കോഴിക്കോട്: വൈവിദ്ധ്യങ്ങളുടെ കോഴിക്കോടൻ രുചികൾ സ്നേഹത്തിൽ ചാലിച്ച് വിളമ്പിയ സൈനബിത്താത്തയ്ക്ക് വിട ചൊല്ലി നാട്. നാലു പതിറ്റാണ്ട് കാലം കോഴിക്കോട് കോൺവെന്റ് റോഡിലെ സെയ്ൻസ് ഹോട്ടലിൽ രുചി തേടിയെത്തുന്നവരുടെ വയറും മനസും നിറച്ചാണ് ഉടമയായ പി.എൻ.എം. സൈനബി നൂർ വിട്ടിരുന്നത്. കരൾ സംബന്ധമായ അസുഖത്തിന് രണ്ട് മാസമായി ചികിത്സയിലായിരുന്നു. ടാഗോർ ഹാളിന് സമീപത്തെ ഫ്ലാറ്റിലായിരുന്നു താമസം. മരണശേഷം സഹോദരി ഹലീമയുടെ അൽ-അമീൻ വസതിയിലേക്ക് കൊണ്ടു പോകുകയായിരുന്നു. കോഴിക്കോടൻ ഭക്ഷണപെരുമയുടെ അടയാളമായിരുന്നു സെയ്ൻസ് ഹോട്ടൽ 1990 ലാണ് ആരംഭിച്ചത്. അന്ന് മുതൽ ഭർത്താവ് നൂർ മുഹമ്മദിനൊ (പരേതൻ) പ്പം സൈനബിയും ഹോട്ടലിന്റെ നടത്തിപ്പിലുണ്ടായിരുന്നു. കസ്റ്റംസ് റോഡിലായിരുന്നു ഹോട്ടൽ ആദ്യം തുടങ്ങിയത്. പിന്നീട് ഫയർ സ്റ്റേഷന് പുറകിലേക്ക് മാറ്റുകയായിരുന്നു.
ഹോട്ടൽ നടത്തിപ്പിൽ സ്ത്രീകൾ മടിച്ചുനിന്ന കാലത്ത് രംഗത്തെത്തിയ അപൂർവ വനിതാ സംരംഭകരിൽ ഒരാളും കൂടിയാണ് സൈനബി നൂർ. ഭർത്താവിന്റെ മരണശേഷം ഹോട്ടൽ ചുമതല മുഴുവമനായും അവർ ഏറ്റെടുത്തു. കോഴിക്കോടൻ രുചികളിൽ എന്നും പ്രിയമേറിയവയും വൈവിദ്ധ്യങ്ങളുടെ കലവറയായിരുന്ന വിഭവങ്ങൾ പല ദേശങ്ങളിലെത്തിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. പഴംപൊരി, ഉന്നക്കായ, പഴംനിറച്ചത്, പഴംപത്തിരി, ഹൽവ, ബിരിയാണി തുടങ്ങിയവ ജനങ്ങളിലേക്കെത്തിച്ചു. വിദേശികൾ ഉൾപ്പെടെ പലരും കോഴിക്കോട്ടെത്തിയാൽ സെയിൻസ് തേടിയെത്തുന്നത് പതിവാണ്. സൈനബിയുടെ സെപഷ്യൽ അരിക്കടുക്ക,മുട്ടമാല തുടങ്ങിയ പലഹാരങ്ങൾ കഴിക്കാൻ ദേശങ്ങൾ കടന്നും ആളുകൾ എത്താറുണ്ടായിരുന്നു. അസുഖത്തിന്റെ നാളുകളിലും ഹോട്ടലിൽ എത്തിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |