പുതിയ പാലത്തെ വലിയ പാലം മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു
കോഴിക്കോട്: കനോലി കനാലിലൂടെ യാത്രാ സൗകര്യവും ചരക്ക് ഗതാഗതവും ടൂറിസവുമെല്ലാം സാദ്ധ്യമാക്കി പാരിസ് മാതൃകയില്‍ കോഴിക്കോട്ട് കനാല്‍സിറ്റി പദ്ധതി യാഥാര്‍ത്ഥ്യമാക്കുമെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. കനോലി കനാലിന് കുറുകെ നിര്‍മ്മിച്ച പുതിയ പാലത്തെ വലിയ പാലത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കനാല്‍ സിറ്റിയുടെ ഒന്നാംഘട്ട വികസന പ്രവൃത്തിക്കായി 73.21 കോടി രൂപ അനുവദിച്ചെന്നും പറഞ്ഞു.
കാലിക്കറ്റിനെ ന്യൂ കാലിക്കറ്റ് ആക്കുന്ന വികസന പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. കോഴിക്കോട് നഗരത്തിലെ 12 റോഡുകളുടെ വികസനത്തിനായി സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചത് 1312.67 കോടി രൂപയാണ്. കോഴിക്കോടിന്റെ വികസന കാര്യത്തില്‍ ഒരു കാലത്തുമില്ലാത്ത രീതിയിൽ സര്‍ക്കാര്‍ പരിഗണന നല്‍കി. കേരളത്തില്‍ അഞ്ച് വര്‍ഷത്തിനിടെ നൂറ് പാലങ്ങളാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും 150ലധികം പൂര്‍ത്തീകരിച്ചു.
അഹമ്മദ് ദേവര്‍കോവില്‍ എം.എല്‍.എ അദ്ധ്യക്ഷനായി. മേയര്‍ ഒ.സദാശിവന്‍, ഡെപ്യൂട്ടി മേയര്‍ എസ്. ജയശ്രീ, മനുഷ്യാവകാശ കമ്മിഷന്‍ ജുഡീഷ്യല്‍ മെമ്പര്‍ കെ.ബൈജുനാഥ് തുടങ്ങിയവര്‍ മുഖ്യാതിഥികളായി. കെ.ആര്‍.എഫ്.ബി നോര്‍ത്ത് സര്‍ക്കിള്‍ ലീഡര്‍ ഇ.ജി വിശ്വപ്രകാശ്, അസി.എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ ജെ. ഷാനു എന്നിവര്‍ പ്രസംഗിച്ചു.
നഗരത്തിൽ എളുപ്പമെത്താം
പുതിയ പാലത്തെ മീഞ്ചന്ത മിനി ബൈപാസുമായി ബന്ധിപ്പിക്കുന്നതാണ് പാലം. കിഫ്ബി വഴി 2022 ല്‍ 60 കോടി രൂപ അനുവദിച്ചതോടെയാണ് പ്രവൃത്തി ആരംഭിച്ചത്. 16.53 കോടി രൂപ വിനിയോഗിച്ച് 195 മീറ്റര്‍ നീളത്തിലും 11 മീറ്റര്‍ വീതിയിലും ആര്‍ച്ച് മാതൃകയില്‍ നിര്‍മ്മിച്ച പാലത്തിനൊപ്പം ഇരു വശങ്ങളിലും അപ്രോച്ച് റോഡുമുണ്ട്. 40 കോടി രൂപയാണ് സ്ഥലമെടുപ്പിന് ചെലവായത്. റെയില്‍വേ സ്റ്റേഷന്‍, പാളയം, തളി, കല്ലായി എന്നിവിടങ്ങളിലേക്ക് എളുപ്പത്തിലെത്താം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |