കണ്ണൂർ: നഗരത്തിൽ വീണ്ടും തെരുവുനായ ശല്യം രൂക്ഷമാകുന്നു. ഇന്നലെ മൂന്നുപേർക്ക് കടിയേറ്റു. പാറക്കണ്ടിയിൽ വ്യാപാര ഭവനും നഴ്സറിക്കും സമീപത്താണ് തെരുവുനായ ആക്രമണമുണ്ടായത്. രമേശൻ(48), വിനോദ് (57) എന്നിവർക്കും മറ്റൊരാൾക്കുമാണ് കടിയേറ്റത്. ഇതിൽ സാരമായി പരിക്കേറ്റ രമേശൻ എന്നയാളെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടു പേർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. ജില്ലയിലെമ്പാടും തെരുവുനായ ശല്യം അനുദിനം വർദ്ധിക്കുന്ന സാഹചര്യമാണ്. കഴിഞ്ഞമാസം ക്രിസ്മസ് ആഘോഷിക്കാൻ കണ്ണൂരിലെത്തിയ വിദേശ വനിതയെ പയ്യാമ്പലത്തുവച്ച് തെരുവുനായ ആക്രമിച്ചിരുന്നു. ഇറ്റലി സ്വദേശിനി ജെസിക്ക സെറീന അലക്സാണ്ടറി (26) നെയാണ് തെരുവുനായ കടിച്ച് പരിക്കേൽപിച്ചത്.
ബീച്ചിൽ സവാരിക്കെത്തിയപ്പോഴാണ് തെരുവുനായകൾ കൂട്ടമായി ആക്രമിക്കാനെത്തുകയും കാലിൽ കടിക്കുകയും ചെയ്തത്. കഴിഞ്ഞ ബുധനാഴ്ച കല്യാശേരിയിൽ പള്ളിയിലേക്ക് പോകാൻ വീട്ടിൽ നിന്നും ഇറങ്ങിയ വിദ്യാർത്ഥി തെരുവുനായ കൂട്ടത്തിൽ നിന്നും തലനാരിഴക്കാണ് രക്ഷപ്പെട്ടത്. വിദ്യാർത്ഥിയുടെ വീടിനടുത്തെ ആളൊഴിഞ്ഞ പറമ്പിൽ തമ്പടിച്ച നായകളാണ് ആക്രമിക്കാനെത്തിയത്. ഇത്തരത്തിൽ നിരവധി സംഭവങ്ങളാണ് ജില്ലയിലെമ്പാടും റിപ്പോർട്ട് ചെയ്യുന്നത്.
നഗരത്തിൽ പയ്യാമ്പലം ബീച്ച് പരിസരം, പഴയ ബസ് സ്റ്റാൻഡ്, ജില്ലാ ആശുപത്രി പരിസരം എന്നിവിടങ്ങളിലെല്ലാം നായകൾ തമ്പടിക്കുന്നുണ്ട്. കഴിഞ്ഞ വർഷം നഗരത്തിൽ രണ്ടു ദിവസങ്ങളിൽ എൺപതോളം പേർക്ക് തെരുവുനായ ആക്രമണമുണ്ടായിരുന്നു. അന്ന് കോർപ്പറേഷനും ജില്ലാ പഞ്ചായത്ത് പ്രതിനിധികളുമെല്ലാം തെരുവുനായ ശല്യം പ്രതിരോധിക്കാൻ വേണ്ടതെല്ലാം ചെയ്യുമെന്ന് പറഞ്ഞിരുന്നുവെങ്കിലും തദ്ദേശ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ പിന്നീട് യാതൊരു നടപടിയുമുണ്ടായിട്ടില്ല.
ഡി.പി.ആർ തയ്യാറാക്കും
തെരുവുനായ പ്രശ്നം പരിഹരിക്കുന്നതിന്റെ ആദ്യ ഘട്ടമായി എട്ടുമാസത്തിനുള്ളിൽ കോർപ്പറേഷൻ പരിധിയിലെ മുഴുവൻ നായകൾക്കും വാക്സിനേഷൻ നൽകുന്നതുമായി ബന്ധപ്പെട്ട ഡി.പി.ആർ തയാറാക്കുന്നുണ്ടെന്ന് സെക്രട്ടറി കഴിഞ്ഞ കൗൺസിൽ യോഗത്തിൽ പറഞ്ഞിരുന്നു. കാടുമൂടിയ സ്ഥലങ്ങളിലും ആളൊഴിഞ്ഞ പറമ്പുകളിലും വീട്ടുപരിസരങ്ങളിലുമാണ് തെരുവുനായകൾ തമ്പടിക്കുന്നത്. ഇത് പരിഹരിക്കാൻ കോർപ്പറേഷന്റെ നേതൃത്വത്തിൽ ഇത്തരം സ്ഥലങ്ങൾ ശുചിയാക്കാൻ തയാറാണെന്നും അതിന് ചെലവാകുന്ന തുക സ്ഥലമുടകളിൽ നിന്നും ഈടാക്കുമെന്നും സെക്രട്ടറി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |