
അപൂർവങ്ങളിൽ അപൂർവം
ഒരു വിനോദസഞ്ചാരിയ കൊലപ്പെടുത്തി
ബംഗളൂരു: കർണാടകയിലെ ഹംപിയിൽ ഇസ്രയേലി യുവതിയെ അടക്കം രണ്ടുപേരെ കൂട്ടമാനഭംഗത്തിനിരയാക്കുകയും, ഒഡീഷ സ്വദേശിയായ വിനോദസഞ്ചാരിയെ കൊലപ്പെടുത്തുകയും ചെയ്‌ത പ്രതികൾക്ക് വധശിക്ഷ വിധിച്ചു. ഗംഗാവതി സെഷൻസ് കോടതിയാണ് മൂന്ന് പ്രതികൾക്ക് പരമാവധി ശിക്ഷ പ്രഖ്യാപിച്ചത്. സംഭവം അപൂർവങ്ങളിൽ അപൂർവമെന്ന് സെഷൻസ് ജഡ്‌ജി സദാനന്ദ നാഗപ്പ നായക് വിലയിരുത്തി. ഹൻഡി മല്ലേഷ് എന്ന മല്ലേഷ് (22), ചേതൻ സായ് (21), ശരൺ ബസപ്പ (27) എന്നിവരാണ് കൊടും കുറ്റകൃത്യം നടത്തിയത്. കൂട്ടമാനഭംഗം,കൊലപാതകം,കവർച്ച തുടങ്ങിയ കുറ്റങ്ങളിൽ മൂന്ന് പ്രതികളും കുറ്റക്കാരാണെന്ന് ഈമാസം 6ന് കോടതി കണ്ടെത്തിയിരുന്നു. 2025 മാർച്ച് 6നാണ് രാജ്യത്തെ നടുക്കിയ സംഭവം. ഹംപിയിലെ ലോക പൈതൃക കേന്ദ്രം കാണാനെത്തിയ ഇസ്രയേലി വനിത (27), സനാപുര മേഖലയിലെ ഹോംസ്റ്റേയുടെ ഉടമയായ വനിത (29), യു.എസ് പൗരനായ ഡാനിയേൽ, ഒഡീഷയിൽ നിന്നുള്ള ബിഭാഷ് കുമാർ നായക്, മഹാരാഷ്ട്രയിൽ നിന്നുള്ള പങ്കജ് എന്നിവരാണ് ഇരകളായത്. 11 മാസത്തിനകം വിചാരണ പൂർത്തിയാക്കി പ്രതികൾക്ക് പരമാവധി ശിക്ഷ വാങ്ങികൊടുക്കാൻ പൊലീസിനും പ്രോസിക്യൂഷനും സാധിച്ചു.
കനാലിൽ തള്ളിയിട്ടു
കൊന്നു
ഭക്ഷണം കഴിച്ച് രാത്രി 10.30ഓടെ നാലു വിനോദസഞ്ചാരികളും ഹോം സ്റ്റേ ഉടമയും തുംഗഭദ്ര കനാലിന്റെ തീരത്ത് വാന നിരീക്ഷണത്തിന് എത്തിയപ്പോഴായിരുന്നു ആക്രമണം. ബൈക്കിലെത്തിയ മൂവർ സംഘം പെട്രോൾ പമ്പിലേക്കുള്ള വഴി ചോദിച്ചു. അടുത്തെങ്ങും പെട്രോൾ പമ്പില്ലെന്ന് പറഞ്ഞപ്പോൾ 100 രൂപ വേണമെന്നായി. നൽകാനാകില്ലെന്ന് പറഞ്ഞതോടെ വിനോദസഞ്ചാരികളെ മർദ്ദിച്ചു. കനാലിൽ തള്ളിയിട്ട ശേഷം കല്ലെറിഞ്ഞു. ഡാനിയേലും പങ്കജും അക്രമികളിൽ നിന്നു രക്ഷപ്പെട്ടെങ്കിലും ബിഭാഷ് മുങ്ങിമരിച്ചു. തുടർന്ന് രണ്ടു വനിതകളെയും കൂട്ടമാനഭംഗത്തിന് ഇരയാക്കുകയായിരുന്നു. ഇവരുടെ രണ്ട് മൊബൈൽ ഫോണുകളും 9,500 രൂപയും കവർന്നു. ബിബാഷിന്റെ മൃതദേഹം അടുത്തദിവസം കണ്ടെത്തി. മല്ലേഷ്, ചേതൻ സായ് എന്നീ പ്രതികളെ 48 മണിക്കൂറിനകം പിടികൂടി. ശരൺ ബസപ്പയെ ഒരാഴ്ചയ്‌ക്കകം ചെന്നൈ റെയിൽവേ സ്റ്റേഷനിൽ നിന്ന് അറസ്റ്ര് ചെയ്‌തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |