
പാലക്കാട്: ജോലിക്കാരും വിദ്യാർത്ഥികളും ഉൾപ്പെടെ ദിവസേന ആയിരക്കണക്കിനു യാത്രക്കാർ ആശ്രയിക്കുന്ന പാലക്കാട് ജംഗ്ഷൻ-എറണാകുളം ജംഗ്ഷൻ മെമു(66609-10) ട്രെയിനിൽ ഇനി മുതൽ കൂടുതൽ പേർക്ക് സുഖകരമായി യാത്ര ചെയ്യാം.
നിലവിൽ എട്ട് കോച്ചുകളിലായി 600 പേർക്ക് ഇരുന്നു യാത്ര ചെയ്യാവുന്ന ട്രെയിനിൽ നാല് കോച്ചുകൾ കൂടി സ്ഥിരമായി ഉൾപ്പെടുത്തും. അതായത് 300 സീറ്റ് അധികമായി ലഭിക്കും. 12 കോച്ചുകളാകുന്നതോടെ ട്രെയിനിൽ 900 പേർക്ക് ഇരുന്നു യാത്ര ചെയ്യാനാകും. ഫെബ്രുവരി 23 മുതലാണ് മെമു ട്രെയിനിൽ കൂടുതൽ കോച്ചുകൾ ഉൾപ്പെടുത്തുക. ചൊവ്വാഴ്ച ഒഴികെ എല്ലാ ദിവസവും സർവീസ് നടത്തുന്ന ട്രെയിനിൽ നിലവിൽ വൻ യാത്രാത്തിരക്കാണ് അനുഭവപ്പെടുന്നത്. വളരെ കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാമെന്നതിനാൽ തൃശൂർ, എറണാകുളം ഭാഗത്തേക്കുള്ള യാത്രക്കാർ കൂടുതലും ആശ്രയിക്കുന്ന ട്രെയിൻ കൂടിയാണിത്.
രാവിലെ 7.20നു പാലക്കാട് നിന്നു പുറപ്പെടുന്ന ട്രെയിൻ 11.15ന് എറണാകുളം ജംഗ്ഷനിലെത്തും. പറളി(7.30), മങ്കര(7.37), ലക്കിടി(7.45), ഒറ്റപ്പാലം(7.56), മാന്നനൂർ(8.05), വള്ളത്തോൾനഗർ(8.19), മുള്ളൂർക്കര(8.24), വടക്കാഞ്ചേരി(8.33), മുളങ്കുന്നത്തുകാവ്(8.41), പൂങ്കുന്ന(8.50), തൃശൂർ(8.54), ഒല്ലൂർ(9.04), പുതുക്കാട്(9.13), നെല്ലായി(9.18), ഇരിങ്ങാലക്കുട(9.26), ചാലക്കുടി(9.34), ഡിവൈൻനഗർ(9.38), കൊരട്ടി(9.42), കറുകുറ്റി(9.46), അങ്കമാലി(9.53), ചൊവ്വര(10.00), ആലുവ(10.06), കളമശ്ശേരി(10.15), ഇടപ്പള്ളി(10.23), എറണാകുളം ടൗൺ(10.34) എന്നിവിടങ്ങളിൽ സ്റ്റോപ്പ് ഉണ്ട്. മടക്ക ട്രെയിൻ ഉച്ച കഴിഞ്ഞ് 2.45ന് എറണാകുളത്ത് നിന്നു പുറപ്പെട്ട് വൈകിട്ട് 6.35ന് പാലക്കാട് എത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |