കൊല്ലം: കൊല്ലം മേയർ എ.കെ. ഹഫീസിന്റെ വീടിന് സമീപമെത്തുമ്പോഴേ പക്ഷികളുടെ പാട്ടും കുറുകലും കേൾക്കാം. ശബ്ദം കേട്ട് അകത്തെത്തിയാൽ ഒന്നും രണ്ടുമല്ല, സ്വദേശിയും വിദേശിയുമടക്കം ഇരുനൂറോളം പക്ഷികളെ കാണാം. അഞ്ചുലക്ഷം രൂപ വിലയുള്ള മൊളൂക്കൻ കൊക്കറ്റു മുതൽ നാടൻ വെള്ളരിപ്രാവുകൾ വരെയുണ്ട്.
ജോഡിക്കു അഞ്ചുലക്ഷം രൂപ വിലയുള്ള തത്ത വർഗത്തിൽപ്പെട്ട നാലു സൺകുനോറുകൾ, രണ്ടുലക്ഷം വരെ വിലയുള്ള ഗ്രേ പാരറ്റ്, ഫ്രിഞ്ചേഴ്സ്, പോരു കോഴികൾ, കുഞ്ഞൻ കോഴികൾ, വൈറ്റ് ലഗൂൺ, നൂറോളം പ്രാവുകൾ ഇങ്ങനെ നീളുന്നു പക്ഷികളുടെ നിര. പലതിനെയും വിനോദയാത്രയ്ക്കിടെ ബംഗളൂരു, ഡൽഹി, മുംബയ് എന്നിവിടങ്ങളിൽ നിന്ന് വാങ്ങിയതാണ്.
കൊല്ലം ഹൈസ്കൂൾ ജംഗ്ഷനിലെ 'സഫയറിന്റെ" വീട്ടുമുറ്റത്ത് ഓരോ ഇനത്തിനും പ്രത്യേകം കൂടുകളുണ്ട്. പക്ഷികളുടെ ഭക്ഷണത്തിനും മരുന്നിനുമായി ഒരുമാസം 50,000 രൂപവരെയാണ് ചെലവ്. പക്ഷികളെ പരിപാലിക്കാൻ രണ്ട് സഹായികളുമുണ്ട്.
കിച്ചുവും നീലുവും ചങ്ക് കൂട്ടുകാർ
ഹഫീസിന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കൾ കിച്ചുവും നീലുവുമാണ്. ഇരുവരും അദ്ദേഹത്തെ വിളിക്കുന്നത് 'ബാപ്പൂ" എന്ന്. ഊണും ഉറക്കവും ഹഫീസിനും ഭാര്യ സുലൈഖയ്ക്കുമൊപ്പം. തത്ത വർഗത്തിൽപ്പെട്ട വെള്ള മൊളൂക്കൻ കൊക്കറ്റുവാണ് കിച്ചു. നീലു ബ്ലൂഗോൾഡ് മെക്കാവോയാണ്. വില 2.4 ലക്ഷത്തോളം. നീലു 15 വർഷമായി ഈ വീട്ടിലെ അംഗമാണ്. കിച്ചു എത്തിയിട്ട് 12 വർഷം കഴിയുന്നു.
പക്ഷിപ്രണയത്തിന് 36 വയസ്
1989ലെ പാർലമെന്റ് തിരഞ്ഞെടുപ്പ് കാലത്താണ് വളർത്തുപക്ഷികളോടുള്ള പ്രണയം ആരംഭിച്ചത്. അന്ന് സ്ഥാനാർത്ഥിയായിരുന്ന രമേശ് ചെന്നിത്തലയുടെ പ്രചാരണത്തിനായി കോട്ടയത്ത് പോയ ഹഫീസ്, ശാസ്ത്രി റോഡിലെ ഇലക്ഷൻ കമ്മിറ്റി ഓഫീസ് സമീപത്തെ പെറ്റ് സെന്ററിൽ നിന്ന് ആറ് പ്രാവുകളെ വാങ്ങി. പിന്നീട് യാത്രകൾക്കും എക്സിബിഷനുകൾക്കും പോകുമ്പോഴെല്ലാം പക്ഷികളെ വാങ്ങാൻ തുടങ്ങി. വില കൂടിയ ഇനങ്ങളടക്കം മുട്ടയിട്ട് വിരിഞ്ഞിട്ടുണ്ട്. പക്ഷികളെ സൗജന്യമായി നൽകിയിട്ടുണ്ടെങ്കിലും ഇതുവരെ ഒന്നിനെപ്പോലും വിറ്റിട്ടില്ല. മൂത്തമകൾ ഡോ. നിബിനും പക്ഷികളോട് താത്പര്യമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |