ജാഥ ഇന്ന് കണ്ണൂർ ജില്ലയിൽ
കാസർകോട്: എൽ.ഡി.എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള വടക്കൻ മേഖല വികസന മുന്നേറ്റ ജാഥയ്ക്ക് തുളുനാട്ടിൽ അത്യുജ്വല തുടക്കം. എൽ.ഡി.എഫിനെതിരെ യു.ഡി.എഫ് നടത്തിവരുന്ന കള്ളപ്രചരണങ്ങളെ തുറന്നുകാട്ടലും കഴിഞ്ഞ 10 വർഷത്തെ എൽ.ഡി.എഫ് ഭരണകാലത്ത് വിവിധ മേഖലകളിൽ പൂർത്തീകരിച്ചതും നടന്നുവരുന്നതുമായ വൻവികസന ക്ഷേമ പ്രവർത്തനങ്ങൾ വിശദീകരിക്കുന്നതിനും കേന്ദ്രത്തിന്റെ വർഗീയവും ജനവിരുദ്ധവുമായ നയങ്ങളും കേരളത്തോട് സ്വീകരിച്ചുവരുന്ന രാഷ്ട്രീയ വിവേചനപരമായ അവഗണനയും തുറന്നുകാട്ടുന്ന ജാഥ സി.പി.എം പോളിറ്റ് ബ്യുറോ അംഗമായ മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്‌ഘാടനം ചെയ്തത്.
ജാഥയുടെ ഉദ്‌ഘാടനത്തിന് മംഗളുരു വിമാനത്താവളത്തിൽ ഇറങ്ങി ഉദ്‌ഘാടന സ്ഥലമായ കുമ്പളയിൽ എത്തിയ മുഖ്യമന്ത്രിക്ക് ആവേശകരമായ വരവേൽപ്പാണ് എൽ.ഡി.എഫ് പ്രവർത്തകർ നൽകിയത്. വേദിയിൽ തുളുനാടിന്റെ പരമ്പരാഗത വേഷമായ തലപ്പാവ് അണിയിച്ചാണ് സി.പി.എം മഞ്ചേശ്വരം ഏരിയ സെക്രട്ടറിയും ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ കെ.ആർ ജയാനന്ദ അദ്ദേഹത്തെ സ്വീകരിച്ചത്. സർക്കാരിന്റെ ഭരണ മികവ് എണ്ണിപറഞ്ഞും നിയമസഭാ തിരഞ്ഞെടുപ്പ് അങ്കത്തിന് മുന്നണി പ്രവർത്തകർക്ക് ആവേശം പകർന്നുമാണ് മുഖ്യമന്ത്രി ഒരു മണിക്കൂറിലേറെ പ്രസംഗിച്ചത്.
ഉദ്‌ഘാടന പരിപാടിയിൽ ഇ. ചന്ദ്രശേഖരൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. എൽ.ഡി.എഫ് കൺവീനർ കെ.പി സതീഷ് ചന്ദ്രൻ സ്വാഗതം പറഞ്ഞു. ജാഥയുടെ മാനേജർ സി.പി.ഐ ദേശീയ എക്സിക്യൂട്ടീവ് അംഗം അഡ്വ. പി. സന്തോഷ് കുമാർ എം.പി, സ്ഥിരാംഗങ്ങളായ കെ.എസ് സലീഖ (സി.പി.എം), മാത്യു കുന്നപള്ളി (കേരള കോൺഗ്രസ്- എം). പി.പി ദിവാകരൻ (ഐ.എസ്.ജെ.ഡി) അഡ്വ. പി.എം സുരേഷ് ബാബു (എൻ.സി.പി.എസ്), മനയത്ത് ചന്ദ്രൻ (ആർ.ജെ.ഡി), ബാബു ഗോപിനാഥ് (കോൺഗ്രസ് -എസ്), വടകോട് മോനച്ചൻ (കേരള കോൺഗ്രസ് -ബി), അഡ്വ. എ.ജെ ജോസഫ് (ജനാധിപത്യ കേരള കോൺഗ്രസ്), കാസിം ഇരിക്കൂർ (ഐ.എൻ.എൽ), അഡ്വ. നൈസ് മാത്യു (കേരള കോൺഗ്രസ് സ്‌കറിയ) എന്നിവരും
സി.പി.എം നേതാക്കളായ എം.വി ജയരാജൻ, പി. കരുണാകരൻ, എം. രാജഗോപാലൻ എം.എൽ.എ, അഡ്വ. സി.എച്ച് കുഞ്ഞമ്പു എം.എൽ.എ, വി.പി.പി മുസ്തഫ, വി.വി രമേശൻ, സി.പി.ഐ നേതാക്കളായ സത്യൻ മൊകേരി, സി.പി ബാബു, എൻ.സി.പി എസ് ജില്ലാ പ്രസിഡന്റ് കരീം ചന്തേര, ഐ.എസ്.ജെ.ഡി ജില്ലാ പ്രസിഡന്റ് പി.പി രാജു, കോൺഗ്രസ് -എസ് ജില്ലാ പ്രസിഡന്റ് പി.വി ഗോവിന്ദൻ, ആർ.ജെ.ഡി ജില്ലാ പ്രസിഡന്റ് വി.വി കൃഷ്ണൻ, കേരള കോൺഗ്രസ് -എം ജില്ലാ പ്രസിഡന്റ് സജി സെബാസ്റ്റ്യൻ തുടങ്ങിയവർ സംസാരിച്ചു.
ആദ്യസ്വീകരണ കേന്ദ്രമായ നുള്ളിപ്പാടിയിൽ വലിയ സ്വീകരണമാണ് പ്രവർത്തകർ ജാഥക്ക് ഒരുക്കിയത്. ജാഥ മാനേജർ അഡ്വ. സന്തോഷ് കുമാർ, കാസിം ഇരിക്കൂർ, കെ.എസ് സുലേഖ എന്നിവർ സംസാരിച്ചു. തിങ്കളാഴ്ച പെരിയാട്ടടുക്കം, കാഞ്ഞങ്ങാട്, കാലിക്കടവ് എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്കു ശേഷം ജാഥ കണ്ണൂർ ജില്ലയിലേക്ക് കടക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |