കാസർകോട്: കേരളത്തിന്റെ വികസനത്തിന് സഹായമൊന്നും അനുവദിക്കാതെ വാശിയും വെല്ലുവിളിയും യുദ്ധ പ്രഖ്യാപനവുമാണ് കേന്ദ്ര ബഡ്ജറ്റിലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.
സംസ്ഥാനം പ്രതീക്ഷിച്ചതൊന്നും അനുവദിച്ചില്ല. സർക്കാർ കേന്ദ്രത്തിനു മുന്നിൽ വച്ച 29 ആവശ്യങ്ങളിൽ ഒന്നുപോലും പരിഗണിച്ചില്ല. എയിംസ് അടക്കമുള്ള പദ്ധതികളും അതിവേഗ റെയിൽ ഇടനാഴിയും തന്നില്ല. കേരളത്തിലെ ധാതുഖനനം നടത്തുന്ന പദ്ധതിക്ക് അംഗീകാരം ലഭിക്കുമെന്ന് കരുതിയെങ്കിലും കേന്ദ്രം പ്രഖ്യാപിച്ചത് സ്വകാര്യ മേഖലയ്ക്ക് നൽകാനാണ്. ആയുർവേദ ചികിത്സയെ പ്രോത്സാഹിപ്പിക്കുന്നതിനും ഗവേഷണത്തിനുമായി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ആയുർവേദ പ്രഖ്യാപിച്ചപ്പോഴും ആയുർവേദത്തിന്റെ പ്രധാന കേന്ദ്രമായ കേരളത്തെ തഴഞ്ഞു.
വികസന മുന്നേറ്റ ജാഥയിലൂടെ കഴിഞ്ഞ പത്ത് വർഷം സംസ്ഥാനം കൈവരിച്ച നേട്ടങ്ങളും ഭരണമികവും ജനങ്ങളോട് വിശദീകരിക്കുമെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞു. എൽ.ഡി.എഫ് നേതാക്കളായ അഡ്വ. പി. സന്തോഷ് കുമാർ, അഡ്വ. പി.എം. സുരേഷ് ബാബു, മാത്യു കുന്നപ്പള്ളി, ബാബു ഗോപിനാഥ്, പി.പി. ദിവാകരൻ, കാസിം ഇരിക്കൂർ, മനയത്ത് ചന്ദ്രൻ, വടവൂർ മോനച്ചൻ, നൈസ് മാത്യു, എ.ജെ. ജോയ്, എം.വി. ജയരാജൻ, സലീഖ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |