
തിരുവനന്തപുരം:വിവാദങ്ങൾക്കും ആശങ്കകൾക്കുമൊടുവിൽ സംസ്ഥാനത്ത് എസ്.ഐ.ആർ തീവ്ര വോട്ടർപട്ടിക പരിഷ്ക്കരണം പൂർത്തിയായി.ബീഹാറിന് ശേഷം എസ്.ഐ.ആർ പൂർത്തിയാകുന്ന സംസ്ഥാനമാണ് കേരളം.നടപടികൾ പൂർത്തിയായപ്പോൾ സംസ്ഥാനത്തെ വോട്ടർമാരുടെ എണ്ണം 2.78കോടിയിൽ നിന്ന് 2.69കോടിയായി കുറഞ്ഞു.വിശദമായ വോട്ടർപട്ടിക ഇന്ന് പ്രസിദ്ധീകരിക്കും.പട്ടികയിൽ പേരില്ലാത്തവർക്ക് നിയമസഭാ തിരഞ്ഞെടുപ്പിന്റെ നാമനിർദ്ദേശപത്രിക സമർപ്പിക്കുന്നസമയം വരെ പേരുചേർക്കാനുള്ള അപേക്ഷ നൽകാം.ഇലക്ഷൻ കമ്മിഷൻ വെബ്സൈറ്റിൽ എസ്.ഐ.ആർ വോട്ടർപട്ടിക ലഭ്യമാകും.
എസ്.ഐ.ആർ വോട്ടർപട്ടിക പ്രസിദ്ധീകരിക്കുന്നതിന് മുന്നോടിയായി ഇന്നലെ സംസ്ഥാനത്തെ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ വിളിച്ചുചേർത്ത രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെ യോഗത്തിലാണ് അന്തിമ വോട്ടർപട്ടികയിൽ 2.69കോടി വോട്ടർമാരുണ്ടെന്ന് അറിയിച്ചത്.കഴിഞ്ഞ വർഷം നവംബർ 4നാണ് സംസ്ഥാനത്ത് എസ്.ഐ.ആർ തുടങ്ങിയത്.
ഡിസംബർ 23നാണ് എസ്.ഐ.ആർ വോട്ടർപട്ടികയുടെ കരട് പുറത്തിറക്കിയത്.അതിൽ തന്നെ രേഖകൾ നൽകാത്ത 36.88ലക്ഷം പേർക്ക് ഇലക്ഷൻ കമ്മിഷൻ നോട്ടീസ് നൽകി തെളിവെടുപ്പിന് വിളിച്ചിരുന്നു.രേഖകൾ തൃപ്തികരമാകാത്തതിൽ 53229 പേരെ വോട്ടർപട്ടികയിൽ നിന്ന് നീക്കം ചെയ്തു.കരട് വോട്ടർപട്ടികയിൽ 24ലക്ഷത്തോളംപേർ ഉൾപ്പെട്ടിരുന്നില്ല. അവരിൽ 13.51 ലക്ഷം പേർ പുതുതായി പേര് ചേർക്കാൻ അപേക്ഷ നൽകി. അതിൽ 1.04ലക്ഷം പേരുടെ അപേക്ഷ രേഖകൾ ശരിയല്ലെന്ന കാരണത്താൽ നിരസിച്ചു.
എസ്.ഐ.ആർ തുടങ്ങുന്നതിന് മുമ്പ് സംസ്ഥാനത്തെ വോട്ടർപട്ടികയിൽ 2,78,50,855വോട്ടർമാരാണുണ്ടായിരുന്നത്. അതിൽ നിന്ന് 8.97ലക്ഷം കുറവാണ് എസ്.ഐ.ആർ.വോട്ടർപട്ടിക.കഴിഞ്ഞ വർഷം ഡിസംബറിൽ തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുമ്പോൾ സംസ്ഥാനത്തെ വോട്ടർപട്ടികയിൽ 2,86,07,658വോട്ടർമാരുണ്ടായിരുന്നു. അതിൽ നിന്ന് 16.54ലക്ഷം കുറവാണ് എസ്.ഐ.ആർ വോട്ടർപട്ടികയിലുള്ളത്.
#ഇന്ന് പ്രസിദ്ധീകരിക്കാനിരിക്കുന്ന എസ്.ഐ.ആർ.വോട്ടർപട്ടിക
ആകെ വോട്ടർമാർ 2,69,53,644
പുരുഷൻമാർ 1,31,26,048
സ്ത്രീകൾ 1,38,27,319
ട്രാൻസ് ജെൻഡർമാർ 277
പ്രവാസിവോട്ടർമാർ 2,23,558
സർവ്വീസ് വോട്ടർമാർ 54,110
19വയസിൽ താഴെയുള്ളവർ 4,24,518
85വയസിൽ കൂടുതലുള്ളവർ 2,04,608
ഭിന്നശേഷിക്കാർ 243698
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |