
പോത്തൻകോട്: പോത്തൻകോട് മാർക്കറ്റിൽ നിന്ന് വാങ്ങിയ മത്സ്യത്തിൽ പുഴുക്കളെന്ന് പരാതി. ഇന്നലെ രാവിലെ കാട്ടായിക്കോണം മേലേവിള സ്വദേശി ദിവ്യ രാവിലെ വാങ്ങിയ ചൂരമീനിലാണ് പുഴുക്കളെ കണ്ടത്. മീൻ വാങ്ങി വീട്ടിലെത്തി കഴുകാനെടുത്തപ്പോൾ പുഴുക്കൾ ശ്രദ്ധയിൽപ്പെടുകയായിരുന്നു. തിരികെ മാർക്കറ്റിലെത്തി പരാതിപ്പെട്ടത്തോടെ സ്ഥലത്തെത്തിയ പഞ്ചായത്ത് പ്രസിഡന്റ്, ബാക്കിയുണ്ടായിരുന്ന മീനിന്റെ വില്പന തടഞ്ഞു. ആരോഗ്യ വകുപ്പിനെയും ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥരെയും വിവരമറിയിച്ചു. തുടർന്ന് പരിശോധനക്കായി മീനിന്റെ സാമ്പിൾ ശേഖരിച്ചു. വീട്ടമ്മ പോത്തൻകോട് പൊലീസിൽ പരാതി നൽകി. മീനുമായെത്തി പരാതിപ്പെട്ടപ്പോൾ അത് പുഴുവല്ലെന്നും മീനിന്റെ ശരീരത്തിനുള്ളിലെ വിരകളാണെന്നും പറഞ്ഞ് വീട്ടമ്മയെ പിന്തിരിപ്പിക്കാൻ കച്ചവടക്കാർ ശ്രമിച്ചിരുന്നു. പോത്തൻകോട് മാർക്കറ്റിൽ മുമ്പ് പലതവണ ഇത്തരം പരാതികൾ ഉയർന്നിട്ടും പഞ്ചായത്തും ആരോഗ്യ വിഭാഗവും ശക്തമായ നടപടികൾ കൈകൊള്ളാത്തതാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ കാരണമെന്ന് നാട്ടുകാർ ആരോപിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |