SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.35 PM IST

പരിശോധന ശക്തം സ്പാകൾക്ക് പൂട്ടിടാൻ കോർ‌പ്പറേഷൻ

Increase Font Size Decrease Font Size Print Page
spa-
സ്പാ

കോഴിക്കോട്: ജില്ലയിൽ മുളച്ചുപൊന്തുന്ന മസാജിംഗ് സ്പാകൾക്ക് കൂച്ചുവിലങ്ങിടാൻ പരിശോധനയുമായി കോർപ്പറേഷൻ. നഗരത്തിന്റെ വിവിധയിടങ്ങളിൽ ഇന്നലെ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ സ്ക്വാഡുകളായി തിരിഞ്ഞ് പരിശോധന നടത്തി. ലൈസൻസില്ലാത്ത സ്ഥാപനങ്ങൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. സ്പാ -മസാജ്-വെൽനെസ് കേന്ദ്രങ്ങളുടെ പിന്നിൽ അനാശാസ്യപ്രവർത്തനങ്ങളും സെക്സ്റാക്കറ്റും പ്രവർത്തിക്കുന്നുണ്ടെന്ന പരാതികളും ഇതിനോടകം ഉയർന്നു വരുന്നുണ്ട്. സെക്ഷ്വലി ട്രാൻസ്മിറ്റഡ് രോഗങ്ങളും പലരിലായി കണ്ടുവരുന്ന വിവരവും കോർപ്പറേഷന് ലഭിച്ചിട്ടുണ്ട്. നഗരത്തിലെ ലഹരികൈമാറ്റത്തിന്റെ പ്രധാനകേന്ദ്രങ്ങളായി പ്രവർത്തിക്കുന്ന ഇവയ്ക്ക് പൊലീസും ഗുണ്ടകളും സംരക്ഷണമൊരുക്കുകയാണെന്ന ആരോപണവും ശക്തമാണ്. പല കേന്ദ്രങ്ങളും കൃത്യമായ രേഖകളോ ലെെസൻസോ ഇല്ലാതെയാണ് പ്രവർത്തിക്കുന്നത്.

കൃത്യമായ എണ്ണമില്ല

സ്പാകളുടെ കൃത്യമായ വിവരങ്ങൾ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലോ കോർപ്പറേഷനിലോ ലഭ്യമല്ല. ചെറുതും വലുതുമായ നൂറിലധികം ബോഡി മസാജ് സെന്ററുകളും സ്പാകളും പ്രവർത്തിക്കുന്നതായാണ് അനൗദ്യോഗിക കണക്കുകൾ. കോർപ്പറേഷൻ പരിധിയിൽ മാത്രം 250 ലേറെ സ്പാകളുണ്ടെന്നാണ് വിവരം. ആയുർവേദ മസാജ് കേന്ദ്രങ്ങൾ, യൂണിസെക്സ് സ്പാകൾ, ബ്യൂട്ടി സ്പാകൾ, റിസോർട്ട്/ഹോട്ടൽ സ്പാ, മെഡിക്കൽ സ്പാ, ഡെസ്റ്റിനേഷൻ സ്പാ എന്നിവയാണ് കൂടുതലും. പ്രധാനആകർഷണമായ മസാജിംഗിന്റെ പേരും പറഞ്ഞ് അനാശാസ്യ പ്രവർത്തനങ്ങളാണ് ഇവിടങ്ങളിൽ നടക്കുന്നതിൽ കൂടുതലും. പുറം നാടുകളിൽ നിന്നെത്തുന്ന പെൺകുട്ടികളെ ഉപയോഗിച്ചാണ് ഇടപാടുകൾ നടത്തുന്നത്. മണിക്കൂറിൽ 2000 വരേയാണ് മസാജിംഗിന് ഈടാക്കുന്നത്. കൂടുതൽ സേവനങ്ങൾ വേണമെങ്കിൽ അതിനനുസരിച്ച് ടിപ്പും കൊടുക്കണം.

എവിടെ നോക്കിയാലും പരസ്യം

സ്പാ സൗകര്യമുണ്ട് കൂടെ ഫോൺ നമ്പരും അടങ്ങിയ പോസ്റ്ററുകളാണ് നഗരത്തിന്റെ മുക്കിലും മൂലയിലുമുള്ള മതിലുകൾ, പോസ്റ്റുകൾ തുടങ്ങിയവയിൽ പതിപ്പിച്ചിരിക്കുന്നത്. ഇതിൽ വിളിച്ചാൽ കൃത്യമായ സ്ഥലമോ മറ്റ് കാര്യങ്ങളോ പറയില്ല. എത്തിച്ചോരാനായി ഒരു സ്ഥലം പറഞ്ഞ് സ്പായുടെ ആളുകൾ വന്ന് കൂട്ടിക്കൊണ്ട് പോകുമെന്നാണ് മറുപടി. ക്രോസ് മസാജിംഗ് അടക്കം സേവനങ്ങൾ കാട്ടിയുള്ള പരസ്യങ്ങൾ നൽകിയാണ് ആളുകളെ ആക‌ർഷിക്കുന്നത്. ഫേസ്ബുക്കിലും വാട്സാപ്പിലും ഇതിനായുള്ള ഗ്രൂപ്പുകളുമുണ്ട്. ഏജന്റുമാർ മുഖേനയാണ് പലപ്പോഴും ഇടപാടുകൾ നടക്കുന്നത്. നാട്ടുകാരും കേന്ദ്രം നടത്തിപ്പുകാർ തമ്മിൽ പ്രശ്നങ്ങളുണ്ടാകുമ്പോൾ മാത്രമാണ് പൊലീസ് ഇവിടെ പരിശോധനയ്ക്കെത്തുന്നത്.

''പ്രതിഷേധങ്ങളുണ്ടായാലും പരിശോധന തുടരും. നിരവധി സെന്ററുകൾ മോശമായ രീതിയിൽ പ്രവർത്തിക്കുന്നതായി പരാതികൾ ലഭിക്കുന്നുണ്ട്'' ഡോ.മുനവർ റഹ്മാൻ- കോ‌പറേഷൻ ഹെൽത്ത് ഓഫീസർ

TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY