കോഴിക്കോട്: കോഴിക്കോട്ടുകാരനും ഗാന രചയിതാവും കവിയുമായിരുന്ന ഗീരിഷ് പുത്തഞ്ചേരിയുടെ ഓർമ്മദിനമായ ചൊവ്വാഴ്ച രാത്രി പത്തരയ്ക്ക് കോഴിക്കോട് ബീച്ചിലെ അമ്മത്തൊട്ടിലിൽ ഒരു പെൺകുഞ്ഞിനെ കിട്ടി. എന്തു പേരിടണമെന്ന് ശിശുക്ഷേമസമിതിക്ക് അധികം ആലോചിക്കേണ്ടി വന്നില്ല. ഗിരീഷ് പുത്തഞ്ചേരിയുടെ ഓർമ്മയ്ക്ക്, മിന്നാരം എന്ന സിനിമയ്ക്ക് അദ്ദേഹമെഴുതിയ "നിലാവേ മായുമോ " എന്ന ഗാനത്തിലെ 'നിലാവ്' എന്ന് പേരിട്ടു. കോഴിക്കോട് ബീച്ച് ആശുപത്രിയോട് ചേർന്ന് സ്ഥാപിച്ച അമ്മത്തൊട്ടിലിൽ ലഭിച്ച മൂന്നാമത്തെ കുരുന്നാണിത്. മൂന്ന് ദിവസം പ്രായം. 2.2 കിലോ ഭാരം. ഉപേക്ഷിക്കപ്പെടുന്ന കുരുന്നുകളെ സർക്കാർ തലത്തിൽ സ്വീകരിച്ച് സംരക്ഷിക്കാൻ സംസ്ഥാന ശിശുക്ഷേമ സമിതിയാണ് കഴിഞ്ഞ ആഗസ്റ്റിൽ കോഴിക്കോട്ട് അമ്മത്തൊട്ടിൽ സ്ഥാപിച്ചത്.
ആദ്യം കിട്ടിയത് 'ആദി'യെ
കോഴിക്കോട്ട് അമ്മത്തൊട്ടിൽ സ്ഥാപിച്ചതിന്റെ തൊട്ടടുത്ത മാസം ഒരു ആൺകുട്ടിയെ ലഭിച്ചിരുന്നു. ആ കുഞ്ഞിന് ആദിയെന്ന് പേരിട്ടു. രണ്ടാമത് കിട്ടിയ ആൺകുഞ്ഞിന് ഹോർത്തിയൂസ് എന്നാണ് പേരിട്ടിരുന്നത്. കുഞ്ഞിനെ കിട്ടിയാൽ മതിയായ പരിചരണം നൽകി രണ്ടാഴ്ചയോളം സംരക്ഷിക്കും. തുടർന്ന് നിയമാനുസൃതമായ രീതിയിൽ ദത്ത് നൽകും. കുഞ്ഞുങ്ങളെ ദത്തെടുക്കാനായി രജിസ്റ്റർ ചെയ്തവർക്കാണ് മുൻഗണന ക്രമത്തിൽ നൽകുക.
കോഴിക്കോട് ബീച്ച് ആശുപത്രിയിൽ പരിചരണാർത്ഥം കഴിയുന്ന പുതിയ അതിഥി ആരോഗ്യവതിയാണ്.
അഡ്വ. ജി.എൽ. അരുൺഗോപി, ജനറൽ സെക്രട്ടറി, സംസ്ഥാന ശിശുക്ഷേമ സമിതി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |