പെരിന്തൽമണ്ണ: കുട്ടികൾക്കെതിരെ വർദ്ധിച്ചുവരുന്ന അതിക്രമങ്ങൾ തടയുന്നതിനും അവരുടെ സംരക്ഷണം ഉറപ്പാക്കുന്നതിനുമായി പെരിന്തൽമണ്ണ ചെറുകര എസ്. എൻ.ഡി.പി.വൈ.എസ്.എസ് കോളേജിലെ സോഷ്യൽ വർക്ക് ഡിപ്പാർട്ട്‌മെന്റും സോഷ്യൽ വർക്ക് അലുംമ്നി അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന 'വിങ്സ് ഓഫ് ലവ്' കാമ്പയിന് തുടക്കമായി. 'സുരക്ഷിത ബാല്യം, കരുത്തുറ്റ സമൂഹം' എന്ന സന്ദേശവുമായി ആരംഭിച്ച ഈ കാമ്പയിൻ, കുട്ടികൾ നേരിടുന്ന ശാരീരികമാനസിക അതിക്രമങ്ങളെക്കുറിച്ച് സമൂഹത്തെ ബോധവത്കരിക്കാനാണ് ലക്ഷ്യമിടുന്നത്. ക്യാമ്പയിന്റെ ഭാഗമായി സ്‌കൂളുകളിലും അങ്കണവാടികളിലും ബോധവത്കരണ ക്ലാസുകൾ, ട്രെയിനിംഗ് പ്രോഗ്രാമുകൾ, സെമിനാറുകൾ എന്നിവ സംഘടിപ്പിക്കും. കാമ്പയിന്റെ സന്ദേശം കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി ദക്ഷിണേന്ത്യയിലെ വിവിധ പ്രമുഖ നഗരങ്ങളിലൂടെ സന്ദേശ യാത്ര നടത്തും. കോഴിക്കോട്, പോണ്ടിച്ചേരി, ചെന്നൈ, ഹൈദരാബാദ്, എന്നീ നഗരങ്ങളിലൂടെ ഈ യാത്ര കടന്നപോകും. ഫെബ്രുവരി നാലിന് ബാംഗ്ലൂരിൽ യാത്ര സമാപനം കുറിക്കും. പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. നജ്മ തബ്ഷീറ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു. പെരിന്തൽമണ്ണ മുനിസിപ്പൽ ചെയർപേഴ്സൺ പച്ചീരി സുരയ്യ ഫാറൂഖ് സന്ദേശയാത്ര പ്രചരണ ഉദ്ഘാടനം നിർവ്വഹിച്ചു. പ്രിൻസിപ്പൽ പ്രൊഫ.പി.കെ ജഗന്നാഥൻ ലോഗോ പ്രകാശനം ചെയ്തു. സോഷ്യൽ വർക്ക് ഡിപ്പാർട്ട്‌മെന്റ് എച്ച്.ഒ.ഡി ഡോ. കെ.മുഹമ്മദ് ഷാഫി ക്യാമ്പയിന്റെ ലക്ഷ്യങ്ങൾ വിശദീകരിച്ചു. കുട്ടികളുടെ മാനസികവും സാമൂഹികവുമായ സുരക്ഷ മുൻനിർത്തി നടത്തുന്ന ഈ കാമ്പയിനിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ ഹാരിസ്, ഏലംകുളം പഞ്ചായത്ത് പ്രസിഡന്റ് ഷഹീന എം.പി, ബ്ലോക്ക് അംഗം ജലീൽ പി.പി, ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ ഫസൽ പുള്ളാട്ട്, പി.പി സലീം, വൈസ് പ്രിൻസിപ്പാൾ പി.കെ സുജീഷ്, അധ്യാപകരായ വർഷ പി, അനശ്വര, അൻഫാസ് പാലത്തിങ്ങൽ തുടങ്ങിവർ പങ്കു ചേർന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |