
മല്ലപ്പള്ളി: മരണാനന്തരം നാല് കുട്ടികൾക്ക് അവയവങ്ങൾ ദാനംചെയ്ത പത്തുമാസം പ്രായമുള്ള ആലിൻ ഷെറിൻ എബ്രഹാമിന്റെ പേര് കോഴിക്കോട്ട് ചേവായൂരിൽ സംസ്ഥാന സർക്കാർ സ്ഥാപിക്കുന്ന പുതിയ അവയവമാറ്റ കേന്ദ്രത്തിന് നൽകുന്നത് പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മല്ലപ്പള്ളി നെടുങ്ങാടപ്പള്ളിയിൽ ആലിനിന്റെ വാലുമണ്ണിൽ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചുകൊണ്ടാണ് മുഖ്യമന്ത്രി ഇത് പറഞ്ഞത്. അവയവദാന കേന്ദ്രത്തിന് ആലിനിന്റെ പേര് നൽകണമെന്ന് ആവശ്യപ്പെട്ട് തിരുവല്ല ഡെവലപ്മെന്റ് ഫൗണ്ടേഷൻ മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിരുന്നു. അവയവങ്ങൾ ദാനം ചെയ്യാനുള്ള ആലിനിന്റെ കുടുംബത്തിന്റെ തീരുമാനം വലിയ മാതൃകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഇന്നലെ വൈകിട്ട് ആറരയോടെയാണ് മുഖ്യമന്ത്രി എത്തിയത്. 20 മിനിറ്റ് കുടുംബാംഗങ്ങളുമായി സംസാരിച്ചു. ആരോഗ്യമന്ത്രി വീണാജോർജ്, സി.പി.എം ജില്ലാസെക്രട്ടറി രാജു എബ്രഹാം, സെക്രട്ടേറിയറ്റംഗം ആർ.സനൽകുമാർ, ഗ്രിഗോറിയോസ് മാർ സ്റ്റെഫാനിയോസ് എപ്പിസ്കോപ്പ എന്നിവരും ഉണ്ടായിരുന്നു.
വാഹനാപകടത്തിൽ മസ്തിഷ്ക മരണം സംഭവിച്ച ആലിൻ ഷെറിൻ എബ്രഹാമിന്റെ സംസ്കാരം ഞായറാഴ്ച ഔദ്യോഗിക ബഹുമതികളോടെയാണ് നടത്തിയത്. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവാണ് ആലിൻ.
കുഞ്ഞിന്റെ പേരിൽ തട്ടിപ്പ്
ആലിൻ ഷെറിൻ എബ്രഹാമിന്റെ കുടുംബത്തെ സഹായിക്കാനെന്ന പേരിൽ പണപ്പിരിവ് നടത്തി തട്ടിപ്പ് സംഘങ്ങൾ. ആലിനിന്റെ മുത്തച്ഛൻ റെജി ശാമുവലിന്റെ സുഹൃത്തിന്റെ ഫോണിലേക്ക് ധനസഹായം അഭ്യർത്ഥിച്ച് വിളിയെത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. ഒരു വനിതയാണ് അയിരൂർ സ്വദേശിയായ വിമുക്തഭടൻ എ.ആർ.കെ.പിള്ളയെ വിളിച്ചത്. ആലിനിന്റെ കുടുംബത്തെ സാമ്പത്തികമായി സഹായിക്കാൻ രൂപീകരിച്ച സംഘടനയുടെ ആളെന്നാണ് പരിചയപ്പെടുത്തിയത്.റെജി തന്റെ സുഹൃത്താണെന്നും കുടുംബം ആരോടും പണം ആവശ്യപ്പെട്ടിട്ടില്ലെന്നും എ.ആർ.കെ.പിള്ള അറിയിച്ചപ്പോൾ ഫോൺ കട്ടുചെയ്തു. സംഭവത്തിൽ നിയമനടപടി സ്വീകരിക്കുമെന്ന് മുത്തച്ഛൻ റെജി ശാമുവൽ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |