
കൊല്ലം: ബീച്ചിലെ അപകടാവസ്ഥയിൽ കിടക്കുന്ന നടപ്പാത സഞ്ചാരികൾക്ക് ഭീഷണിയാകുന്നു. ബീച്ച് സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി നിർമിച്ച നടപ്പാതയുടെ സ്റ്റേഡിയത്തോട് ചേർന്നുള്ള ഭാഗമാണ് അടിത്തറയിളകി അപകടാവസ്ഥയിലായിരിക്കുന്നത്. പാർക്കിംഗ് ഗ്രൗണ്ടിനോട് ചേർന്നുള്ളതായതിനാൽ പൊതുവെ ഈ ഭാഗത്ത് തിരക്ക് കൂടുകതലാണ്. നേരത്തെ ഇതിന് താഴേ നിരവധി ഇരിപ്പിടങ്ങൾ ഉണ്ടായിരുന്നെങ്കിലും കാലക്രമേണ ഇതെല്ലാം മണ്ണിനടിയിലായി ഇതോടെ ബീച്ചിലെത്തുന്നവർ കൂടുതലും ആശ്രയിക്കുന്നത് ഈ നടപ്പാതകളെയാണ്.
തിരക്കേറെയുള്ള സമയങ്ങളിൽ ശ്രദ്ധിക്കാതെ പോയാൽ വലിയ അപകടങ്ങൾ ഉണ്ടാകുമെന്നാണ് ബീച്ചിലെത്തുന്നവർ പറയുന്നത്. കൂടാതെ ഈ കുഴികളിൽ ഇഴ ജന്തുക്കളുണ്ടാകനുള്ള സാദ്ധ്യതയും തള്ളിക്കളയാനാകില്ല. ഈ ഭാഗത്ത് വെളിച്ചക്കുറവുള്ളതിനാൽ രാത്രിയിൽ കുഴി പെട്ടെന്ന് കണ്ണിൽപ്പെടില്ല.
അപകടം ഉറപ്പ്
ദിനംപ്രതി നിരവധി വിനോദസഞ്ചാരികളെത്തുന്ന ബീച്ചിലാണ് ഈ അവസ്ഥ. മാസങ്ങളായി 'തത്‌സ്ഥിതി' തുടരുന്നു. ഇവയുടെ അറ്റകുറ്റപ്പണികൾ മഴക്കാലത്തിനു മുമ്പ് നടത്തിയില്ലെങ്കിൽ കൂടുതൽ അപകടങ്ങൾക്ക് വഴിയൊരുങ്ങും. രാത്രി സമയങ്ങളിൽ ഈ നടപ്പാതയിലൂടെ സഞ്ചരിക്കുന്നവർക്ക് എപ്പോൾ വേണമെങ്കിലും അപകടമുണ്ടാകാം. ഒന്നുകിൽ തറയോടുകൾ ഇളകി മാറിയ കുഴിയിൽ വീഴാം, അല്ലെങ്കിൽ കാല് തട്ടി താഴേക്ക് വീഴാം.
ഇരിപ്പിടമില്ല, വെളിച്ചവുമില്ല
ദിനംപ്രതി ആയിരക്കണക്കിന് വിനോദസഞ്ചാരികൾ എത്തുന്ന ബീച്ചിൽ ആവശ്യത്തിന് ഇരിപ്പിടങ്ങളില്ല. ഇപ്പോഴും നാമമാത്രമായ ബെഞ്ചുകൾ മാത്രമാണ് ബീച്ചിലുള്ളത്. അത് കൊണ്ട് തന്നെ ബീച്ചിനോട് ചേർന്നുള്ള നടപ്പാതയിലാണ് ബീച്ചിലെത്തുന്നവരിൽ ഭൂരിഭാഗം പേരും വിശ്രമിക്കാറുള്ളത്. നടപ്പാത തകർന്ന് കിടക്കുന്ന ഭാഗത്ത് വെളിച്ചക്കുറവിനെക്കുറിച്ച് പരാതി പറഞ്ഞ് സഞ്ചാരികൾ മടുത്തു. സ്റ്റേഡിയത്തിലും പാർക്കിംഗ് ഗ്രൗണ്ടിലും സ്ഥാപിച്ചിരിക്കുന്ന ഹൈമാസ്റ്റ് ലൈറ്റിന്റെ വെളിച്ചമാണ് ഇവിടെ ലഭിക്കുന്നത്. എന്നാൽ ഇത് പര്യാപ്തമല്ലെന്നാണ് പ്രദേശവാസികൾ ഉൾപ്പടെയുള്ളവർ പറയുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |