SignIn
Kerala Kaumudi Online
Wednesday, 18 February 2026 9.31 PM IST

തീരങ്ങൾ തരിശാക്കി തലതിരിഞ്ഞ വികസനം

Increase Font Size Decrease Font Size Print Page
theeram

കൊച്ചി: തീരപരിപാലനത്തിനായി നടപ്പാക്കുന്ന അശാസ്ത്രീയ പദ്ധതികൾ കേരളത്തിന്റെ ആവാസ വ്യവസ്ഥയ്ക്ക് വൻഭീഷണി. തീരത്തെ പല ജീവികളെയും തുരത്തി കുടിയേറ്റ ജീവികൾ ആധിപത്യമുറപ്പിക്കുമ്പോൾ സംസ്ഥാനത്തിന്റെ പാരിസ്ഥിതിക സമവാക്യം തെറ്റുകയാണ്. കേന്ദ്രബഡ്ജറ്റിൽ പ്രഖ്യാപിച്ച കടലാമ സംരക്ഷണ പദ്ധതിയടക്കം ചോദ്യചിഹ്നമാകുന്നതും ഇതുകൊണ്ടുതന്നെ. സ്വാഭാവിക ആവാസ വ്യവസ്ഥ തകർത്ത് അക്കേഷ്യയും യൂക്കാലി മരങ്ങളുമൊക്കെ പുൽമേടുകളിൽ തഴച്ചുവളർന്നതിന്റെ ദുരന്തം വർഷങ്ങൾക്കു ശേഷമാണ് സംസ്ഥാനം തിരിച്ചറിഞ്ഞത്. മരങ്ങൾ നട്ടുവളർത്തുന്നതു മാത്രമാണ് പരിസ്ഥിതി സംരക്ഷണം എന്ന ധാരണ ഇനിയെങ്കിലും മാറ്റിയില്ലെങ്കിൽ കേരളതീരം സൂക്ഷ്മജീവികളുടെയും ഒട്ടേറെ സസ്യങ്ങളുടെയും ശവപ്പറമ്പായി മാറുമെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു.

തുറസായ തീരവും ഒരു ആവാസ വ്യവസ്ഥയാണെന്ന് തിരിച്ചറിയാത്തതാണ് കേരളത്തിലെ വനവത്കരണ പദ്ധതിയുടെ പരാജയമെന്ന് കുസാറ്റിന്റെയടക്കം പഠന റിപ്പോർട്ടുകളിൽ വ്യക്തമായിട്ടുണ്ട്.

വരണം,​ പക്ഷികൾ

വളരണം,​ ഞണ്ടുകൾ

തുറസായ തീരത്ത് കാറ്റാടി മരങ്ങളും മറ്റും നട്ടുവളർത്തുമ്പോൾ സ്വാഭാവിക ആവാസവ്യവസ്ഥ താറുമാറാകുന്നു. തുറസായ തീരത്തേ കടലാമകൾ മുട്ടയിടൂ. കാറ്റാടിക്കാട്ടിൽ കുറുക്കനും, കീരിയും, വെരുകും നായ്ക്കളും താവളമാക്കുമ്പോൾ ഞണ്ടുകളും സൂക്ഷ്മജീവികളും കൂടൊഴിയും. ദേശാടന പക്ഷികളടക്കം വരാതാകും. മണ്ണൊലിപ്പ് തടയാൻ തടയാൻ സഹായകമായ വള്ളിപ്പടർപ്പുകളും അപൂർവയിനം ചെടികളും ഇല്ലാതാകും.

പരിസ്ഥിതിക്കു തിരിച്ചടിയായ വികസനരീതികൾ തീരത്തെ വരണ്ടഭൂമിയാക്കും.

പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യമിട്ട് തീരം നികത്തുന്നതും കടൽഭിത്തി കെട്ടുന്നതും മത്സ്യങ്ങളുടെയടക്കം പ്രജനനത്തെ ബാധിക്കും.
കടലാക്രമണം തടയാൻ കരിങ്കൽ ഭിത്തി കെട്ടുന്നതും ബീച്ചുകളിൽ കാറ്റാടി മരങ്ങൾ വളർത്തുന്നതും മുട്ടയിടാനെത്തുന്ന ആമകൾക്കു തടസമാണ്. ഡിസംബർ മുതൽ മാർച്ച് വരെയാണ് പ്രജനന സമയം.

കാലാവസ്ഥാ വ്യതിയാനം മൂലമുള്ള വെല്ലുവിളികൾ ആഘാതത്തിന്റെ തീവ്രത കൂടും. ജലനിരപ്പ് ഉയരുന്നതു മൂലം തീരത്തെ പല സൂക്ഷ്മജീവികളും നശിക്കുന്നതായാണ് പഠന റിപ്പോർട്ട്.
ഞണ്ടുകളും സൂക്ഷ്മജീവികളും ഇല്ലാതായാൽ ദേശാടന പക്ഷികൾ വരാതാകും.

വേണം,​ കണ്ടൽക്കാടുകൾ

  • വികസനത്തിന്റെ പേരിൽ നശിപ്പിക്കപ്പെട്ട കണ്ടൽക്കാടുകൾ പുനരുജ്ജീവിപ്പിക്കണം. അഴിമുഖ മേഖലകളിൽ ഇവ അനിവാര്യമാണ്
  • കാർബൺ മലിനീകരണം കുറയ്ക്കാനും ഭൂഗർഭജല നിരപ്പ് ഉയർത്താനും കണ്ടലിനു കഴിയും
  • ജലാശയങ്ങളിലെ ഉപ്പിന്റെ അംശം കുറയ്ക്കും
  • മറ്റുകാടുകളെ അപേക്ഷിച്ച് കണ്ടലിന് അന്തരീക്ഷത്തിൽ നിന്ന് അഞ്ചിരട്ടി കൂടുതൽ കാർബൺ ഡയോക് ഡയോക്‌സൈഡ് ആഗിരണം ചെയ്യാൻ കഴിയും
  • കണ്ടൽക്കാടുകൾ മത്സ്യങ്ങളുടെയും ഞണ്ടുകളുടെയും ആവാസ കേന്ദ്രമാണ്. കണ്ടൽവേരുകൾക്കിടയിൽ കുഞ്ഞുങ്ങൾ സുരക്ഷിതമാകുമെന്നതിനാൽ മത്സ്യങ്ങൾ കൂട്ടത്തോടെ മുട്ടയിടാനെത്തും
  • ദേശാടനപ്പക്ഷികളുടെയും താവളം

മരങ്ങൾ നട്ടുവളർത്തുന്നതു മാത്രമല്ല പരിസ്ഥിതി സംരക്ഷണം. അതത് മേഖലകളിലെ പരിസ്ഥിതിക്ക് യോജിച്ച പദ്ധതികളാണ് വേണ്ടത്.

ഡോ. പി.ഒ. നമീർ, ഡീൻ,

കോളേജ് ഒഫ് ക്ലൈമറ്റ് ചേഞ്ച് ആൻഡ് എൻവയൺമെന്റൽ സയൻസ്,

കേരള അഗ്രിക്കൾച്ചറൽ യൂണിവേഴ്‌സിറ്റി, തൃശൂർ

TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY