
കൊച്ചി: പശ്ചിമബംഗാൾ, അസാം, തമിഴ്നാട് സ്വദേശികൾ വോട്ട് ചെയ്യാൻ നാടുകളിൽ പോയതോടെ തൊഴിലാളിക്ഷാമം രൂക്ഷം. കെട്ടിട നിർമ്മാണം മുതൽ കൃഷിപ്പണിക്ക് വരെ തൊഴിലാളികളില്ല. പാചകവാതക ക്ഷാമത്തിന് പിന്നാലെ തൊഴിലാളികൾ കുറഞ്ഞത് ഹോട്ടൽ മേഖലയെയും ബാധിച്ചു. കേരളത്തിലെ സമസ്‌തമേഖലകളിലും തൊഴിൽ ചെയ്യുന്നത് അന്യസംസ്ഥാനക്കാരാണ്. നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് വേണ്ടിയാണ് ഇവർ കൂട്ടമായി നാടുവിട്ടത്. വോട്ടെടുപ്പ് പ്രക്രിയ പൂർത്തിയാകാതെ ഇവർ തിരിച്ചെത്താൻ സാദ്ധ്യതയില്ല. പലരും പഴയ തൊഴിലിടങ്ങളിൽ തിരിച്ചെത്തുമെന്നും ഉറപ്പില്ല.
ഫ്ളാറ്റ്, വൻകിട കെട്ടിട നിർമ്മാണ ജോലി ചെയ്യുന്നതിൽ ഭൂരിപക്ഷവും അന്യസംസ്ഥാന തൊഴിലാളികളാണ്. ഇവരിലേറെയും പശ്ചിമബംഗാൾ സ്വദേശികളും. വോട്ടിന് ഇവർ പോയത് നിർമ്മാണമേഖലയെ സാരമായി ബാധിച്ചതായി കരാർ കമ്പനികൾ പറഞ്ഞു. പല സൈറ്റുകളിലും നിർമ്മാണം നിലച്ചു. തൊഴിലാളികൾ തിരികെ വരാതെ പണികൾ പൂർണതോതിൽ ആരംഭിക്കാൻ കഴിയില്ലെന്ന് റിയൽ എസ്റ്റേറ്റ് സംരംഭകർ പറഞ്ഞു.
കാർഷികമേഖലയിലും ആഘാതം
ജില്ലയിലെ പൈനാപ്പിൾ ഉൾപ്പെടെ കാർഷിക മേഖലകളിൽ അന്യസംസ്ഥാന തൊഴിലാളികളുടെ കുറവ് പ്രശ്നം സൃഷ്‌ടിച്ചിട്ടുണ്ട്. പല തോട്ടങ്ങളിലും മൂപ്പെത്തിയ പൈനാപ്പിൾ മുറിച്ചെടുക്കാൻ ആളില്ല. നാട്ടുകാരായ തൊഴിലാളികളെ ആവശ്യത്തിന് കിട്ടാനുമില്ല. കർഷകർ നേരിട്ട് വിളവെടുക്കേണ്ട സ്ഥിതി വരെയുണ്ടെന്ന് പൈനാപ്പിൾ ഗ്രോവേഴ്സ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. കടുത്ത വേനലിൽ ചെടികൾക്ക് തണലൊരുക്കാനും പരിപാലിക്കാനും കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ബസൊരുക്കി ഉടമകൾ
പെരുമ്പാവൂർ മേഖലയിലെ തടിമില്ലുകൾ, പ്ളൈവുഡ് ഫാക്‌ടറികൾ എന്നിവയും തൊഴിലാളിക്ഷാമം നേരിടുന്നു. നാട്ടിലേക്ക് പോകുന്ന തൊഴിലാളികൾ തിരിച്ചുവരുമെന്ന് ഉറപ്പിക്കാൻ ടൂറിസ്റ്റ് ബസുകളിൽ യാത്രാസൗകര്യം ഒരുക്കിയിട്ടുണ്ട്. വോട്ട് ചെയ്‌ത് തിരികെവരാൻ സൗജന്യയാത്ര ഉൾപ്പെടെയാണ് ഉടമകൾ ഒരുക്കിയത്. നിരവധി ബസുകൾ ജില്ലയിൽ നിന്ന് പശ്ചിമബംഗാൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേയ്ക്ക് പുറപ്പെട്ടിട്ടുണ്ട്.
ഹോട്ടലുകൾക്ക് കൂനിന്മേൽ കുരു
ജില്ലയിലെ ചെറുകിട, ഇടത്തരം ഹോട്ടലുകളിലും ക്ഷാമമുണ്ട്. യുദ്ധം മൂലം പാചകവാതകലഭ്യത കുറഞ്ഞതോടെ പലതും അടച്ചിരുന്നു. അന്യസംസ്ഥാന തൊഴിലാളികളാണ് പാചകം ഉൾപ്പെടെ കൈകാര്യം ചെയ്യുന്നത്. ഇവരും നാട്ടിൽ പോയത് കൂനിന്മേൽ കുരുവായി മാറിയെന്ന് ഉടമകൾ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |