
കോലഞ്ചേരി: വേനൽച്ചൂട് കനത്തതോടെ മനുഷ്യർക്ക് മാത്രമല്ല മൃഗങ്ങൾക്കും സൂര്യാതപഭീഷണി. താപനില ഉയരുന്ന സാഹചര്യത്തിൽ മൃഗങ്ങൾക്ക് സൂര്യാതപവും ചെള്ളുപനി പോലുള്ള രോഗങ്ങളും പടരുന്നതായി മൃഗസംരക്ഷണവകുപ്പ് മുന്നറിയിപ്പ് നൽകി. ചൂട് കൂടിയ സാഹചര്യത്തിൽ മൃഗങ്ങളിൽ ബാഹ്യപരാദങ്ങളുടെ ആക്രമണം മൂലം രക്തചംക്രമണ വ്യവസ്ഥയെ ബാധിക്കുന്ന രോഗങ്ങൾ പിടിപെടാൻ സാദ്ധ്യത കൂടുതലാണെന്നാണ് മുന്നറിയിപ്പ്. സൂര്യാതപമേറ്റ് എഴുന്നേൽക്കാൻ പറ്റാത്ത സാഹചര്യത്തിൽ വളർത്തുമൃഗങ്ങളെ കാണുകയാണെങ്കിൽ ശരീരോഷ്മാവ് മനസിലാക്കി നെറ്റിയിൽ തണുത്ത വെള്ളമോ തുണിയിൽ പൊതിഞ്ഞ ഐസ് കട്ടകളോ വയ്ക്കുക. ശുദ്ധമായ കുടിവെള്ളം, കരിക്ക് എന്നിവ നൽകുക. സൂര്യാതപമേറ്റതായി സംശയം തോന്നിയാൽ വെറ്ററിനറി ഡോക്ടറുടെ സേവനം ഉറപ്പുവരുത്തണം.
ചെള്ളുപനി ലക്ഷണങ്ങൾ
പശുക്കളിൽ പാലിന്റെ അളവ് കുറയുക, വായിലെ ഉമിനീർ പതപോലെ ഉറ്റി വീഴുക, അമിതമായ കിതപ്പ്, കണ്ണിൽ പീളകെട്ടൽ, മൂത്രത്തിന്റെ അളവ് കുറഞ്ഞ് മഞ്ഞനിറം ഉണ്ടാവുക, പശുക്കളിൽ ഗർഭം അലസിപ്പോവുക
ചെള്ളുപനിയെ പ്രതിരോധിക്കാം
ചെള്ള്, പേൻ തുടങ്ങിയവയെ നിയന്ത്രിക്കുന്നതിനായി മൃഗങ്ങളുടെ ദേഹത്തും തൊഴുത്തുകളിലും മരുന്നുകൾ ഒഴിച്ച് നിയന്ത്രിക്കുക.
മൃഗങ്ങളുടെ ദേഹത്ത് കടിച്ചിരിക്കുന്ന പട്ടുള്ളികളെ പറിച്ചെടുത്ത് കത്തിച്ചുകളയണം.
സൂര്യാഘാത ലക്ഷണങ്ങൾ
ഉയർന്ന പനി
ശ്വാസോച്ഛ്വാസത്തിന് പ്രയാസം
അമിതമായ ഉമിനീർ പതഞ്ഞൊലിക്കൽ
മൂക്കിൽ നിന്നും കണ്ണിൽ നിന്നും സ്രവങ്ങൾ വരിക
തീറ്റയെടുക്കാതിരിക്കുക
വയറിളക്കം
തളർച്ച
ചർമ്മത്തിൽ ചുവന്ന പാടുകൾ
സൂര്യതാപം തടയാം
പശു, ആട്, നായ, പൂച്ച, കോഴി തുടങ്ങിയ വളർത്തുമൃഗങ്ങളെ നേരിട്ടുള്ള സൂര്യകിരണങ്ങളിൽനിന്ന് സംരക്ഷിക്കുക.
രാവിലെ 10.30 മുതൽ വൈകിട്ട് 5 വരെ തുറസായ വയൽപ്രദേശങ്ങളിലും പറമ്പുകളിലും മൃഗങ്ങളെ കെട്ടിയിടുന്നത് ഒഴിവാക്കുക.
ചൂട് കുറഞ്ഞ സമയങ്ങളിൽ തീറ്റ കൊടുക്കുക.
കുടിവെള്ളം ലഭ്യമാക്കുക.
തൊഴുത്തുകളിലും കൂടുകളിലും വായുസഞ്ചാരം ഉറപ്പുവരുത്തണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |