
തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ റൺമഴ പെയ്യിച്ച് ഇന്ത്യൻ ബാറ്റർമാർ. ന്യൂസിലൻഡിനെതിരായ അഞ്ചാം ട്വന്റി-20യിൽ ഇഷാൻ കിഷന്റെ തകർപ്പൻ സെഞ്ച്വറിയുടെ കരുത്തിൽ ഇന്ത്യ നിശ്ചിത 20 ഓവറിൽ 271/5 എന്ന കൂറ്റൻ സ്‌കോറാണ് പടുത്തുയർത്തിയത്. കരിയറിലെ തന്റെ ആദ്യ അന്താരാഷ്ട്ര ട്വന്റി-20 സെഞ്ച്വറി കുറിച്ച ഇഷാൻ 43 പന്തിൽ 103 റൺസെടുത്താണ് പുറത്തായത്.
തുടക്കം മുതൽ ആക്രമിച്ചു കളിച്ച ഇഷാൻ കിഷൻ വെറും 43 പന്തിലാണ് മൂന്നക്ക സംഖ്യ തൊട്ടത്. 240 സ്‌ട്രൈക്ക് റേറ്റിൽ ബാറ്റ് വീശിയ ഇഷാന്റെ ഇന്നിംഗ്സിൽ 10 സിക്സറുകളും ആറ് ഫോറുകളുമാണ് പിറന്നത്. 28 പന്തിൽ അർദ്ധ സെഞ്ച്വറി തികച്ച താരം പിന്നീട് കൂടുതൽ അപകടകാരിയായി.
കിവീസ് സ്പിന്നർ ഇഷ് സോധിയെ ഒരോവറിൽ നാല് ഫോറും രണ്ട് സിക്സറുമടക്കം അടിച്ചാണ് ഇഷാൻ അർദ്ധസെഞ്ച്വറി തികച്ചത്. താരത്തിന്റെ മിന്നും പ്രകടനത്തെ 'കൊല ഫോം' എന്നാണ് കമന്ററി ബോക്സിൽ സുനിൽ ഗാവസ്‌കർ വിശേഷിപ്പിച്ചത്. മൂന്നാം വിക്കറ്റിൽ നായകൻ സൂര്യകുമാർ യാദവിനൊപ്പം ചേർന്ന് ഇഷാൻ തീർത്ത 137 റൺസിന്റെ കൂട്ടുകെട്ടായിരുന്നു ഇന്ത്യൻ ഇന്നിംഗ്സിന് അടിത്തറയായത്.
30 പന്തിൽ 63 റൺസ് നേടി നായകൻ സൂര്യകുമാർ യാദവും മികച്ച പിന്തുണയാണ് നൽകിയത്. അവസാന ഓവറുകളിൽ 17 പന്തിൽ 42 റൺസുമായി ഹാർദിക് പാണ്ഡ്യ തകർത്താടി. 16 പന്തിൽ 30 റൺസുമായി അഭിഷേക് ശർമ്മയും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. മലയാളി ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സഞ്ജു ആറ് പന്തിൽ ആറ് റൺസെടുത്ത് പുറത്തായത് നിരാശയായി. സെഞ്ച്വറി പൂർത്തിയാക്കിയതിന് തൊട്ടുപിന്നാലെ ജേക്കബ് ഡഫിയാണ് ഇഷാനെ പുറത്താക്കിയത്. 272 റൺസ് എന്ന കൂറ്റൻ ലക്ഷ്യം പിന്തുടരുന്ന ന്യൂസിലൻഡിന് കാര്യവട്ടത്ത് പിടിച്ച് നിൽക്കണമെങ്കിൽ അത്ഭുതങ്ങൾ സംഭവിക്കേണ്ടി വരും. ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |