SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.42 PM IST

പയ്യാവൂർ ഊട്ടുത്സവം ക്ഷണിക്കാൻ കോമരത്തച്ചൻ കുടകിലേക്ക് പുറപ്പെട്ടു

Increase Font Size Decrease Font Size Print Page
payyavoor-oot

പയ്യാവൂർ: കുടക് നിവാസികളും കേരളീയരും സംയുക്തമായി നടത്തുന്ന പയ്യാവൂർ ഊട്ട് മഹോത്സവം കുടകിലെ പ്രമുഖ തറവാടുകളിൽ ഊട്ട് അറിയിക്കുന്നതിനായി കിരാതമൂർത്തിയുടെ പ്രതിപുരുഷനായി കണക്കാക്കുന്ന കോമരത്തച്ചൻ കുടകിലേക്ക് പുറപ്പെട്ടു.
മകരമാസം പതിനഞ്ചിനാണ് പയ്യാവൂരപ്പന്റെ ഊട്ടുമഹോൽസവത്തിന്റെ പ്രാരംഭ ചടങ്ങായ 'ഊട്ടറിയിച്ച് പോകൽ' നടക്കുന്നത്.
കോമരത്തച്ഛൻ തലേ ദിവസം തന്നെ ക്ഷേത്രത്തിലെത്തി വ്രതാനുഷ്ടാനത്തോടെ വിശ്രമിക്കും. മകരം പതിനഞ്ചിന് പുലർച്ചെ ശുഭമുഹൂർത്തത്തിൽ 'കച്ചില' എന്ന വിശേഷപ്പെട്ട ഉത്തരീയവും ചുറ്റി ക്ഷേത്രത്തിലെ വിശേഷാൽ പ്രഭാത പൂജാകർമ്മങ്ങൾക്ക് ശേഷം മേൽശാന്തിയിൽ നിന്നും 'കടുത്തില' എന്ന സവിശേഷമായ തിരുവായുധവും ഏറ്റുവാങ്ങി ആചാരക്കുടയുമെടുത്ത് കിഴക്ക് ഭാഗത്തേ കുടക് വനത്തിനെ ലക്ഷ്യമാക്കി ഓടി മറയും,
പണ്ട് കാലത്ത് ഊട്ടുൽസവം മുടങ്ങിയപ്പോൾ ഊട്ട് നടത്തുന്നതിനായി കുടകിലെ പ്രധാനികളെ ചുമതലപ്പെടുത്തുന്നതിനായി കിരാതമൂർത്തി കുടകിലേക്ക് യാത്ര പോയതിനെ അനുസ്മരിപ്പിക്കും വിധമുള്ള ചടങ്ങാണ് ഊട്ടറിയിച്ച് പോകൽ.
കേരള അതിർത്തിയായ കാഞ്ഞിരക്കൊല്ലിയിലെ ഉടുമ്പ പുഴ കടന്ന് കാട്ടിലൂടെ കാൽ നടയായി ചെങ്കുത്തായ മലകയറിയാണ് കോമരത്തച്ഛൻ കുടകിൽ എത്തിചേരുന്നത്.

ആദ്യ ദിവസം വൈകിട്ടോടെ ചെയ്യന്റണയിലെ മുണ്ടിയോടന്റ തറവാട്ടിലെത്തി വിശ്രമിച്ച് പിറ്റേ ദിവസം രാവിലെ ബഹുരിയന്റ മനയിലും തുടർന്ന് കടിയത്ത് നാട്ടിലെ കോക്കേരി, തിരുന്താട്, ചേരമന, വലമ്പേരി , പാറാണെ, അരപ്പട്ട്, നടുക്കേരി, കടുംഗ, കരട, ചെയ്യന്റണ തുടങ്ങിയ പന്ത്രണ്ടോളം ഗ്രാമങ്ങളിലെ ക്ഷേത്രങ്ങളിലും പ്രധാന തറവാടുകളിലും ഊട്ടറിയിച്ച് വിരാജ്‌പേട്ടയ്ക്ക് അടുത്ത് ചേലാപുരത്തെ ചുഴലി ഭഗവതി ക്ഷേത്രത്തിലും ദർശനം നടത്തും.
പണ്ടു കാലത്ത് മടിക്കേരി ട്രഷറിയിലും ഊട്ട് അറിയിച്ച് പോകാറുണ്ടായിരുന്നു കുടക് രാജാവിന്റെ കാലത്ത് ഉണ്ടായിരുന്ന ഒരു ആചാരമായിരുന്നു ഇത്. ഇക്കാര്യം ട്രഷറിയിലെ രജിസ്ട്രറിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ അടുത്ത കാലത്തായി ഈ ചടങ്ങ് മുടങ്ങി പോയിട്ടുണ്ട്. പതിനൊന്നാമത്തെ ദിവസം ബമ്മട്ടൻപാറയിൽ വച്ച് വരുന്ന വർഷത്തേക്കുള്ള 'കണ്ടിപ്പണം ' കൈമാറി പയ്യാവൂരിലേക്ക് എത്തി പഴശി ഭഗവതി ക്ഷേത്രത്തിൽ എത്തി തിരുവായുധം വെച്ച് തൊഴുത് പയ്യാവൂരമ്പലത്തിലും തൊഴുതാണ് കോമരത്തച്ചൻ വീട്ടിലേക്ക് മടങ്ങുന്നത്.
ദേവസ്വം ചെയർമാൻ ബിജു തളിയിൽ, ട്രസ്റ്റി ബോർഡംഗം കെ.വി.ഉത്തമരാജൻ, ഊട്ടുൽസവ ആഘോഷ കമ്മിറ്റി രക്ഷാധികാരി പി.സുന്ദരൻ, മിടാവൂർ ക്ഷേത്രം പ്രസിഡന്റ് ഫൽഗുനൻ മേലേടത്ത്, ഗോവിന്ദൻ മഞ്ഞേരി , കെ.രമേശൻ . എന്നിവരുടെ നേതൃത്വത്തിലാണ് കോമരത്തച്ചനെ യാത്രയാക്കിയത്.

TAGS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY