
കണ്ണൂർ :മതിയായ ജീവനക്കാരില്ലാതെ അഗ്നിശമനസേന ഓടിത്തളരുന്നു. 97 ഫയർ ആൻഡ് റെസ്‌ക്യു ഓഫീസർ (ഡ്രൈവർ) വേണ്ടിടത്ത് 73 പേരുമായാണ് ജില്ലയിൽ സേനയുടെ പ്രവർത്തനം. ഈ തസ്തികയിൽ മാത്രം 24 പേരുടെ കുറവാണുള്ളത്. വേനലിന്റെ തുടക്കത്തിൽ തന്നെ തീപിടിത്തം വ്യാപകമായ സാഹചര്യത്തിൽ ഓടിത്തളരുകയാണ് അഗ്നിശമനസേനാവിഭാഗം.
314 ഫയർ ആൻഡ് റെസ്‌ക്യു ഓഫിസർമാരാണ് ജില്ലയിൽ സേനയ്ക്ക് വേണ്ടത്. ഉള്ളത് 236 പേർ മാത്രം. 78 പേരുടെ കുറവിലാണ് നെട്ടോടമോടുന്നത്. വിളി വരുന്നിടത്തേക്കെല്ലാം കൃത്യസമയത്ത് ഓടിയെത്താനാകാതെ കടുത്ത പ്രതിസന്ധിയാണ് ഇവർ അനുഭവിക്കുന്നത്. ഇത് രക്ഷാ പ്രവർത്തനങ്ങളെയും സാരമായി ബാധിക്കുന്നു.
കഴിഞ്ഞ വ്യാഴാഴ്ചയാണ് കണ്ണൂരിൽ ചിറക്കലിലെ പ്ലൈവുഡ് ഫാക്ടറിയിൽ വൻ തീപ്പിടുത്തമുണ്ടായത്. ഇതിന് ദിവസങ്ങൾക്ക് മുമ്പ് മുൻപ് തലശേരി കണ്ടിക്കലിൽ പ്ലാസ്റ്റിക് കമ്പനിയുടെ ഗോഡൗണിലും വൻ തീപ്പിടുത്തമുണ്ടായി. മൂന്ന് യൂണിറ്റുകളാണ് ഇവിടങ്ങളിൽ എത്തേണ്ടിവന്നത്. വലിയ തീപ്പിടുത്തമുണ്ടാകുമ്പോൾ സ്ഥിതി നിയന്ത്രിക്കാൻ കൂടുതൽ ജീവനക്കാർ നിർബന്ധമായും വേണമെന്നാണ് സേനയിലെ അഭിപ്രായം.
ഒരു വാട്ടർ ബ്രൗസർ കൂടി എത്തും
വാട്ടർ അതോറിറ്റിയുടെ പ്രധാന പൈപ്പുകളിൽ പ്രത്യേക വാൽവുകൾ ഘടിപ്പിച്ച് വെള്ളം എടുക്കാൻ സാധിക്കുന്ന സംവിധാനമായ വാട്ടർ ബ്രൗസർ ഒന്നുകൂടി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കണ്ണൂരിലെ അഗ്നിശമനസേന. നിലവിൽ 12000 ലിറ്റർ ശേഷിയുള്ള ഒരു വാട്ടർ ബൗസർ വാഹനമാണ് ജില്ലയിലുള്ളത്. അഗ്നിരക്ഷാസേനയ്ക്കായി സംസ്ഥാനത്ത് 40 പുതിയ എമർജൻസി ടെൻഡറുകളുടെ നിർമ്മാണം ആരംഭിച്ചിട്ടുണ്ട്. സംസ്ഥാനത്തെ പകുതി അഗ്നിരക്ഷാ നിലയങ്ങളിലും അവശ്യ സർവിസായ ആംബുലൻസില്ലാത്തതും പ്രവർത്തനങ്ങളെ ബാധിക്കുന്നുണ്ട്. 129 ഫയർ സ്റ്റേഷനുകളിൽ 75 ഇടത്ത് മാത്രമാണ് ആംബുലൻസ് സേവനമുള്ളത്.
ഫയർ എക്സ്റ്റിംഗ്യൂഷർ നിർബന്ധമാണേ!
സേന തക്കസമയത്ത് എത്തുമെങ്കിലും തീപ്പിടുത്ത സാദ്ധ്യത മുന്നിൽ കണ്ട് എല്ലാ വ്യാപാര സ്ഥാപനങ്ങളിലും ഓഫീസുകളിലും മറ്റും ഫയർ എക്സ്റ്റിംഗ്യൂഷർ സ്ഥാപിക്കണമെന്ന് ഫയർഫോഴ്സ് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഒരു ഫയർ എക്സ്റ്റിംഗ്യൂഷറെങ്കിലും സ്ഥാപനത്തിൽ കരുതണം. 1500 രൂപ മുതൽ 1800 രൂപ വരെയുള്ള നാല് കിലോഗ്രാമിന്റെ ഒരു ഫയർ 15 മീറ്റർ ചുറ്റളവിലുള്ള കെട്ടിടത്തിൽ ഉപയോഗിക്കാനാകും. ഇതിന്റെ മുകളിലുള്ള പിൻ വലിച്ചൂരി അമർത്തിയാൽ ഒരു മിനിറ്റിലധികം സമയം തീ കെടുത്താനുള്ള രാസ സംയുക്ത പൗഡർ പുറത്തു വരും. മോണോ അമോണിയം ഫോസ്‌ഫേറ്റാണ് ഇതിൽ സാധാരണയായി ഉപയോഗിക്കുന്നത്. ഒരിക്കൽ നിറച്ചാൽ ഒരു വർഷം വരെ ഉപയോഗിക്കാം. അതിനിടയിൽ ഉപയോഗിച്ചാലും വീണ്ടും നിറയ്ക്കുന്നതിന് 400 രൂപ മാത്രമാണ് ചിലവ്. ദ്രവ കാർബൺഡയോക്‌സൈഡ് ഉപയോഗിക്കുന്നവയും ഉണ്ട്. ഇതിന് 4.5 കിലോഗ്രാമിന്റെ സിലിണ്ടറിന് 70,000 രൂപ വരും. ഇവ പ്രവർത്തിക്കുമ്പോൾ എൽ.പി.ജി മാതൃകയിൽ വാതകമാണു പുറത്തേക്കു വരുന്നത്. കംപ്യൂട്ടർ മുറികളിലും മറ്റും ഇതാണ് ഉപയോഗിക്കുന്നത് .
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |