
ന്യൂഡൽഹി: കഴിഞ്ഞ പത്തുവർഷത്തിനിടയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശയാത്രകൾക്കായി 762 കോടി രൂപ ചെലവാക്കിയെന്ന് വെളിപ്പെടുത്തി കേന്ദ്രവിദേശകാര്യ മന്ത്രാലയം. ലോക്‌സഭയിൽ സമർപ്പിച്ച രേഖകളിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രധാനമന്ത്രിയുടെ വിദേശ യാത്രകളുടെ ചെലവും ഒപ്പമുണ്ടായിരുന്ന പ്രതിനിധി സംഘങ്ങളെക്കുറിച്ചുള്ള വിവരങ്ങളും വിശദീകരിച്ചുകൊണ്ട് വിദേശകാര്യ മന്ത്രാലയം വെള്ളിയാഴ്‌ച രേഖാമൂലമുള്ള മറുപടി നൽകി. 2024ൽ വിദേശ യാത്രകൾക്കുള്ള വാർഷിക ചെലവ് 100 കോടിയിലധികമായിരുന്നു. 2025ൽ മോദി യൂറോപ്യൻ രാജ്യങ്ങൾ, അമേരിക്ക, ആഫ്രിക്ക, കിഴക്കൻ ഏഷ്യ എന്നിവിടങ്ങളിൽ പര്യടനം നടത്തിയപ്പോൾ അത് 175 കോടിയിൽ കവിഞ്ഞതായി മറുപടിയിൽ പറയുന്നു.
യാത്രകളിലെ ആതിഥേയത്വ ചെലവുകളുടെ ഭൂരിഭാഗവും ആതിഥേയ രാജ്യമാണ് വഹിക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സുരക്ഷാ ക്രമീകരണങ്ങൾ, ഔദ്യോഗിക പ്രതിനിധികൾ, മാദ്ധ്യമസംഘം, മറ്റ് ലോജിസ്റ്റിക്സ് ചെലവുകൾ എന്നിവയ്ക്കാണ് സർക്കാർ കൂടുതൽ പണം ചെലവഴിക്കുന്നതെന്നും വിദേശകാര്യ മന്ത്രാലയം കൂട്ടിച്ചേർത്തു. 2014 മെയ് മുതൽ ആവശ്യകതകൾ അനുസരിച്ച് പ്രധാനമന്ത്രിയുടെ പ്രതിനിധി സംഘത്തിലെ അംഗങ്ങളുടെ എണ്ണം 27 നും 72 നും ഇടയിലായിരുന്നു. 2025 ൽ അഞ്ച് രാജ്യങ്ങൾ സന്ദർശിച്ച ഒരു യാത്രയിൽ 95 അംഗങ്ങളുണ്ടായിരുന്നെന്ന് മന്ത്രാലയത്തിന്റെ മറുപടിയിൽ പറയുന്നു. ഈ യാത്രകൾക്കായി സർക്കാർ ഏറ്റവും കുറഞ്ഞ തുക ചെലവഴിച്ചത് കൊവിഡിന് ശേഷമുള്ള കാലഘട്ടത്തിലാണെന്നും എന്നാൽ തുടർന്നുള്ള വർഷങ്ങളിൽ ഉഭയകക്ഷി, ബഹുമുഖ ഇടപെടലുകൾ കാരണം അത് വർദ്ധിച്ചെന്നും രേഖകൾ സൂചിപ്പിക്കുന്നു.
മൻമോഹൻ സിംഗ് സർക്കാരിന്റെ കാലത്ത് വിദേശയാത്രകൾക്കായി വളരെ കുറച്ചുമാത്രമേ ചെലവഴിച്ചിട്ടുള്ളെന്നും മറുപടിയിലുണ്ട്. 2011ൽ അമേരിക്കൻ യാത്രയ്‌ക്കായി 10.74 കോടി രൂപയും 2013 ൽ റഷ്യൻ യാത്രയ്‌ക്ക് 9.95 കോടി രൂപയും 2011ൽ ഫ്രാൻസിലേക്ക് 8.33 കോടി രൂപയും 2013 ൽ ജർമ്മനിയിലേക്ക് 6.02 കോടി രൂപയും മാത്രമാണ് ചെലവഴിച്ചത്. പണപ്പെരുപ്പം, കറൻസിയിലെ ഏറ്റക്കുറച്ചിലുകൾ, സഞ്ചരിച്ച രാജ്യങ്ങളുടെ എണ്ണം, യാത്രാ ദൂരം, സുരക്ഷാ സജ്ജീകരണങ്ങൾ, പ്രതിനിധി സംഘത്തിന്റെ വലിപ്പം തുടങ്ങിയ ഘടകങ്ങൾ മൂലമാണ് ഇപ്പോൾ ചെലവ് വർദ്ധിച്ചതെന്നും വിദേശകാര്യമന്ത്രാലയം കൂട്ടിച്ചേർത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |