
പത്തനംതിട്ട: വേനൽ കടുത്ത് ജലനിരപ്പ് ക്രമാതീതമായി കുറഞ്ഞതോടെ നദികളിലും ജലസ്രോതസുകളിലും നഞ്ചും മറ്റ് രാസവസ്തുക്കളും കലർത്തിയുള്ള മീൻപിടിത്തം വ്യാപകമാകുന്നു. ജില്ലയിലെ പ്രധാന ശുദ്ധജല നദികളായ അച്ചൻകോവിൽ, പമ്പ, മണിമലയാറുകളിലാണ് ഇത്തരത്തിലുള്ള നിരോധിത മീൻപിടിത്തം വ്യാപകമായിരിക്കുന്നത്.
കുടിക്കാനും കുളിക്കാനും കാർഷികാവശ്യങ്ങൾക്കും മദ്ധ്യതിരുവിതാംകൂറിലെ ജനങ്ങൾ ഏറെ ആശ്രയിക്കുന്നത് നദികളെയാണ്. നദികളിലെ ജലം പമ്പ് ചെയ്ത് ശുദ്ധീകരിച്ചാണ് വാട്ടർ ആതോറിറ്റി ജില്ലയിൽ വിതരണം ചെയ്യുന്നത്. ജലസ്രോതസുകളിൽ വ്യാപകമായി വിഷം കലർത്തുന്നതിനാൽ ചെറുമത്സങ്ങൾ ഉൾപ്പടെ ചത്തുപൊങ്ങുന്നതിനും ജലസ്രോതസുകൾ മലിനമാകുന്നതിനും കാരണമാകുന്നു.
രാസവസ്തുക്കൾ കലർന്ന നദികളിൽ ഇറങ്ങുന്നവരുടെ കണ്ണുകൾ നീറുകയും ചുവന്ന് തുടുക്കുകയും ശ്വാസംമുട്ടൽ അനുഭവപ്പെടുകയും ചെയ്യുന്നുണ്ട്. അച്ചൻകോവിലാറ്റിൽ മാത്രം കഴിഞ്ഞ 30 ദിവസത്തിനുള്ളിൽ വിവിധ ഭാഗങ്ങളിലായി അഞ്ച് തവണയാണ് വിഷം കലർത്തി മീൻപിടിത്തം നടത്തിയത്. രാത്രികാലങ്ങളിലെത്തുന്ന സംഘം നദിയിലെ വീതികുറഞ്ഞതും ചെറിയ ഒഴുക്കുള്ളതുമായ സ്ഥലങ്ങളിൽ വിഷം കലക്കിയശേഷം വല ഉപയോഗിച്ചാണ് മീൻ പിടിക്കുന്നത്.
രാസവസ്തുക്കൾ കലർത്തുന്നതുമൂലം ഫിഷറീസ് വകുപ്പ് നിക്ഷേപിച്ച ലക്ഷക്കണക്കിന് മത്സ്യക്കുഞ്ഞുങ്ങളും പള്ളത്തി, കോല, പരൽ, ആറ്റുകൊഞ്ച്, കരിമീൻ, തിലോപ്പിയ, പുല്ലൻ, കൂരി തുടങ്ങിയ മത്സ്യങ്ങളും കൂടുതലായി ചത്തുപൊങ്ങുന്നുണ്ട്.
നശിപ്പിക്കൽ നാനാവിധം
ഇന്ത്യൻ ബെറി എന്ന പേരിലുള്ള സസ്യത്തിന്റെ കായകളാണ് നഞ്ച്
കളനാശിനി ഉപയോഗിച്ചുള്ള മീൻപിടിത്തം മനുഷ്യർക്കും ഹാനികരം
കണ്ണിയടുപ്പം കൂടിയ പറ്റുകണ്ണി വല
പായൽ കൂടിയ സ്ഥലത്തിന് ചുറ്റും വല വിരിക്കുക
മോട്ടോർ തറകളിലെ മടവല
മുളയോ ഇരുമ്പ് കമ്പിയോ ഉപയോഗിച്ചുള്ള കൂടുകൾ
വൈദ്യുതി പ്രവഹിപ്പിച്ചുള്ള മീൻപിടിത്തം
ഇതരസംസ്ഥാന കുട്ടവഞ്ചിക്കാരും പ്രതിക്കൂട്ടിൽ
തടവും പിഴയും ലഭിക്കാവുന്ന കുറ്റം
അച്ചൻകോവിലാറ്റിൽ നഞ്ചും മറ്റ് രാസവസ്തുക്കളും കലർത്തിയുള്ള മീൻപിടിത്തം വ്യാപകം
മറ്റ് ജലസ്രോതസുകളിലും സമാനരീതിയിലുള്ള മീൻപിടിത്തം
കേരളാ പഞ്ചായത്ത് രാജ് ആക്ട് 219 (എസ്), കേരള ജലസേചനവും ജല സംരക്ഷണവും നിയമം 2003 വകുപ്പ് 70(3), 72 (സി) പ്രകാരം കുറ്റകരമായ പ്രവൃത്തി
മൂന്ന് വർഷത്തെ തടവും പിഴയും ലഭിക്കാവുന്ന കുറ്റം
പ്രജനനം ഇല്ലാതാക്കും
ഉൾനാടൻ മത്സ്യത്തൊഴിലാളികൾ പരമ്പരാഗത രീതിയിലാണ് മത്സ്യബന്ധനം നടത്തുന്നത്. എന്നാൽ തുരിശും മറ്റ് രാസവസ്തുക്കളും കലർത്തിയുള്ള മത്സ്യബന്ധനം മത്സ്യങ്ങളുടെ പ്രജനനത്തെ പ്രതികൂലമായി ബാധിക്കും. മാത്രമല്ല, യഥാർത്ഥ മത്സ്യത്തൊഴിലാളികളുടെ വരുമാനവും ഇല്ലാതാക്കും. സർക്കാർ ലൈസൻസില്ലാതെ ഉൾനാടൻ ജലാശയങ്ങളിൽ മീൻപിടിക്കാനാവില്ല. ഈ നിയമം നിലനിൽക്കുമ്പോഴാണ് ഇത്തരം അനധികൃത മത്സ്യബന്ധനം പെരുകുന്നത്.
ജലം മലിനമാക്കി മീൻ പിടിക്കുന്നവർക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കാൻ പഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
പോൾ രാജ്, പ്രസിഡന്റ്,
കുളനട ഗ്രാമപഞ്ചായത്ത്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |