SignIn
Kerala Kaumudi Online
Wednesday, 18 February 2026 9.24 PM IST

വന്യജീവി ആക്രമണം നാല് വർഷത്തിനിടെ പൊലിഞ്ഞത് 20 ജീവൻ

Increase Font Size Decrease Font Size Print Page
vanyajeevi-
വനൃജീവി ആക്രമണം

കോഴിക്കോട്: നാലുവർഷത്തിനിടെ കാടിറങ്ങിയ വനൃമൃഗങ്ങളുടെ ആക്രമണത്തിൽ പൊലിഞ്ഞത് 20 ജീവനുകൾ. ഗുരുതരമായി പരിക്കേറ്റത് 138 പേർക്ക്. 2022 മുതൽ 2025 വരെയുള്ള വനംവകുപ്പിന്റെ കണക്കാണിത്. അപകടത്തിൽ പരിക്കേൽക്കുന്നവരുടേയും എണ്ണം ഓരോ വർഷവും വർദ്ധിക്കുകയാണ്. 2024ൽ അഞ്ച് പേരും 2025ൽ മൂന്ന് പേരുമാണ് മരണപ്പെട്ടത്. കാട്ടാന, കാട്ടുപന്നി, കാട്ടുപോത്ത്​, പുലി, പാമ്പ്, കുരങ്ങ് തുടങ്ങിയ വന്യജീവികളുടെ ആക്രമണത്തിലാണ് പലരും മരണപ്പെടുന്നത്. ജില്ലയിലെ മലയോര മേഖലയിലാണ് അപകടങ്ങൾ കൂടുതലും. വനവിഭവങ്ങൾ ശേഖരിക്കാൻ കാടുകയറിയവരും വനപ്രദേശങ്ങളിൽ താമസിക്കുന്നവരുമാണ് ഇരകൾ. കൂട്ടമായി കാടിറങ്ങുന്ന മൃഗങ്ങൾ കർഷകരുടെ കൃഷി നശിപ്പിക്കുന്നതും തുടർക്കഥയാകുകയാണ്. വേനൽക്കാലം തുടങ്ങിയതോടെ പ്രശ്നം രൂക്ഷമാവുകയാണ്. കാടിനുള്ളിലെ കുടിവെള്ള ക്ഷാമവും ഭക്ഷണത്തിന്റെ കുറവും മൂലമാണ് ഭൂരിഭാഗം മൃഗങ്ങൾ ജനവാസ മേഖലയിലേക്കിറങ്ങുന്നത്.

പദ്ധതികളും പാതിയിൽ

വന്യജീവികൾ നാട്ടിലേക്ക് കടക്കുന്നത് തടയാനായി അവയ്ക്ക് കാട്ടിൽ തന്നെ ജല-ഭക്ഷണ ലഭ്യത ഉറപ്പുവരുത്തുന്ന മിഷൻ ഫുഡ് ഫോ‌ഡർ ആൻഡ് വാട്ടർ പദ്ധതി ഇഴഞ്ഞു നീങ്ങുകയാണ്. കുളങ്ങളും മറ്റ് ജലസംഭരണികളും ഇതുവരെ അറ്റകുറ്റപണി നടത്തിയിട്ടില്ല. വനപ്രദേശങ്ങളിലെ അടിക്കാടുകൾ വെട്ടി സഞ്ചാരപാത തെളിക്കൽ തുടങ്ങി പദ്ധതികൾ പലതും പ്രഖ്യാപിച്ചെങ്കിലും നടപ്പാക്കിയിട്ടില്ല. ജനവാസ മേഖലകളിലേക്ക് വരുന്ന കാട്ടാനകളെ ശബ്ദവും വെളിച്ചവും കൊണ്ട് ഓടിക്കുന്ന അനിഡേർസ് അലാറം സിസ്റ്റവും പാളി. മനുഷ്യ-വന്യജീവി സംഘർഷമുള്ള പ്രദേശങ്ങളിൽ പട്രോളിംഗും പരിശോധനയും നടത്തുമെന്ന് പറഞ്ഞെങ്കിലും നടക്കാറില്ല.

തുകയും കുറവ്

കടുവ, കാട്ടാന, കാട്ടുപോത്ത്, കാട്ടുപന്നി തുടങ്ങിയ വന്യജീവികളുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്നവരുടെ ആശ്രിതർക്ക് 10 ലക്ഷം രൂപയും പരിക്കേൽക്കുന്നവർക്ക് 2.5 ലക്ഷം രൂപ വരെയുമാണ് സർക്കാർ നഷ്ടപരിഹാരം നൽകുന്നത്. എന്നാൽ അർഹമായ നഷ്ടപരിഹാരം ലഭിക്കുന്നില്ലെന്നാണ് ജനങ്ങളുടെ പരാതി. പലപ്പോഴും പരിക്കേറ്റവരുടെ ചികിത്സയ്ക്കു മാത്രം ലക്ഷങ്ങൾ ചെലവാകാറുണ്ട്. വന്യമൃഗ ആക്രമണത്തെ തുടർന്നുണ്ടാകുന്ന കൃഷിനാശത്തിനും ലഭിക്കുന്നത് ചെറിയ തുക മാത്രമാണെന്ന് കർഷകർ പറയുന്നു. മരിക്കുന്നവരുടെ ആശ്രിതർക്കുള്ള സഹായധനം 14 ലക്ഷമാക്കണമെന്ന് വനംവകുപ്പ് ശുപാർശ നൽകി.

 വർഷം......മരണം.......പരിക്കേറ്റവർ

2022...........8...................32

2023...........4....................22

2024............5...................33

2025...........3.....................51

TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY