SignIn
Kerala Kaumudi Online
Wednesday, 18 February 2026 10.11 PM IST

മണ്ണെടുപ്പ് തർക്കത്തിനിടെ വെട്ട്: തമിഴ്നാട്ടിലേക്ക് കടക്കാൻ ശ്രമിച്ച മൂന്ന് പ്രതികൾ അറസ്റ്റിൽ

Increase Font Size Decrease Font Size Print Page

അടൂർ: മണ്ണെടുപ്പുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന്‌ ഒരാൾക്ക് വെട്ടേൽക്കുകയും അഞ്ചുപേർക്ക് കമ്പിവടി കൊണ്ടുള്ള അടിയിൽ പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ. അടൂർ പെരിങ്ങനാട് മേലൂട് വായനശാല ജംഗ്ഷനിൽ പ്ലാംതടത്തിൽ വീട്ടിൽ പി.എസ്.ഷൈൻ കുമാർ (37), മണക്കാല തുവയൂർ വടക്ക് ദിവ്യാ സദനത്തിൽ ജി.ദീപു (36), നൂറനാട് തത്തമുന്ന പടനിലം വൃന്ദാവനം വീട്ടിൽ ആർ.രാജേഷ് കുമാർ (36) എന്നിവരെയാണ് അടൂർ പൊലീസ് അറസ്റ്റ് ചെയ്തത്. മണക്കാല അയണിവി നഗറിൽ ദിപിൻ മധുവിനാണ് വെട്ടേറ്റത്.

കൂടെയുണ്ടായിരുന്ന സഹോദരൻ ദിലീപ്, സുഹൃത്തുക്കളായ ജിജു, ശരത്ത്, അനന്ദു, പ്രശാന്ത് എന്നിവർക്കാണ് മർദ്ദനമേറ്റത്. മണ്ണെടുപ്പ് സംഘങ്ങൾ തമ്മിലുണ്ടായ തർക്കമാണ് സംഘർഷത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. ബുധനാഴ്ച രാത്രി 11ന് മണക്കാല അന്തിച്ചിറ പള്ളിമുക്ക് ഭാഗത്ത് വച്ചാണ് സംഘർഷമുണ്ടായത്. ബദാംമുക്കിന് സമീപത്തെ വസ്തുവിലെ മണ്ണെടുപ്പുമായി ബന്ധപ്പെട്ടാണ് തർക്കമുണ്ടായത്.

ദിപിന്റെ സുഹൃത്തായ ജിജു ബദാംമുക്കിനും പള്ളിമുക്കിനുമിടയിലുള്ള പുരയിടത്തിന്റെ ഉടമയുമായി മണ്ണെടുപ്പിന് കരാറെടുത്തിരുന്നു. എന്നാൽ ഈ സ്ഥലത്ത് നിന്ന് മണ്ണെടുക്കരുതെന്ന് ദീപു ഭീഷണിപ്പെടുത്തിയതിനെ തുടർന്നുണ്ടായ വാക്കുതർക്കം പിന്നീട് സംഘർഷത്തിലേക്ക് നീങ്ങുകയായിരുന്നു. സംഭവശേഷം പ്രതികൾ സ്ഥലത്ത് നിന്ന് വാഹനത്തിൽ കടന്നുകളഞ്ഞു. സി.സി ടി.വി ദൃശ്യങ്ങൾ നിരീക്ഷിച്ച ശേഷം കുമളിയിൽ നിന്ന് തമിഴ്നാട്ടിലേക്ക് കടക്കാൻ ശ്രമിക്കവെ പിടികൂടുകയായിരുന്നു. അടൂർ എസ്.എച്ച്.ഒ എസ്.ശ്രീകുമാർ, എസ്‌.ഐ അനൂപ് രാഘവൻ, ശ്യാംകുമാർ, ബൈജു അറസ്റ്റിൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.

TAGS: LOCAL NEWS, PATHANAMTHITTA, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY