
ന്യൂഡൽഹി: രാജ്യത്ത് ഡിജിറ്രൽ അറസ്റ്റിലൂടെ ഇതുവരെ 54000 കോടിയുടെ സാമ്പത്തികത്തട്ടിപ്പ് നടന്നതിനെ സമ്പൂർണ കവർച്ചയെന്ന് സുപ്രീകോടതി വിശേഷിപ്പിച്ചു. ഇക്കാര്യത്തിൽ കടുത്ത ആശങ്ക രേഖപ്പെടുത്തിയ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അദ്ധ്യക്ഷനായ ബെഞ്ച്, കുറ്റകൃത്യം നേരിടാൻ കരുത്തുറ്റ മാർഗരേഖ തയ്യാറാക്കണമെന്ന് കേന്ദ്ര സർക്കാരിന് നിർദ്ദേശം നൽകി. നാലാഴ്ച സമയം അനുവദിച്ചു.
റിസർവ് ബാങ്ക് കഴിഞ്ഞ ജനുവരി 2ന് പുറത്തിറക്കിയ എസ്.ഒ.പി അടക്കം പരിഗണിച്ചു കൊണ്ടാവണമിത്. വിഷയത്തിൽ സ്വമേധയാ എടുത്ത കേസ് പരിഗണിക്കുകയായിരുന്നു. ചില സംസ്ഥാനങ്ങളുടെ വാർഷിക ബഡ്‌ജറ്റിനേക്കാൾ വലുതാണ് ഈ തട്ടിപ്പിലൂടെ നഷ്‌ടപ്പെടുന്ന തുക. ഇരകൾക്ക് നഷ്‌ടപരിഹാരം നൽകാൻ ചട്ടക്കൂട് രൂപീകരിക്കണം. ഇതിനായി റിസർവ് ബാങ്ക് - ഐ.ടി മന്ത്രാലയ ഉദ്യോഗസ്ഥർ സംയുക്ത യോഗം ചേരണമെന്നും നിർദ്ദേശിച്ചു. ഇടപാടുകൾ നടക്കുന്ന നിരവധി ദുരൂഹ അക്കൗണ്ടുകൾ കണ്ടെത്തിയതായി അറ്റോർണി ജനറൽ ആർ. വെങ്കട്ടരമണി അറിയിച്ചു.
ബാങ്ക് ഉദ്യോഗസ്ഥർക്കും
പങ്കോ ?
തട്ടിപ്പുക്കാർക്ക് അക്കൗണ്ട് തുറക്കാനും ഇടപാടുകൾ നടത്താനും ബാങ്ക് ഉദ്യോഗസ്ഥർ ഒത്താശ ചെയ്യുന്നുണ്ടോയെന്ന് കോടതി സംശയമുന്നയിച്ചു. ഗുരുതര വീഴ്ചകൾ ബാങ്കുകളുടെ ഭാഗത്തു നിന്നുണ്ടാകുന്നു. ബാങ്കിംഗ് സംവിധാനത്തോട് പൊതുജനങ്ങൾക്കുള്ള വിശ്വാസം ഇല്ലാതാകുന്ന സാഹചര്യത്തിലേക്ക് നീങ്ങുമെന്ന് മുന്നറിയിപ്പ് നൽകി. വിശ്വാസം നഷ്‌ടപ്പെടുത്തരുത്. റിസർവ് ബാങ്ക് നടപടിയെടുക്കണം. ജാഗ്രത പുലർത്തണമെന്ന് ഉപഭോക്താക്കൾക്ക് ബാങ്കുകൾ മുന്നറിയിപ്പ് നൽകണം.ചില ബാങ്കുകൾ ബാദ്ധ്യതയായി മാറുകയാണ്. തട്ടിപ്പുക്കാർക്ക് വായ്‌പ നൽകുന്നു. ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ് നേരിടാൻ സി.ബി.ഐ, റിസർവ് ബാങ്ക്, ഐ.ടി മന്ത്രാലയം എന്നിവയുടെ ഏകോപനത്തോടെയുള്ള പ്രവർത്തനം അനിവാര്യമാണ്. തട്ടിപ്പുകൾ കണ്ടെത്തി നടപപടിയെടുക്കണമെന്ന് സി.ബി.ഐയോട് ആവർത്തിച്ചു. ഇപ്പോൾ നടത്തുന്ന അന്വേഷണങ്ങളുടെ തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |