SignIn
Kerala Kaumudi Online
Wednesday, 18 February 2026 10.24 PM IST

എസ്.ഐ.ആർ 81,000 നോൺമാപ്പിംഗ് കേസുകൾ പരിഹരിച്ചു; അടുത്ത ആഴ്ചയോടെ ഹിയറിംഗ് പൂർത്തിയാകും: ജില്ലാ കളക്ടർ

Increase Font Size Decrease Font Size Print Page

മലപ്പുറം: എസ്.ഐ.ആർ പരിഷ്‌കരണവുമായി ബന്ധപ്പെട്ട് കണ്ടെത്താനാവാത്ത 81,000 കേസുകൾ പരിഹരിച്ചു കഴിഞ്ഞെന്നും ലോജിക്കൽ വ്യത്യാസമുൾപ്പെടെ ഹിയറിംഗ് ആവശ്യമുള്ള മൂന്നുലക്ഷം കേസുകൾ പ്രത്യേക ഹിയറിംഗ് നടത്തി അടുത്ത ആഴ്ചയോടെ പരിഹരിക്കുമെന്നും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ വി.ആർ.വിനോദ് ജില്ലാ വികസന സമിതി യോഗത്തിൽ അറിയിച്ചു. എസ്.ഐ.ആർ.പരിഷ്‌കരണം വഴി വോട്ടവകാശമുള്ള ആരും വോട്ടർപട്ടികയിൽ നിന്ന് പുറത്താകുന്ന സാഹചര്യമുണ്ടാകില്ലെന്നും കളക്ടർ പറഞ്ഞു. എസ്.ഐ.ആർ ജോലികളുടെ പുരോഗമനം സംബന്ധിച്ച് പി.ഉബൈദുള്ള എം.എൽ.എയാണ് ചോദ്യമുന്നയിച്ചത്. വില്ലേജ് ഓഫീസുകളിൽ ഹെൽപ് ഡെസ്‌കുകൾ രൂപീകരിച്ചിട്ടുണ്ട്. ഫോം 6, 7, 8, 8 എ ഉൾപ്പെടെയുള്ള ആറുലക്ഷത്തിലധികം അപേക്ഷകൾ പരിഗണിച്ച് ഫെബ്രുവരി 14ഓടെ നടപടികൾ പൂർത്തിയാക്കുമെന്ന് കളക്ടർ പറഞ്ഞു.

എം.എൽ.എമാരുടെ ആസ്തിവികസന ഫണ്ടിൽ നിന്നുള്ള പദ്ധതികൾക്ക് ഭരണാനുമതി നൽകുന്നതിലെ കാലതാമസം ആബിദ് ഹുസൈൻ തങ്ങൾ വികസന സമിതിയോഗത്തിന്റെ ശ്രദ്ധയിൽപ്പെടുത്തി. ആസ്തിവികസന ഫണ്ടിൽ നിന്നുള്ള പ്രവൃത്തികളുടെ ഭരണാനുമതി വൈകില്ലെന്നും ഇതിനായി പ്രത്യേക യോഗം ചേരുമെന്നും കളക്ടർ പറഞ്ഞു. അടുത്ത ജില്ലാ വികസന സമിതി യോഗത്തിന് പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിനായി ഉദ്യോഗസ്ഥരുടെ പ്രീ വികസന സമിതി യോഗം 25ന് രാവിലെ 10.30ന് ചേരുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.

ജില്ലാ പൊലീസ് മേധാവി, പി.ഡബ്ല്യു.ഡി റോഡ്സ് വിഭാഗം, എൻഫോഴ്സ്‌മെന്റ് വിഭാഗം എന്നിവയുടെ റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട യോഗം ഫെബ്രുവരി മൂന്നിന് വൈകിട്ട് മൂന്നിന് കോട്ടക്കൽ മുൻസിപ്പാലിറ്റിയിൽ ചേരുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. കോട്ടക്കൽ പുത്തൂർ ചെനക്കൽ ബൈപ്പാസ് മൂന്നാംഘട്ടത്തിനായുള്ള ടോട്ടൽ സ്റ്റേഷൻ സർവേ പൂർത്തീകരിച്ചിട്ടുണ്ടെന്ന് ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ ചോദ്യത്തിന് മറുപടിയായി പൊതുമരാമത്ത് റോഡ്സ് വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

സിവിൽ സ്റ്റേഷനിലെ കുടുംബകോടതിയുടെ കെട്ടിടം അവസാന ഘട്ട നിർമ്മാണത്തിലാണെന്നും മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടർ ഓഫീസിന്റെ നിർമ്മാണ പ്രവൃത്തികൾ പുരോഗമിക്കുന്നുവെന്നും ആർ.ടി.ഓഫീസ് കെട്ടിട നിർമ്മാണ പ്രപ്പോസൽ അനുമതിക്കായി സമർപ്പിച്ചിരിക്കുകയാണെന്നും പി.ഡബ്ള്യു.ഡി ബിൽഡിംഗ്സ് വിഭാഗം എക്സി. എൻജിനീയർ അറിയിച്ചു. ഉബൈദുള്ള എം.എൽ.എയാണ് ചോദ്യമുന്നയിച്ചത്.

ദേശീയപാതയുമായി ബന്ധപ്പെട്ട ഡ്രെയിനേജ് സംവിധാനങ്ങളുടെ നിർമ്മാണത്തെക്കുറിച്ച് കെ.പി.എ.മജീദ് എം.എൽ.എയുടെ ചോദ്യത്തിന് ഇതിനായുള്ള ഫണ്ട് ദേശീയപാത അതോറിറ്റി റിലീസ് ചെയ്താലുടൻ എൽ.എസ്.ജി.ഡി.എക്സിക്യൂട്ടീവ് എൻജിനീയർക്ക് കൈമാറുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

തിരൂർ ജില്ലാ ആശുപത്രിയിൽ അർബുദ രോഗികളുടെ മരുന്ന് ക്ഷാമവുമായി ബന്ധപ്പെട്ട വിഷയത്തിൽ ആരോഗ്യ വകുപ്പ് ഡയറക്ടറുടെ അടിയന്തര ഇടപെടലിനായി കത്ത് നൽകിയിട്ടുണ്ടെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

ജില്ലാ ആസൂത്രണസമിതി ഹാളിൽ ജില്ലാ കളക്ടർ വി.ആർ.വിനോദിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എം.എൽ.എമാരായ ആബിദ് ഹുസൈൻ തങ്ങൾ, കെ.പി.എ.മജീദ്, പി.ഉബൈദുള്ള, എ.ഡി.എം കെ.ദേവകി, സബ് കളക്ടർ സാക്ഷി മോഹൻ, ജില്ലാ പ്ലാനിംഗ് ഓഫീസർ ടി.വി.ഷാജു, ജില്ലാതല ഉദ്യോഗസ്ഥർ, എം.പി,​ എം.എൽ.എമാരുടെ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

TAGS: LOCAL NEWS, MALAPPURAM, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY