
പയ്യന്നൂർ : രക്തസാക്ഷി ഫണ്ട് ആരോപണത്തിൽ ടി.ഐ.മധുസൂദനൻ എം.എൽ.എയുടെ രാജി ആവശ്യപ്പെട്ട് ബി.ജെ.പി. പയ്യന്നൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എം.എൽ.എ ഓഫീസിലേക്ക് മാർച്ച് നടത്തി. പെരുമ്പ കെ.എസ്. ആർ.ടി.സി. പരിസരത്ത് നിന്നാരംഭിച്ച മാർച്ച് തെക്കെ ബസാർ റോഡിൽ പൊലീസ് ബാരിക്കേഡ് വച്ച് തടഞ്ഞു. ജില്ല പൊലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹം സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നു.
ബി.ജെ.പി.സംസ്ഥാന വൈസ് പ്രസിഡന്റ് ബി.ഗോപാലകൃഷ്ണൻ മാർച്ച് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് കെ.കെ.വിനോദ് കുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കെ.രഞ്ജിത്ത്, ജില്ല ജനറൽസെക്രട്ടറിമാരായ അജികുമാർ കരിയിൽ, എ.പി. ഗംഗാധരൻ, ടി.സി മനോജ് , മേഖലാസെക്രട്ടറി പനക്കീൽ ബാലകൃഷ്ണൻ, മണ്ഡലം പ്രസിഡന്റ് ധനേഷ് കണിയാംകുന്ന് എന്നിവർ സംസാരിച്ചു. മണ്ഡലം ജനറൽ സെക്രട്ടറിമാരായ രവീന്ദ്രൻ ചിറ്റടി, നന്ദകുമാർ അന്നൂർ, രമ സനൽകുമാർ, സുഭാഷ് മുല്ലക്കോട്, എസ്.സി. മോർച്ച ജില്ല സെക്രട്ടറി സുജിത്ത് കുമാർ കേളോത്ത്, യുവമോർച്ച ജില്ല സെക്രട്ടറി സ്വരാജ് തുടങ്ങിയവർ നേതൃത്വം നൽകി.
കുഞ്ഞിക്കൃഷ്ണൻ ആവശ്യപ്പെട്ടാൽ സംരക്ഷിക്കും: ബി.ഗോപാലകൃഷ്ണൻ
പയ്യന്നൂർ : രക്തസാക്ഷി ഫണ്ട് വിഷയം പൊതുജനസമക്ഷത്തിൽ എത്തിച്ച വി.കുഞ്ഞികൃഷ്ണൻ ആവശ്യപ്പെടുകയാണെങ്കിൽ സംരക്ഷിക്കുവാൻ ബി.ജെ.പി.മുന്നോട്ട് വരുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ബി.ഗോപാലകൃഷ്ണൻ പറഞ്ഞു.സത്യം പറഞ്ഞയാൾ ഒറ്റുകാരനാകുന്ന സ്ഥിതി വിശേഷമാണുള്ളത്. വി.കുഞ്ഞികൃഷ്ണൻ മറ്റൊരു ടി.പി.ചന്ദ്രശേഖരനാവുമോ എന്ന് ഭയപ്പെടുന്നു.
സി.പി.എമ്മിന്റെത് ശവം തീനി രാഷ്ട്രീയമാണ്. അവരുടെ മുഴുവൻ രക്തസാക്ഷി ഫണ്ടും സംബന്ധിച്ച് ഓഡിറ്റ് നടത്തണം. എം.എൽ.എയെ രക്ഷിക്കാൻ തയ്യാറാവുന്ന പിണറായി വിജയനും എം.വി.ഗോവിന്ദനും ശരിയായ അന്വേഷണം നടത്തി വസ്തുത ജനങ്ങളെ അറിയിക്കുവാൻ തയ്യാറാകണം. ആരോപണം എം.എൽ.എക്കെതിരെ വന്നതിനാലാണ് ഇടപെടുന്നതെന്നും ഗോപാലകൃഷ്ണൻ വിശദീകരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |