SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.03 PM IST

കാരയ്ക്കാമണ്ഡപം സ്‌ഫോടനം: പ്രത്യേക സംഘം അന്വേഷിക്കും

Increase Font Size Decrease Font Size Print Page

fir

നേമം: കാരയ്ക്കാമണ്ഡപത്തിന് സമീപം വീടിന്റെ ഗോവണിക്കടിയിലുണ്ടായ ഉഗ്രസ്‌ഫോടനത്തിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ പ്രത്യേക അന്വേഷണം സംഘത്തെ രൂപീകരിച്ചു. സിറ്റി പൊലീസ് കമ്മിഷണർ കാർത്തിക്കിന്റെ മേൽനോട്ടത്തിൽ ഫോർട്ട്‌ എ.സി.പി ബിനുകുമാർ,നേമം സി.ഐ രഗീഷ് കുമാർ എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിക്കുക.

സംഭവസ്ഥലത്തുനിന്ന് മാരക സ്‌ഫോടനശേഷിയുള്ള 38 ഡിറ്റണേറ്ററുകൾ ബോംബ് സ്‌ക്വാഡ് കണ്ടെത്തിയിരുന്നു. കാരയ്ക്കമണ്ഡപം കാരക്കാട് ലെയ്‌നിൽ മൈക്കിൾ എന്നയാളുടെ വീട്ടിൽ കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സ്‌ഫോടനമുണ്ടായത്. ഗോവണിക്കടിയിൽ പട്ടിക്കൂട് നിർമ്മിക്കുന്നതിനായി വെൽഡിംഗ് ചെയ്യുന്നതിനിടെയാണ് അപകടം. വെൽഡിംഗ് റോഡ് സിമന്റ് തറയിൽ തട്ടിയതോടെയാണ് പൊട്ടിത്തെറിയുണ്ടായത്. സ്‌ഫോടനത്തിൽ കരകുളം സ്വദേശി സഹായരാജിന്റെ (45) കൈയിലെ നാല് വിരലുകൾ അറ്റുപോയിരുന്നു. മുഖത്തും ശരീരത്തിലും ഗുരുതരമായി പൊള്ളലേറ്റ ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആദ്യഘട്ടത്തിൽ വെൽഡിംഗ് മെഷീൻ പൊട്ടിത്തെറിച്ചതാണെന്ന് കരുതിയെങ്കിലും ബോംബ് സ്‌ക്വാഡിന്റെ പരിശോധനയിലാണ് സിമന്റ് തറയ്ക്കടിയിൽ ഒളിപ്പിച്ച നിലയിൽ ഡിറ്റണേറ്ററുകൾ കണ്ടെത്തിയത്. പാറമടകളിലും ക്വാറികളിലും സ്‌ഫോടനം നടത്താൻ ഉപയോഗിക്കുന്ന സ്‌ഫോടകവസ്‌തുക്കളാണിത്. പുരയിടത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കണ്ടെത്തിയ ഡിറ്റണേറ്ററുകൾ ബക്കറ്റിന്റെ ഉള്ളിലാക്കി പൊലീസ് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. വീടിന്റെ ഉടമയും കരാറുകാരനുമായ മൈക്കിളിനെ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം നടക്കുന്നത്.

മൂന്നുമാസം മുമ്പാണ് മൈക്കിൾ വീട് വാങ്ങിയത്. ക്വാറി ലൈസൻസില്ലാത്ത ഇയാൾ എന്തിനാണ് സ്‌ഫോടകവസ്തുക്കൾ വീട്ടിൽ സൂക്ഷിച്ചതെന്ന കാര്യത്തിൽ പൊലീസിന് സംശയമുണ്ട്. വീടുവിറ്റ കരാറുകാരനെയും മുമ്പ് ഇവിടെ വാടകയ്ക്ക് താമസിച്ചിരുന്നവരെയും പൊലീസ് ചോദ്യം ചെയ്‌തുവരികയാണ്.

സ്‌ഫോടകവസ്തുക്കൾ സൂക്ഷിച്ചതിന് മൈക്കിളിനെതിരെ പൊലീസ് കേസെടുത്തു. സംഭവത്തിന് പിന്നിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും നേമം സി.ഐ രഗീഷ് കുമാർ വ്യക്തമാക്കി. ഈ വീട്ടിൽ മുമ്പും സമാനമായ സ്ഫോടന ശബ്ദങ്ങൾ കേട്ടിട്ടുള്ളതായി അയൽവാസികൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

TAGS: CASE DIARY, CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY