SignIn
Kerala Kaumudi Online
Wednesday, 18 February 2026 6.51 PM IST

സംശയനിഴലിൽ നിർത്തി കുഞ്ഞിക്കൃഷ്ണന്റെ പുസ്തകം: ബാങ്കിനായി നാലിരട്ടി വിലയിൽ ഒരേക്കർ വാങ്ങി; ഫണ്ടിൽ 70 ലക്ഷത്തിന്റെ തിരിമറി

Increase Font Size Decrease Font Size Print Page
payyannur

കണ്ണൂർ: സി.പി.എം നിയന്ത്രണത്തിലുള്ള പയ്യന്നൂർ കോ ഓപ്പറേറ്റീവ് റൂറൽ ബാങ്കിനുവേണ്ടി ഒരേക്കർ ഭൂമി മതിപ്പ് വിലയുടെ നാലിരട്ടി നൽകി വാങ്ങിയെന്നതടക്കമുള്ള ഗുരുതര ആരോപണങ്ങളാണ് പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട മുൻ ജില്ലാ കമ്മിറ്റിയംഗം വി.കുഞ്ഞികൃഷ്ണന്റെ പുസ്തകത്തിലുള്ളത്. ഏകദേശം 20 കോടിയുടെ ഈ ഭൂമിയിടപാടിൽ വൻ ക്രമക്കേടുകൾ നടന്നതായും 'നേതൃത്വത്തെ അണികൾ തിരുത്തണം' എന്ന പുസ്തകത്തിലുണ്ട്.
പയ്യന്നൂർ എം.എൽ.എ ടി.ഐ.മധുസൂദനനും ഇടനിലക്കാർക്കും ഈ ഇടപാടിൽ പങ്കുണ്ടെന്ന ആരോപണവും കുഞ്ഞികൃഷ്ണൻ ഉന്നയിക്കുന്നുണ്ട്. പയ്യന്നൂർ ടൗണിനോട് ചേർന്നുള്ള ഒരേക്കർ ചതുപ്പ് ഭൂമി രണ്ട് സ്വകാര്യവ്യക്തികളിൽ നിന്നാണ് വാങ്ങിയത് . വെള്ളൂർ സ്വദേശി പൂളക്കൂൽ സുധാകരനിൽ നിന്ന് 35 സെന്റ് സ്ഥലം ഏഴേകാൽ കോടിയിലധികം രൂപയ്ക്ക് 2018 മാർച്ചിലാണ് ഭൂമി രജിസ്റ്റർ ചെയ്തത്. തുടർന്ന് 2018 ജൂലായിൽ 68 സെന്റ് സ്ഥലം ഡോ.റയാൻ പൈയിൽ നിന്നും കുടുംബത്തിൽ നിന്നും 14 കോടി രൂപയ്ക്കും വാങ്ങി. ബാങ്കിന് ഭൂമി നൽകിയ സ്വകാര്യവ്യക്തികൾ 2011ലും 2015ലും സെന്റിന് നാല് ലക്ഷത്തിന് താഴെ വിലയ്ക്കാണ് ഭൂമി വാങ്ങിയതെന്നും ചെറിയ വർഷങ്ങളുടെ ഇടവേളയിൽ സെന്റിന് 17 ലക്ഷം രൂപയായി വില ഉയ‌ർന്നതിലെ ദുരൂഹതയുമാണ് കുഞ്ഞിക്കൃഷ്ണൻ പുസ്തകത്തിൽ സൂചിപ്പിക്കുന്നത്. ബാങ്കിനായി സ്ഥലം വാങ്ങിയതിന് ശേഷം സമീപ പ്രദേശങ്ങളിൽ നടന്ന രജിസ്‌ട്രേഷൻ വെറും അഞ്ച് ലക്ഷം രൂപയ്ക്കായിരുന്നുവെന്നും പുസ്തകം ചൂണ്ടിക്കാട്ടുന്നു. പയ്യന്നൂർ ടൗണിൽ ഭൂമിക്ക് ഇത്രയും ഉയർന്ന വിലയുണ്ടെന്ന സിപിഎം നേതൃത്വത്തിന്റെ വാദം അണികൾ പോലും വിശ്വാസത്തിലെടുക്കുന്നില്ലെന്നും കുഞ്ഞിക്കൃഷ്ണൻ നിരീക്ഷിച്ചിട്ടുണ്ട്. ഇടപാടിലെ കമ്മിഷൻ വാങ്ങാനുള്ള സൗകര്യത്തിനായി തിരിമറി നടത്തിയെന്നാണ് ഇതുവഴി കുഞ്ഞികൃഷ്ണൻ സൂചിപ്പിക്കുന്നത്.
തണ്ണീർത്തട നെൽവയൽ സംരക്ഷണ നിയമപ്രകാരം നിർമ്മാണം നടത്താൻ അനുവാദമില്ലാത്ത ചതുപ്പ് ഭൂമിയാണ് ബാങ്കിനായി 20 കോടിയോളം രൂപ ചെലവിട്ട് വാങ്ങിയതെന്ന് പുസ്തകം പറയുന്നുണ്ട്. ഇതിൽ ജാഗ്രതക്കുറവുണ്ടായെന്ന് ഓഡിറ്റിൽ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. വർഷങ്ങൾക്കിപ്പുറവും ഈ ഭൂമി തരിശായിക്കിടക്കുകയാണെന്നും കുഞ്ഞിക്കൃഷ്ണൻ ചൂണ്ടിക്കാട്ടുന്നു.


ജീവനക്കാരിൽ നിന്നും പിരിച്ച 70 ലക്ഷത്തിന്റെ കണക്ക്

ഏരിയ കമ്മിറ്റി ഓഫീസ് കെട്ടിട നിർമാണത്തിനായി സഹകരണ ജീവനക്കാരുടെ ഇടയിൽ നിന്ന് പിരിച്ച 70 ലക്ഷം രൂപ കാണാനില്ലെന്നും പുസ്തകത്തിൽ ഉന്നയിക്കുന്നുണ്ട്.കെട്ടിട നിർമാണ ഫണ്ടിനായുള്ള രസീത് വ്യാജമായി നിർമ്മിച്ചതായും വരവിലും ചെലവിലും ക്രമക്കേടുകൾ നടത്തിയതായും ആരോപണമുണ്ട്.ധനരാജ് രക്തസാക്ഷി ഫണ്ട്, ഏരിയ കമ്മിറ്റി ഓഫീസ് നിർമാണ ഫണ്ട്, തിരഞ്ഞെടുപ്പ് ഫണ്ട് എന്നിവയിലെല്ലാം ടി.ഐ.മധുസൂദനൻ എം.എൽ.എ അടക്കമുള്ളവർ വൻ തിരിമറി നടത്തിയെന്നാണ് പുസ്തകത്തിലെ പ്രധാന ആരോപണം.പതിനാറ് അദ്ധ്യായങ്ങളും 96 പേജുകളുമുള്ള പുസ്തകത്തിന്റെ ആദ്യഭാഗത്ത് ആത്മകഥാത്മകമായ വിവരണങ്ങളുമുണ്ട്.

TAGS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY