
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുന്നിൽ തിരുവനന്തപുരം നഗരസഭ സമർപ്പിച്ച വികസനരേഖയുടെ കരട് രൂപം പുറത്തിറക്കി ബി.ജെ.പി. തിരുവനന്തപുരം നഗരത്തിന്റെ സമഗ്രവികസനം ലക്ഷ്യമിടുന്ന വികസന രേഖയുടെ കരട് രൂപമാണ് മേയർ വി.വി. രാജേഷിന്റെ നേതൃത്വത്തിൽ പ്രകാശനം ചെയ്തത്. പദ്ധതികളുടെ പ്രോഗ്രസ് കാർഡും ജനകീയ അഭിപ്രായങ്ങൾ അനുസരിച്ചുള്ള ജനകീയ ബഡ്ജറ്റും ഡിജിറ്റൽ സാങ്കേതിക വിദ്യകളുടെ സഹായത്തോടെയുള്ള അഴിമതി മുക്ത ഭരണവും ഉറപ്പാക്കുമെന്ന് വികസന രേഖ വാഗ്ദാനം ചെയ്യുന്നു.
കോർപ്പറേഷൻ സേവനങ്ങൾ നഗരവാസികളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്ന ഓൺലൈൻ സംവിധാനങ്ങളും 24 മണിക്കൂറും പ്രവർത്തിക്കുന്ന രീതിയിൽ നിലവിലെ കുടുംബാരോഗ്യ കേന്ദ്രങ്ങളെ മികച്ച ചികിത്സാ കേന്ദ്രങ്ങളാക്കി മാറ്റുമെന്നും വികസന രേഖ പറയുന്നു. പ്രധാനമന്ത്രി എത്തിയപ്പോൾ വരെ നടന്ന വിവിധ ചർച്ചകളുടെ അടിസ്ഥാനത്തിലുള്ള വികസന രേഖ വരും ദിവസങ്ങളിൽ മാത്രമേ പൂർണമാകൂ എന്നും മേയർ വ്യക്തമാക്കി.
കോർപ്പറേഷന്റെ സാമ്പത്തിക ഇടപാടുകൾ പൂർണമായും ഡിജിറ്റലാക്കും. വീടില്ലാത്തവർക്ക് അഞ്ച് വർഷം കൊണ്ട് വീടും ഇൻഡോർ മാതൃകയിൽ മാലിന്യ സംസ്കരണവും എല്ലാ വാർഡുകളിലും സമഗ്രമായ ഡ്രെയിനേജ് സംവിധാനവും നടപ്പിലാക്കും. തിരുവനന്തനന്തപുരത്തെ മികച്ച തുറമുഖ നഗരമാക്കുമെന്നും നൈറ്റ് ലൈഫ് പ്രോത്സാഹിപ്പിക്കുമെന്നും വികസന രേഖയിൽ പറയുന്നു. ബി.ജെ.പി സംസ്ഥാന കമ്മിറ്റി ഓഫീസിൽ നടന്ന വികസന രേഖ പ്രകാശന ചടങ്ങിൽ ബി.ജെ.പി തിരുവനന്തപുരം ജില്ലാ അദ്ധ്യക്ഷൻ കരമന ജയൻ, ഡെപ്യുട്ടി മേയർ ജി.എസ്. ആശാനാഥ്, ബി.ജെ.പി പാർലമെന്ററി പാർട്ടി ലീഡർ പാപ്പനംകോട് സജി എന്നിവരും പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |