SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.25 PM IST

കിഫ്ബി ബോർഡ് യോഗം കനോലി കനാലിന് 73.21 കോടി, പാവങ്ങാട് - കുറ്റ്യാടി റോഡിന് 166.55 കോടി

Increase Font Size Decrease Font Size Print Page
kanal-city-
കനാൽ സിറ്റി

കോഴിക്കോട്: നഗരത്തിന്റെ മുഖഛായതന്നെ മാറ്റുന്ന കനാൽ സിറ്റി പദ്ധതിയുടെ ഭാഗമായി കനോലി കനാൽ ഒന്നാംഘട്ട വികസന പ്രവൃത്തിക്ക് 73.21 കോടി രൂപ കിഫ്ബി അനുവദിച്ചു. ജില്ലയിലെ പ്രധാന റോഡായ പാവങ്ങാട് - ഉള്ള്യേരി - കുറ്റ്യാടി ചൊവ്വ (പി.യു.കെ.സി) റോഡ് വികസനത്തിനായി 166.55 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന കിഫ്ബി ബോർഡ് യോഗത്തിലാണ് ഇവയുൾപ്പെടെ സംസ്ഥാനത്ത് ആകെ 689.45 കോടി രൂപയുടെ 14 പദ്ധതികൾക്ക്കൂടി അനുമതിയായത്. കനാൽ സിറ്റി പദ്ധതിയുടെ ഭാഗമായി കനോലി കനാലിന്റെ അരയിടത്തുപാലം മുതൽ എരഞ്ഞിപ്പാലം വരെയുള്ള ഭാഗമാണ് ഒന്നാംഘട്ടത്തിൽ വികസിപ്പിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ സ്വപ്ന പദ്ധതിയാണിത്.

പാവങ്ങാട് - കുറ്റ്യാടി റോഡ്

പി.യു.കെ.സി റോഡിന്റെ പുതിയങ്ങാടി മുതൽ കുറ്റ്യാടി വരെയുള്ള ഭാഗമാണ് കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിക്കുന്നത്. ഇതിന്റെ ഒന്നാംഘട്ടം പാവങ്ങാട് മുതൽ ഉള്ള്യേരി വരെ 17.2 കിലോമീറ്റർ ആണ്. ഈ പ്രവൃത്തിയ്ക്കു വേണ്ടി കിഫ്ബിയിൽനിന്ന് 82.36 കോടി രൂപയുടെ സാമ്പത്തികാനുമതി ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ റോഡ് വീതി കൂട്ടി പുനരുദ്ധരിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. 14 മീറ്റർ ആയാണ് റോഡ് വീതി കൂട്ടുന്നത്. ഇതിൽ ഒൻപത് മീറ്റർ കാര്യേജ് വേ, ഇരുവശത്തും ഡ്രൈനേജ്, നടപ്പാത, യൂട്ടീലിറ്റി കോറിഡോർ എന്നിവ ഉൾപ്പെടുന്നു.

രണ്ടാം ഘട്ടം
രണ്ടാം ഘട്ടമായി ഉള്ള്യേരി മുതൽ കുറ്റ്യാടി വരെയുള്ള ഭാഗമാണ് നവീകരിക്കുക. ഇതിനായി 168 കോടി രൂപ കിഫ്ബിയിൽനിന്നും സാമ്പത്തിക അനുമതിയായിട്ടുണ്ട്. ഭൂമി ഏറ്റെടുക്കൽ നടപടികൾ ഉടൻ ആരംഭിക്കും. കേരള റോഡ് ഫണ്ട് ബോഡിനും (കെ.ആർ.എഫ്.ബി) പൊതുമരാമത്ത് നിരത്ത് വിഭാഗത്തിനും ആണ് നിർമാണ ചുമതല. എംസി റോഡ് വികസനം ഉൾപ്പെടെ പൊതുമരാമത്ത് വകുപ്പിൽ 282.98 കോടി രൂപയുടെ പദ്ധതികൾക്ക് കിഫ്ബി ബോർഡ് യോഗം അംഗീകാരം നൽകിയിട്ടുണ്ട്.

'കോഴിക്കോട് നഗരം ലോക ഭൂപടത്തിൽ ഇടംപിടിക്കും"

കോഴിക്കോട്ടുകാരുടെ സ്വപ്നപദ്ധതിക്കാണ് കിഫ്ബി ആദ്യ ഫണ്ട് അനുവദിക്കുന്നതിലൂടെ ചിറക് മുളയ്ക്കുന്നതെന്നു പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. യൂറോപ്യൻ മാതൃകയിൽ ജല ഗതാഗതവും ചരക്കുനീക്കവും വിനോദസഞ്ചാരവും ഒരുപോലെ സാധ്യമാകുന്ന പദ്ധതി യാഥാർഥ്യമാവുന്നതോടെ കോഴിക്കോട് നഗരം ലോക ഭൂപടത്തിൽ ഇടംപിടിക്കും. ഏറെക്കാലമായുള്ള ആഗ്രഹമാണ് പാവങ്ങാട് - ഉള്ള്യേരി - കുറ്റ്യാടി റോഡ് വികസനം. റോഡ് വികസനം യാഥാർഥ്യമാവുന്നതോടെ ഈ റൂട്ടിൽ ഏറെക്കാലയുള്ള യാത്രാ ക്ലേശത്തിനു ശാശ്വത പരിഹാരമാവുമെന്നും മന്ത്രി പറഞ്ഞു.

TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY