മൊഴിനൽകി.
ഉദ്യോഗസ്ഥരുടെ അകമ്പടിയോടെയാണ് പാളികൾ ചെന്നൈയിലേക്ക് കൊണ്ടുപോയത്. ബോർഡിന് നഷ്ടമുണ്ടായിട്ടില്ല. അറ്റകുറ്റപ്പണിക്കുശേഷം സ്വർണപ്പാളികളുടെ ഭാരം കൂടുകയാണ് ചെയ്തത്. സ്‌പെഷ്യൽ കമ്മിഷണറെ മുൻകൂട്ടി അറിയിക്കുന്നതിൽ പിഴവുണ്ടായി. അതിന് ഹൈക്കോടതിയിൽ മാപ്പുപറഞ്ഞു.
12 പാളികളിലായി ആകെ തൂക്കം 22.833 കിലോഗ്രാമും അതിൽ സ്വർണത്തിന്റെ ഭാരം 281.200 ഗ്രാമും എന്നിങ്ങനെ കൃത്യമായി രേഖപ്പെടുത്തിയിരുന്നു. ഇപ്പോൾ ദ്വാരപാലക ശില്പങ്ങളുടെ ആകെത്തൂക്കം 22.876 കിലോയായും സ്വർണത്തിന്റെ അളവ് 290.698 ഗ്രാമായും കൂടിയെന്നും പ്രശാന്ത് മൊഴിനൽകി. എന്നാൽ, സ്പെഷ്യൽ കമ്മിഷണറെ വിവരമറിയിക്കാത്തത് കൊള്ളയ്ക്ക് ഒത്താശ ചെയ്യാനോ 2019ലെ കൊള്ള മറയ്ക്കാനോ ആണെന്നാണ് എസ്.ഐ.ടിയുടെ സംശയം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |