
തൊടുപുഴ: സ്ളാബില്ലാത്ത ഓടയിൽ വീണ് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ച സംഭവത്തിൽ ജില്ലയ്ക്ക് പുറത്തുള്ള എസ്.പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥനെ നിയോഗിച്ച് ജില്ലാകളക്ടർ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ നിർദേശം നൽകി. മുതലക്കോടം പറക്കുന്നേൽ ബെന്നിയുടെ മകൻ ജെയ്സ് ബെന്നിയാണ് (27) മരിച്ചത്. പത്രവാർത്തയുടെ അടിസ്ഥാനത്തിലാണ് സ്വമേധയാ കേസെടുത്തത്. അന്വേഷണ ഉദ്യോഗസ്ഥനെ സൗത്ത് സോൺ ഐ.ജി നിർദ്ദേശിക്കണം. സ്ലാബ് തകർന്ന് രൂപപ്പെട്ട കുഴി അടക്കാനുള്ള അധികാരം പൊതുമരാമത്ത് വകുപ്പിനാണോ എന്നതും ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്നതും പരിശോധിക്കണം. യുവാവിന്റെ ബന്ധുക്കൾ, നാട്ടുകാർ, പൊതുമരാമത്ത് ഉദ്യോഗസ്ഥർ എന്നിവരുടെ മൊഴികളെടുക്കണം. സ്ഥലത്ത് മുമ്പും അപകടങ്ങൾ നടന്നിട്ടുണ്ടോ എന്നത് പരിശോധിക്കണം. ജെയ്സ് ഓടിച്ചിരുന്ന വാഹനത്തിന് പൂർണ ഇൻഷ്വറൻസ് കവറേജ് ഉണ്ടോയെന്ന് പരിശോധിക്കണം. മരിച്ചയാളുടെയും മാതാപിതാക്കളുടെയും വിലാസം റിപ്പോർട്ടിൽ ഉൾക്കൊള്ളിക്കണം. കുഴി അടയ്ക്കാൻ ഉത്തരവാദിത്തമുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ പേരും വിലാസവും റിപ്പോർട്ടിലുണ്ടാവണം. യുവാവിന്റെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകാൻ നടപടിയെടുത്തിട്ടുണ്ടെങ്കിൽ അതിന്റെ വിശദാംശങ്ങളും നൽകണം. പൊതുമരാമത്ത് വകുപ്പ് ഇന്റേണൽ വിജിലൻസ് വിംഗ് നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ട് ലഭ്യമെങ്കിൽ ഹാജരാക്കണം. അന്വേഷണ ഉദ്യോഗസ്ഥൻ സമഗ്രമായ റിപ്പോർട്ട് ജില്ലാ കളക്ടർക്ക് കൈമാറണം. ജില്ലാ കളക്ടറുടെ റിപ്പോർട്ടും ചേർത്ത് രണ്ട് ആഴ്ചക്കകം കമ്മിഷനിൽ സമർപ്പിക്കണം. പൊതുമരാമത്ത് (റോഡ്സ്) വകുപ്പ് ചീഫ് എൻജിനീയർ, പൊതുമരാമത്ത് ഇന്റേണൽ വിജിലൻസ് വിംഗ് അന്വേഷണ റിപ്പോർട്ടുകളും ഉൾക്കൊള്ളിക്കണം. കളക്ടറുടെയും ചീഫ് എൻജിനീയറുടെയും പ്രതിനിധിയും അന്വേഷണ ഉദ്യോഗസ്ഥനും തൊടുപുഴയിൽ നടത്തുന്ന സിറ്റിംഗിൽ നേരിട്ട് ഹാജരാകാനും നിർദ്ദേശമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |