തിരുവല്ല : സർവാഭരണ വിഭൂഷിതനായി ശ്രീവല്ലഭസ്വാമി, അത്രത്തോളം പ്രൗഢിയിൽ സുദർശനമൂർത്തി. താളമേളങ്ങളും തീവെട്ടിയും തീർത്ത ദീപപ്രഭയിൽ ഭക്തിസാന്ദ്രമായി മതിലകത്ത് നടന്ന പെരുമാൾപ്പുറപ്പാട് സമാനതകളില്ലാത്ത ആനന്ദക്കാഴ്ച്ചയായി. അഞ്ചാം ഉത്സവദിനത്തിൽ രാത്രി നടന്ന അപൂർവ ചടങ്ങ് ദർശിച്ചു തൊഴാൻ ഭക്തജനങ്ങളുടെ തിരക്കായിരുന്നു. ശ്രീവല്ലഭ പെരുമാളും സുദർശന മൂർത്തിയും ഗരുഡ വാഹനത്തിൽ എഴുന്നെള്ളിയ പെരുമാൾ പുറപ്പാട് ഭക്തർക്ക് വേറിട്ട അനുഭവമായി. വിശേഷാൽ അലങ്കാരത്തോടുകൂടിയായിരുന്നു എഴുന്നെള്ളത്ത്. ഗരുഢവാഹനം എഴുന്നെള്ളിച്ച് നാലമ്പലത്തിന് പുറത്തേക്ക് കൊണ്ടുവന്നതോടെ വായ്ക്കുരവകൾ ഉയർന്നു. മൂർത്തികളെ കണ്ടുതൊഴാൻ കാത്തിരുന്ന ഭക്തർ നാമജപത്തോടെ എതിരേറ്റു. രണ്ടാമത്തെ പ്രദക്ഷിണം പൂർത്തിയാക്കി സേവപ്പന്തലിൽ എഴുന്നെള്ളിയ ശ്രീവല്ലഭപ്പെരുമാളിന്റെയും സുദർശന മൂർത്തിയുടെയും മുന്നിൽ നാമഘോഷം. നിറപറ സമർപ്പിച്ചു തൊഴാൻ ഒട്ടേറെ ഭക്തരാണ് എത്തിയത്. പ്രദക്ഷിണത്തിന് നൂറുകണക്കിന് ഭക്തരും അണിചേർന്നു. യോഗക്ഷേമ സഭ ജില്ലാ വൈസ് പ്രസിഡന്റ് വിഷ്ണു നമ്പൂതിരി ആറ്റുപ്പുറത്തില്ലം, ഉപസഭ പ്രസിഡന്റ് നാരായണൻ നമ്പൂതിരി ചോണൂരില്ലം, സെക്രട്ടറി ശശി ഇളയിടം, യുവജനസഭ പ്രസിഡന്റ് വിഷ്ണു എന്നിവരുടെ നേതൃത്വത്തിൽ അമ്പതോളം വേദജ്ഞരാണ് ഗരുഢവാഹനം എഴുന്നെള്ളിച്ചത്. ഇന്ന് രാവിലെ മുതൽ ഹരിനാമകീർത്തനം, നാരായണീയ പാരായണം, 8ന് ശ്രീബലി, സേവ വൈകിട്ട് 4ന് തിരുവാതിര, 4.30ന് നൃത്തനൃത്യങ്ങൾ, 5ന് കാഴ്ചശ്രീബലി, വേലകളി. 5.30ന് ഭക്തിഗാനസുധ. 6.30ന് ചുറ്റുവിളക്ക്, ദീപാരാധന, 7ന് അഷ്ടപദിലയം, 8ന് സേവ.10ന് നൃത്തനാടകം ഗരുഡധ്വജൻ, 12ന് കഥകളി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |