
പൂനെ: അജിത് പവാര്‍ കൊല്ലപ്പെട്ട വിമാനത്തിലെ എയര്‍ ഹോസ്റ്റസിന്റെ അവസാന ഫോണ്‍ കോള്‍ പുറത്ത്. എന്‍സിപി നേതാവും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായ പവാറിന്റെ മരണവാര്‍ത്ത ഞെട്ടലോടെയാണ് രാജ്യം കേട്ടത്. ഇപ്പോഴിതാ വിമാനത്തിലെ എയര്‍ ഹോസ്റ്റസായ പിങ്കി മാലിയുടെ അവസാന ഫോണ്‍ കോള്‍ വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. പിതാവ് ശിവകുമാര്‍ മാലിയുമായി പിങ്കി സംസാരിച്ചതിന്റെ വിശദാംശങ്ങളാണ് ലഭ്യമായിരിക്കുന്നത്.
ബുധനാഴ്ച രാവിലെ എട്ട് മണിക്കാണ് അജിത് പവാറും സുരക്ഷാ ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘം മുംബയില്‍ നിന്ന് ബരാമതിയിലേക്ക് തിരിച്ചത്. 45 മിനിറ്റ് യാത്രയ്ക്ക് ശേഷം ലാന്‍ഡിംഗിന് തയ്യാറെടുക്കുമ്പോള്‍ ആയിരുന്നു നിയന്ത്രണം നഷ്ടപ്പെട്ട വിമാനം തകര്‍ന്ന് വീണത്. ഡല്‍ഹി ആസ്ഥാനമായുള്ള വി.എസ്.ആര്‍ വെഞ്ച്വേഴ്സ് എന്ന സ്വകാര്യ ഏവിയേഷന്‍ സ്ഥാപനത്തിന്റെ ചെറുവിമാനമാണ് അപകടത്തില്‍ കത്തിനശിച്ചത്. വിമാനത്തിലുണ്ടായിരുന്ന എല്ലാവരും കൊല്ലപ്പെടുകയും ചെയ്തു.
'പപ്പാ, ഞാന്‍ അജിത് പവാറിനൊപ്പം ബാരാമതിയിലേക്ക് പോകുകയാണ്. അദ്ദേഹത്തെ അവിടെ ഇറക്കിയതിനുശേഷം നന്ദേഡിലേക്ക് പോകും. നമുക്ക് നാളെ സംസാരിക്കാം' - മുംബൈ വര്‍ളി സ്വദേശിയായ പിങ്കി പിതാവിനോട് ഫോണില്‍ പറഞ്ഞു. ജോലി കഴിഞ്ഞതിനുശേഷം നമുക്ക് നാളെ സംസാരിക്കാമെന്ന് പിതാവ് മറുപടി നല്‍കി. എന്നാല്‍ തന്റെ മകള്‍ ഇനി ഒരിക്കലും വരില്ലെന്നും അപകടവാര്‍ത്ത കേട്ട് ആകെ തകര്‍ന്ന് പോയെന്നും ശിവകുമാര്‍ മാലി പറഞ്ഞു. അന്ത്യ കര്‍മ്മങ്ങള്‍ ചെയ്യാന്‍ മകളുടെ മൃതശരീരം ലഭിക്കണം എന്ന ആഗ്രഹം മാത്രമാണ് ഇനി ഉള്ളതെന്നും പിതാവ് പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |