പരുമല: മദ്ധ്യ തിരുവിതാംകൂറിൽ ആദ്യമായി ശസ്ത്രക്രിയ കൂടാതെ അന്നനാളത്തിലെ ക്യാൻസറിനുള്ള RIG (Radiologically Inserted Gastrostomy) ചികിത്സ വിജയകരമായി പൂർത്തിയാക്കി പരുമല ആശുപത്രി. അന്നനാളത്തിലെ അർബുദം മൂലം ആഹാരം കഴിക്കാൻ ഗുരുതര ബുദ്ധിമുട്ട് നേരിട്ടിരുന്ന കൊല്ലം സ്വദേശിയായ 65 വയസുകാരനാണ് അത്യാധുനിക RIG ചികിത്സ നൽകിയത്. സങ്കീർണമായ ശസ്ത്രക്രിയകൾ ഒഴിവാക്കി, ആമാശയത്തിലേക്ക് നേരിട്ട് ഭക്ഷണ ട്യൂബ് സ്ഥാപിക്കുന്ന ഈ നൂതന ഇന്റർവെൻഷണൽ റേഡിയോളജി (IR) ചികിത്സാ രീതി മദ്ധ്യ തിരുവിതാംകൂറിൽ ആദ്യമായാണ് നടപ്പിലാക്കുന്നത്. സാധാരണയായി ഇത്തരം രോഗികളിൽ റേഡിയേഷൻ ചികിത്സയ്ക്ക് മുന്നോടിയായി എൻഡോസ്കോപ്പി വഴി ആമാശയത്തിലേക്ക് ഫീഡിംഗ് ട്യൂബ് സ്ഥാപിക്കാറുണ്ട്. എന്നാൽ ട്യൂമർ വളർന്ന് അന്നനാളത്തിൽ തടസം ഉണ്ടാകുകയും എൻഡോസ്കോപ്പ് കടത്തിവിടാൻ കഴിയാത്തവിധം അർബുദം സങ്കീർണമാകുകയും ചെയ്യുന്ന സാഹചര്യങ്ങളിൽ ശസ്ത്രക്രിയ മാത്രമായിരുന്നു ഇതുവരെ ഏക മാർഗം. ഈ പരിമിതി മറികടക്കുന്നതിനായാണ് ഇന്റർവെൻഷണൽ റേഡിയോളജി വിഭാഗം RIG ചികിത്സാ രീതി സ്വീകരിച്ചത്. പരുമല ആശുപത്രിയിലെ ഇന്റർവെൻഷണൽ റേഡിയോളജിസ്റ്റ് ഡോ.ബിബിൻ സെബാസ്റ്റ്യൻ നേതൃത്വം നൽകിയ സംഘമാണ് ഈ നേട്ടം കൈവരിച്ചത്. അൾട്രാസൗണ്ട്, ഫ്ലൂറോസ്കോപ്പി സംവിധാനങ്ങളുടെ കൃതൃതയുള്ള സഹായത്തോടെ ശരീരത്തിന് പുറത്തുനിന്ന് ആമാശയത്തിലേക്ക് നേരിട്ട് ഫീഡിംഗ് ട്യൂബ് സ്ഥാപിച്ചു. ചികിത്സയും തുടർന്ന് നൽകിയ റേഡിയേഷൻ തെറാപ്പിയും വിജയകരമായി പൂർത്തിയാക്കിയ ശേഷം രോഗി ആശുപത്രി വിട്ടു. വലിയ ശസ്ത്രക്രിയകൾ ഒഴിവാക്കി ശരീരത്തിലെ വിവിധ അവയവങ്ങളിലേക്കുള്ള രക്തക്കുഴലുകൾ വഴി സൂക്ഷ്മ കത്തീറ്ററുകൾ ഉപയോഗിച്ച് രോഗനിർണയവും ചികിത്സയും സാദ്ധ്യമാക്കുന്ന കേരളത്തിലെ ആദ്യത്തെ സമഗ്ര ഇന്റർവെൻഷണൽ റേഡിയോളജി വിഭാഗം പരുമല ആശുപത്രിയിലേതാണെന്ന് അധികൃതർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |