
ആലുവ: ശ്രീനാരായണ ഗുരുദേവൻ സ്ഥാപിച്ച ആലുവ അദ്വൈതാശ്രമത്തിൽ 'സർവമത സമ്മേളന ശതാബ്ദി സ്മാരകം' നിർമ്മിക്കാൻ ഫണ്ട് അനുവദിക്കുമെന്ന സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പ്രഖ്യാപനം ജലരേഖയായി.
കഴിഞ്ഞ ഒക്ടോബർ 29ന് അദ്വൈതാശ്രമം സന്ദർശിച്ച മന്ത്രി ആശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യയിൽ നിന്ന് നിവേദനവും 12 കോടി രൂപ ചെലവ് വരുന്ന പദ്ധതിയുടെ രൂപരേഖയും ഏറ്റുവാങ്ങിയ ശേഷമാണ് പ്രഖ്യാപനം നടത്തിയത്. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിയുമായി ചർച്ചനടത്തി സർക്കാരിന്റെ പത്താം വാർഷിക പദ്ധതിയിൽപ്പെടുത്തി പ്രഖ്യാപിക്കുമെന്നായിരുന്നു മന്ത്രിയുടെ ഉറപ്പ്. സാംസ്കാരിക വകുപ്പ് അദ്വൈതാശ്രമത്തിൽ സംഘടിപ്പിച്ച മതമൈത്രി സംഗമത്തിന്റെ ഒരുക്കങ്ങൾ വിലയിരുത്താനെത്തിയ മന്ത്രി, സർവമത സമ്മേളന ശതാബ്ദിയുടെ ഭാഗമായി ആശ്രമത്തിന് എന്താണ് വേണ്ടതെന്ന് ചോദിച്ചാണ് നിവേദനം സ്വീകരിച്ചത്. നേരത്തെ മുഖ്യമന്ത്രിക്ക് നൽകിയിട്ടുണ്ടെന്ന് പറഞ്ഞപ്പോൾ തനിക്കും കൂടി ഒരു കോപ്പി തരാൻ മന്ത്രി ആവശ്യപ്പെടുകയായിരുന്നു.
ഗുരുസന്ദേശങ്ങളുടെ ലൈബ്രറി, ഹാൾ, അതിഥികൾക്കുള്ള താമസ സൗകര്യം എന്നിവയെല്ലാം മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തിയിട്ടുണ്ടായിരുന്നു. മന്ത്രി ആശ്രമത്തിൽ നേരിട്ടെത്തി നൽകിയ ഉറപ്പ് പാലിക്കാത്തതിൽ നിരാശയുണ്ടെന്ന് ആശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |