SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.42 PM IST

ഷട്ടറുകൾ പുഴയോരത്ത് നശിക്കുന്നു: എന്ന് ശരിയാവും കാട്ടാമ്പള്ളി റഗുലേറ്റർ

Increase Font Size Decrease Font Size Print Page
ph-1
കാട്ടാമ്പള്ളി റഗുലേറ്റർ കം ബ്രിഡ്ജ്

കണ്ണൂർ: റീ ബിൽഡ് കേരള ഇനീഷ്യേറ്റീവിൽ ഉൾപ്പെട്ട കാട്ടാമ്പള്ളി റഗുലേറ്റർ കം ബ്രിഡ്ജ് നവീകരണം അനന്തമായി നീളുന്നു. വളപട്ടണം പുഴയിൽ നിന്നും കാട്ടാമ്പള്ളി പുഴയിലേക്ക് കാലവർഷത്തിൽ വെള്ളം കയറുന്നതും വേനൽകാലത്ത് ഉപ്പ് കയറുന്നതും തടയാനാണ് 1966ൽ റഗുലേറ്റർ പദ്ധതി പൂർത്തിയാക്കിയത്. തകരാറിനെ തുടർന്ന് പ്രളയാനന്തരം റീ ബിൽഡ് കേരള ഇനീഷ്യേറ്റീവിൽ ഉൾപ്പെടുത്തി അറ്റകുറ്റപ്പണികൾ നടത്തുമെന്ന് പ്രഖ്യാപിച്ച സർക്കാർ നാല് കോടിയിലധികം ഫണ്ടും നീക്കിയതാണ്. എന്നാൽ വർഷങ്ങൾ പിന്നിട്ടിട്ടും പ്രവൃത്തി തുടങ്ങിയില്ല. മൂന്നുവർഷമായി കാട്ടാമ്പള്ളി പുഴക്കരയിൽ കൂട്ടിയിട്ട നിലയിലാണ് അറ്റകുറ്റപ്പണിക്കായി എത്തിച്ച ഷട്ടറുകൾ.

കാട്ടാമ്പള്ളിയെയും നാറാത്ത് ഭാഗത്തെയും ബന്ധിപ്പിച്ച് കാട്ടാമ്പളളി പുഴക്ക് കുറുകെ റോഡ് പാലമെന്ന നി‌ർദ്ദേശമാണ് പിന്നീട് റഗുലേറ്റർ കം ബ്രിഡ്ജ് പദ്ധതിയിലെത്തിയത്. പാലത്തിനായി ഫണ്ട് ലഭിക്കാത്തതിനാൽ കാർഷികവികസന പദ്ധതിയാക്കി ഇരിക്കൂർ എം.എൽ.എയായിരുന്ന ടി.സി. നാരായണൻ നമ്പ്യാരുടെ പ്രയത്നത്തിലാണ് 1966ൽ പദ്ധതി നടപ്പാക്കിയത്.

റോഡ് ഗതാഗതത്തിന് ഉപകരിച്ചുവെങ്കിലും കൃഷിയും മത്സ്യസമ്പത്തും ആവാസവ്യവസ്ഥയും ഒട്ടാകെ തകർന്നതായിരുന്നു ഇതിന്റെ മറുവശം. കൈപ്പാട് കൃഷിയും മത്സ്യബന്ധനവുമൊക്കെയായുള്ള പ്രദേശത്തിന്റെ സ്വാഭാവിക ജീവിതത്തെ പദ്ധതി അട്ടിമറിച്ചതായാണ് പിന്നീടുള്ള വിലയിരുത്തലുണ്ടായത്. പാരിസ്ഥിതിക ആഘാതപഠനമോ മറ്റോ അക്കാലത്തുണ്ടായിരുന്നതുമില്ല.

റീബിൽഡ് കേരള ഇനിഷ്യേറ്റീവിൽ ഉൾപ്പെടുത്തി 2020ൽ പുതിയ ഷട്ടറുകൾ സ്ഥാപിക്കുവാൻ കരാർ നൽകി. നാവിഗേഷൻ ചാനലിന്റെ രണ്ട് ഷട്ടറുകൾ ഉൾപ്പെടെ 15 ഷട്ടറുകളും മാറ്റുന്നതിനാണ് കരാർ നൽകിയത്. സിവിൽ പ്രവൃത്തികൾക്കായി 2.4 കോടിയും മെക്കാനിക്കൽ പ്രവൃത്തിക്ക് 4.3 കോടിയുമായാണ് ടെൻഡർ ക്ഷണിച്ചത്.

വേണം അണ്ടർപാസ് റോഡ്

കാലവർഷത്തിൽ വളപട്ടണം പുഴയിൽ വെള്ളപ്പൊക്കമുണ്ടായാൽ കാട്ടാമ്പള്ളി അണക്കെട്ടിനുള്ളിൽ വെള്ളം ഉയരുന്നത് തടയുവാൻ മാത്രമാണ് പുതുതായി സ്ഥാപിക്കുന്ന ഷട്ടറുകൾ ഉപകരിക്കുക. ഉൾനാടൻ ജല ഗതാഗത പദ്ധതിയുമായി ബന്ധപ്പെട്ട് ഇവിടെയുള്ള നാവിഗേഷൻ ചാനലിന് വീതി വർദ്ധിപ്പിക്കാനും പ്ലാൻ ചെയ്തിട്ടുണ്ട്. കാട്ടാമ്പള്ളി ഭാഗത്തുനിന്നും പാലത്തിലേക്ക് പ്രവേശിക്കുമ്പോൾ ചെറിയ കയറ്റവും ഇറക്കവുമുണ്ട്. റോഡിനും പാലത്തിനുമിടയിലുള്ള നാവിഗേഷൻ ചാനലിന്റെ മുകൾ ഭാഗം കൂടുതൽ ഉയർന്നതാണ് ഇതിനു കാരണം. വാഹനങ്ങൾക്കുള്ള പ്രയാസം പരിഹരിക്കാൻ കാട്ടാമ്പള്ളി ഭാഗത്തെ അപ്രോച്ച് റോഡിന്റെ ഇരുവശങ്ങളിലായുള്ള കീച്ചിപ്പുറം തീരദേശ റോഡും ആയുർവേദ ഹോസ്പിറ്റൽ റോഡും ബന്ധിപ്പിച്ച് അണ്ടർ പാസ് റോഡ് നവീകരണത്തിൽ ഉൾപ്പെടുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

TAGS: LOCAL NEWS, KANNUR, SHUTTERS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY