കടലുണ്ടി: പൈതൃക ടൂറിസം വികസന പദ്ധതിയുടെ ഭാഗമായി സംസ്ഥാന വിനോദസഞ്ചാര വകുപ്പ് അനുവദിച്ച 99.90 ലക്ഷം രൂപ വിനിയോഗിച്ച് നവീകരണം പൂർത്തിയാക്കിയ ചാലിയം മാലിക് ബിൻ ദിനാർ മസ്ജിദിന്റെ (പുഴക്കര പള്ളി) ഉദ്ഘാടനം ടൂറിസം, പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവഹിച്ചു. കടലുണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഒ.ഭക്തവത്സലൻ അദ്ധ്യക്ഷനായി. കേരള മുസ്ലീം ജമാഅത്ത് ജനറൽ സെക്രട്ടറി ഇബ്രാഹിം ഖലീൽ ബുഹാരി മുഖ്യാതിഥിയായി. കേരളത്തിലെ ഏറ്റവും പഴക്കമേറിയ മുസ്ലിം ആരാധനാലയങ്ങളിൽ ഒന്നാണ് ചാലിയം മുസ്ലിം ജംഇയ്യത്ത് സംഘത്തിന് കീഴിലുള്ള മസ്ജിദ്. കേരളത്തിലെത്തിയ മാലിക് ബിൻ ദീനാറും സംഘവും വിവിധ പ്രദേശങ്ങളിൽ മസ്ജിദുകൾ സ്ഥാപിച്ചതിൽ രണ്ടാമത്തേതായാണ് ചാലിയം പുഴക്കര പള്ളി അറിയപ്പെടുന്നത്. കടൽത്തീരത്തിനും വ്യാപാര കേന്ദ്രങ്ങൾക്കും അടുത്തായി സ്ഥിതി ചെയ്യുന്നതിനാൽ പുരാതനകാലത്ത് അറബ് വ്യാപാരികളുമായി കേരളത്തിനുണ്ടായിരുന്ന ബന്ധത്തിന്റെ അടയാളമായും ഇതിനെ പരിഗണിക്കുന്നു. ചടങ്ങിൽ വിനോദസഞ്ചാര വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ പ്രദീപ് ചന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു. എ.പി അബ്ദുൽ കരീം ഹാജി, ഇ.എം അബ്ദുൽ അസീസ് ഹാജി, കെ.സി അഷ്റഫ്, ടി നിഖിൽദാസ്, ഡി ഗിരീഷ് കുമാർ, ടി രാധാഗോപി പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |